Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

അനുഭവങ്ങളില്‍നിന്ന് ചെറിയതെങ്കിലും മഹത്തായ പാഠങ്ങള്‍ പഠിക്കാനാവും.

ചുറ്റുപാടും ഉള്ളവരെ മോശക്കാരനായി ചിത്രീകരിക്കുന്നത് വളരെ എളുപ്പമാണ്. എന്‍റെ അച്ഛന്‍ മദ്യപാനി”, “എന്‍റെ ഭര്‍ത്താവ് ദേഷ്യക്കാരന്‍”, “എന്‍റെ മകന്‍ സ്വഭാവദൂഷ്യമുള്ളവന്‍”, “എന്‍റെ അമ്മായിയമ്മ ഒരു ദുഷ്ട്”. എന്ന് കുടുംബത്തിലുള്ളവരുടെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ ധാരാളം ഉണ്ട്.

നിങ്ങള്‍ ദിവസത്തിലെ മുഴുവന്‍ സമയവും ഏറ്റവും നല്ല രീതിയിലാണോ പെരുമാറിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സാക്ഷിയോടു ചോദിക്കൂ. നിങ്ങള്‍ക്കു സന്തോഷം ഒന്നിലാണെങ്കില്‍ മറ്റൊരാളിനു വേറൊന്നിലാണ്.
അയാള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിക്കൊള്ളട്ടെ എന്നല്ല ഞാന്‍ പറയുന്നത്. അയാളുടെ ശീലങ്ങള്‍ വെച്ചുകൊണ്ട്, അതിന്‍റെ അടിസ്ഥാനത്തില്‍ അയാളോടു പെരുമാറുന്നത് വളരെ മോശമാണ്.
ശങ്കരന്‍പിള്ളയോട് ഒരുവന്‍ ഭിക്ഷയാചിച്ചു. അയാളോടു പിള്ള പറഞ്ഞു “നിനക്കു കാശുതന്നാല്‍ നീ മദ്യപിക്കും”
“അയ്യോ, സത്യമായിട്ടും ഞാന്‍ മദ്യപിക്കില്ല”
“അങ്ങനെയെങ്കില്‍ നീ ചൂതുകളിക്കും”
“എന്‍റെ ജീവിതത്തില്‍ ഞാന്‍ ചൂതുകളിച്ചിട്ടേയില്ല”
‘എങ്കില്‍ സ്ത്രീകളോടു ചപലതയുള്ളവനാണ് അല്ലേ”
“എന്‍റെ അമ്മയാണെ ഞാന്‍ അങ്ങനെ പോയിട്ടില്ല”
ശങ്കരന്‍പിള്ള അല്പമൊന്ന് ആലോചിച്ചിട്ടു പറഞ്ഞു “എന്‍റെ കൂടെ എന്‍റെ വീട്ടിലേക്ക് വരൂ. ഞാന്‍ നൂറു രൂപ നിനക്കു തരാം. ഒരു ചീത്തസ്വഭാവവും ഇല്ലാത്തവന്‍റെ ഗതി എന്താണെന്ന് അവളൊന്ന് അറിയട്ടെ.”
ഇതുപോലെ എത്രയോ പുരുഷന്മാര്‍ അവരുടെ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നില്ല.
അതിന് അവരുടെ കഴിവുകേടോ, അസുഖമോ, അവര്‍ തെരഞ്ഞെടുത്ത ജോലിയോ ചുറ്റുപാടുകളോ ഒക്കെ കാരണമാകാം.

പ്രയോജനം ഉണ്ടെങ്കില്‍ സ്വീകരിക്കുന്നതും അതു കഴിഞ്ഞാല്‍ നിരാകരിക്കുന്നതും കുടുംബത്തിന്‍റെ ലക്ഷണമല്ല. കൊടുക്കല്‍ മേടിക്കല്‍ വ്യാപാരത്തിലാണു നടക്കുന്നത്.,കുടുംബത്തില്‍ അല്ല.
കുടുംബം എന്നാല്‍ എന്താണ്?
അടുപ്പമുള്ള ചിലരെ സ്വന്തമായി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ കുടുംബം. അവരുടെ ജയപരാജയങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച്. അവര്‍ ആരോഗ്യമുള്ളവരായാലും രോഗികളായാലും അവരുമായി അടുപ്പത്തോടെ കഴിയുന്നതാണ് കുടുംബത്തിന്‍റെ ശരിയായ അര്‍ത്ഥം.
സ്വന്തം കുടുംബത്തിലെ ഒരാള്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചാല്‍ അയാളെ രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ?
മുങ്ങല്‍ക്കാര്‍ ധരിക്കുന്ന വസ്ത്രമണിഞ്ഞ് ശങ്കരന്‍പിള്ള പവിഴം കാണാന്‍ കടലിലിറങ്ങി. ഇരുപതടിചെന്നപ്പോഴേക്കും ഒരാള്‍ യാതൊരു വിധമായ സുരക്ഷാഉപകരണങ്ങളുമില്ലാതെ തന്നോടൊപ്പം മുങ്ങുന്നത് കണ്ടു. നാല്‍പതടി ചെന്നപ്പോഴും അറുപതടി ചെന്നപ്പോഴും അയാള്‍ കൂടെയുണ്ട്. അത്ഭുതപരതന്ത്രനായ ശങ്കരന്‍പിള്ള അവനോട് ഓക്സിജന്‍ മാസ്കോ, മറ്റു സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ഇത്രയും ആഴത്തില്‍ എത്താന്‍ തനിക്ക് എങ്ങനെ സാധിച്ചു എന്ന് വെള്ളത്തില്‍ അലിയാത്ത മഷികൊണ്ട് കൈവെള്ളയില്‍ എഴുതിക്കാട്ടി ചോദിച്ചു. മറ്റേയാള്‍ ആ പേന പിടിച്ചുപറിച്ച് ഇങ്ങനെ മറുപടി എഴുതി.
‘ഞാന്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്, വിഡ്ഢി. എന്നെ രക്ഷിക്കാന്‍ ശ്രമിക്കാതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നോ?’

നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒത്തുചേര്‍ന്നുപോകാത്തവരെ നമ്മള്‍ വിഡ്ഢികളായി കാണും. ഇങ്ങനെ നമ്മളേയും വിഡ്ഢികളായി കാണുന്നവര്‍ കുറഞ്ഞത് നൂറുപേരെങ്കിലും ഉണ്ടാവുമെന്നുള്ള സത്യം മറക്കരുത്.

ശങ്കരന്‍പിള്ളയെപ്പോലെ മുങ്ങിത്താഴുന്നവനെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാഴ്ചകാണുന്നവരാണ് നിങ്ങളും കുടുംബത്തില്‍ നിന്നും അകലാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ അയാളെ അകറ്റുന്നു.
പട്ടണത്തിലെ ധനികനായ ഒരു വ്യവസായി എന്നെ കാണാന്‍ വന്നു. “എന്‍റെ അച്ഛന്‍ വിദ്യാഭ്യാസമില്ലാത്ത ഒരു കര്‍ഷകനാണ്. എന്‍റെ സുഹൃത്തുക്കള്‍ വരുമ്പോള്‍ അവരോട് മണ്ടനെപ്പോലെ സംസാരിക്കുന്നു.ഇതെനിക്ക് വലിയ അപമാനമായിരിക്കുന്നു” എന്ന് അച്ഛനെപ്പറ്റി ആക്ഷേപിച്ച് സംസാരിച്ചു.

“നിങ്ങളുടെ മണ്ടന്മാരായ മാതാപിതാക്കളില്‍നിന്ന് ഉത്ഭവിച്ചവനാണ് നിങ്ങള്‍. ആ സത്യം നീ മറന്നുപോയി. ഈ ബീജത്തില്‍നിന്നാണ് ഞാന്‍ പിറന്നത് എന്നു മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്ത നിങ്ങളാണോ മഠയന്‍; നിങ്ങളുടെ പിതാവാണോ? നിങ്ങളെപ്പോലെ ഒരു വിഡ്ഢിക്കു ജന്മം കൊടുത്തതുകൊണ്ട് നിങ്ങളുടെ അച്ഛനും ഒരു മഠയന്‍ തന്നെയാവാനാണ് സാദ്ധ്യത.”

നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒത്തുചേര്‍ന്നുപോകാത്തവരെ നമ്മള്‍ വിഡ്ഢികളായി കാണും. ഇങ്ങനെ നമ്മളേയും വിഡ്ഢികളായി കാണുന്നവര്‍ കുറഞ്ഞത് നൂറുപേരെങ്കിലും ഉണ്ടാവുമെന്നുള്ള സത്യം മറക്കരുത്.

പരീക്ഷയില്‍ തോറ്റ പുത്രനെ വഴക്കുപറയുകയായിരുന്നു ശങ്കരന്‍പിള്ള.
“നിന്‍റെ ബുദ്ധി മരുഭൂമിപോലെയാണ്”

എല്ലാ മരുഭൂമിയിലും ചെറിയ ഒരു മരുപ്പച്ചയെങ്കിലും കാണും.പക്ഷേ എല്ലാ ഒട്ടകങ്ങള്‍ക്കും അത് കാണാനുള്ള കണ്ണും കഴിവും ഉണ്ടാവാറില്ല” മുഖത്തടിച്ചപോലെ മകന്‍ പറഞ്ഞു.
പട്ടണത്തില്‍ വളര്‍ന്ന നിങ്ങള്‍ക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയും. കമ്പ്യൂട്ടര്‍ പോലുള്ള യന്ത്രങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഈ കഴിവുകള്‍ എല്ലാം ഉള്ള താന്‍ ബുദ്ധിമാനാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാവും.
നിങ്ങള്‍ക്ക് ഒരു ഗ്രാമീണനെപ്പോലെ പശുവിനെ കറക്കാനാവുമോ? കലപ്പയേന്തി നിലം ഉഴാന്‍ കഴിയുമോ? ഇതൊന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് നിങ്ങള്‍ മഠയനാണെന്നു പറയാന്‍ പറ്റുമോ?
നിങ്ങള്‍ കൃഷിയെക്കുറിച്ച് ധാരാളം വായിച്ചു പഠിച്ചിട്ടുണ്ടാവും. പക്ഷേ ആ കൃഷിക്കാരന്‍ തന്‍റെ പാഠങ്ങള്‍ കൃഷിഭൂമിയില്‍ നിന്നു തന്നെയാണ് പഠിച്ചത്. ആ അനുഭവപാഠമല്ലേ യഥാര്‍ത്ഥമായ പാഠം. ആഴമായ അനുഭവപാഠമല്ലേ അവര്‍ക്കു ലഭിച്ചത്? സ്വന്തം പുത്രന്‍ തങ്ങളേക്കാള്‍ കേമനാവണം, ഉയരങ്ങളിലെത്തണം എന്നു കരുതി നിങ്ങള്‍ക്കു പട്ടണത്തിലെ വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയ അവരാണോ ബുദ്ധിഹീനന്മാര്‍? അതോ അവരെ മനസ്സിലാക്കാത്ത നിങ്ങളോ?

നിങ്ങളെ ഉയരങ്ങളിലെത്തിച്ച അവരും ഉയരങ്ങളിലെത്തണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരെ മഠയന്മാരായി കാണാതെ അവരോടു സ്നേഹം കാണിക്കണം. നിങ്ങള്‍ക്ക് അറിവുളള കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം.
നിങ്ങള്‍ ഒരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മറ്റൊരാള്‍ മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അത്രതന്നെ.ഇതു ബുദ്ധിസാമര്‍ത്ഥ്യവും അല്ല, മണ്ടത്തരവും അല്ല.
വേറെ ചിലരുണ്ട്. “അയാളോട് എങ്ങനെയാണ് കൂട്ടുകൂടുക. എന്‍റെ നിലയും വിലയും അറിയാതെ മര്യാദയില്ലാതെ പെരുമാറുന്നവന്‍” എന്നു മറ്റൊരാളിനെപ്പറ്റി പരാതി പറഞ്ഞുകൊണ്ടിരിക്കും.
നിങ്ങളുടെ കീഴുദ്യോഗസ്ഥനോ, വീട്ടിലുള്ള ചെറുപ്പക്കാരോ നിങ്ങളെ ബഹുമാനിക്കുന്നില്ല എന്ന് നിങ്ങള്‍ക്കു വിഷമമുണ്ടോ?

ജീവിതത്തില്‍ തുടരെത്തുടരെ കയ്പ്പേറിയ അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഒരു കണക്കിന് നല്ലതാണ്. കാരണം ഈ അനുഭവങ്ങളില്‍നിന്ന് ചെറിയതെങ്കിലും മഹത്തായ പാഠങ്ങള്‍ പഠിക്കാനാവും.

അവരെയല്ല, നിങ്ങളെയാണ് തിരുത്തേണ്ടത്. നിങ്ങളിലെ നിങ്ങള്‍ ഒരു മര്യാദയും ആഗ്രഹിക്കുന്നില്ല എന്ന സത്യം ആദ്യം മനസ്സിലാക്കണം. സ്വയം മര്യാദ എന്നൊന്നില്ല. വെറും ഭാവന മാത്രമാണത്.
മറ്റുള്ളവര്‍ മര്യാദ കാണിക്കണം എന്നു നിങ്ങള്‍ വിചാരിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ. അയാളുടെ ശ്രദ്ധ നിങ്ങളിലേക്കു തിരിയണം എന്ന പ്രതീക്ഷയിലാണ് ആ വിചാരമുണ്ടാകുന്നത്.
നിങ്ങള്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായി അറിഞ്ഞിട്ടില്ല. എന്തോ ഒരു കുറവുണ്ട് എന്നു വിചാരിക്കുന്നു. ആ കുറവു നികത്താന്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടണം എന്ന് ആഗ്രഹിക്കുന്നു. ഇതാണ് സത്യം.
ഒരിക്കല്‍ തന്‍റെ സുഹൃത്തുമായി ടെന്നീസ് കളിക്കുകയായിരുന്നു ശങ്കരന്‍പിള്ള. അപ്പോള്‍ അതുവഴി ഒരു ശവമഞ്ചം കടന്നുപോയി. സുഹൃത്ത് കണ്ണടച്ചു കൈകൂപ്പി ആ ശവഘോഷയാത്ര കടന്നുപോകുന്നതുവരെ മൗനമായി പ്രാര്‍ത്ഥനയോടെ നിന്നു. ഇതു കണ്ടപ്പോല്‍ ശങ്കരന്‍പിള്ളയുടെ മനസ്സ് ആദ്രമായി. ‘മറ്റൊരാളിനോട് നിങ്ങള്‍ കാട്ടുന്ന മര്യാദ കണ്ട് എന്‍റെ മനസ്സ് ഉരുകിപ്പോയി” എന്നു പറഞ്ഞു.
‘മുപ്പതു വര്‍ഷം കൂടെ ജീവിച്ചവളോട് ഇതെങ്കിലും കാട്ടണ്ടേ” എന്നു പറഞ്ഞ് അയാള്‍ കളി തുടര്‍ന്നു.
ഇത്തരത്തിലുള്ള മര്യാദയാണോ നിങ്ങള്‍ക്കു വേണ്ടത്.അധികാരമോ, സ്നേഹമോ കാട്ടി മര്യാദ വാങ്ങുന്നത് ഭിക്ഷ യാചിക്കുന്നതിനു തുല്യമാണ്. ഭക്ഷണത്തിനുവേണ്ടി യാചിക്കാം. പക്ഷേ മര്യാദ കിട്ടാന്‍ യാചിക്കരുത്.
ഇന്നു നിങ്ങളോട് വളരെയേറെ ബഹുമാനം കാട്ടുന്നവര്‍ നാളെ നിങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നു വരാം.അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ക്കു മനോവേദനയുണ്ടായാല്‍ തെറ്റ് നിങ്ങളുടേതാണ്.
തനിക്ക് എന്തോ ഒരു കുറവുണ്ട് എന്ന തോന്നല്‍ വരുമ്പോഴാണ് ആ കുറവു നികത്താന്‍ മറ്റുള്ളവന്‍റെ ബഹുമാനം മനസ്സ് ആഗ്രഹിക്കുന്നത്. ആ ബഹുമാനം കിട്ടാതെ വരുമ്പോള്‍ മനസ്സ് തകരുന്നു.
അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്? കുറവുകള്‍ പരിഹരിച്ച്, സ്വയം പൂര്‍ണ്ണത കൈവരിക്കണം. അല്ലാതെ മര്യാദയ്ക്കുവേണ്ടി കൈനീട്ടുകയല്ല വേണ്ടത്.

ജീവിതത്തില്‍ തുടരെത്തുടരെ കയ്പ്പേറിയ അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഒരു കണക്കിന് നല്ലതാണ്. കാരണം ഈ അനുഭവങ്ങളില്‍നിന്ന് ചെറിയതെങ്കിലും മഹത്തായ പാഠങ്ങള്‍ പഠിക്കാനാവും.
ഈ അനുഭവപാഠങ്ങള്‍ ലഭിക്കാന്‍ താമസം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ജീവിതവും പാഴായിക്കൊണ്ടിരിക്കും. വിധി, സ്വാഭിമാനം, ആത്മരോഷം, തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞ്, അനുഭവങ്ങളെ പഴിക്കുന്ന ആ രീതി നിര്‍ത്തുന്നതുവരെ നിങ്ങള്‍ യഥാര്‍ത്ഥ ആനന്ദത്തിന്‍റെ സുഖം അറിയുകയില്ല. എല്ലാ അനുഭവങ്ങള്‍ക്കും കാരണം നിങ്ങള്‍തന്നെ, നിങ്ങള്‍മാത്രം.

ഈ പരമസത്യം അനുഭവിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ ജീവിതം ആനന്ദമാക്കുന്നത് എങ്ങനെ എന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. ആ പാതയിലൂടെ മുന്നോട്ടു ഗമിക്കാനും നിങ്ങള്‍ക്ക് കഴിയും.

Leave A Reply

Your email address will not be published.