അരുണിന്റെ ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നതിനു വേണ്ടി വിക്ടോറിയൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചു …
മെല്‍ബണില്‍ മലയാളിയായ സാം എബ്രാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ സാമും കാമുകന് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 21 നു ജൂറി വിധിച്ചിരുന്നു. അരുണിന്റെ ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നതിനു വേണ്ടിയാണ് വിക്ടോറിയൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചത്.
നിരവധി മാനസിക പ്രശനങ്ങൾ ഉള്ള വ്യക്തിയാണ് അരുണെന്ന് അരുണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് തെളിയിക്കാനായി ഇന്ത്യയിലും ഓസ്ട്രേലിയയിലും ഉള്ള മാനസിക രോഗ വിദഗ്ധരുടെ റിപ്പോർട്ടുകളും രേഖകളും കോടതിയിൽ ഹാജരാക്കി. ആത്മഹത്യ പ്രവണതയും ഉത്കണ്ഠയും വിഷാദരോഗവും ഉള്ളയാളാണ് അരുണെന്നും റിമാൻഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അരുൺ സൈക്യാട്രിക് വാർഡിൽ ആണ് കഴിഞ്ഞിരുന്നതെന്നും അരുണിന് വേണ്ടി ഹാജരായ ബാരിസ്റ്റർ ടെഹാൻ QC ചൂണ്ടിക്കാട്ടി.
മാത്രമല്ല ഏറെ നാളായി അരുൺ തന്റെ ഭാര്യയിൽ നിന്നും നാല് വയസ്സുകാരനായ മകനിൽ നിന്നും പിരിഞ്ഞു കഴിയുകയാണ്. കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ സന്ദർശിക്കാൻ സാധിക്കില്ല. ഇത് മൂലം അരുണിന് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.
കൂടാതെ ജയിലിൽ ആയിരിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളിലൊന്നും ഏർപ്പെടാതെ നിരവധി പഠനങ്ങൾ അരുൺ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അരുണിന് ശിക്ഷ കുറച്ചു നല്‍കണം എന്നാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്.