ഇന്ത്യന്‍ ജീവനക്കാരിയുടെ പേര് മാറ്റി ഐറിഷ് പേരാക്കാന്‍ ആവശ്യപ്പെട്ട കമ്പനിയുടമ നഷ്ടപരിഹാരം നല്കാന് വിധി
ഡബ്ലിന്‍:അയര്‍ലണ്ടിലെ മെഡിക്കല്‍ റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ഇന്ത്യന്‍ കണ്സല്ട്ടന്റ്റിനെ സ്ഥാപനമേധാവി വ്യക്തിപരമായി അപമാനിച്ചെന്നും വംശീയമായി ആക്ഷേപിച്ചെന്നും,അന്യായമായി പീഡിപ്പിച്ചെന്നും ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരിയ്ക്ക് 11000 യൂറോ നഷ്ടപരിഹാരം നല്കാന് വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന് ഉത്തരവിട്ടു.
മെഡിക്കല്‍ ഏജന്‍സിയിലെ തന്റെ ജോലിസമയത്ത് മാനേജര്‍ തന്നോട് വിവേചനം കാട്ടിയെന്നും,ഇംഗ്ളീഷ് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിപ്പെട്ട കണ്സല്ട്ടന്ട് അവളുടെ ഇന്ത്യന്‍ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അനാദരവ് നിറഞ്ഞ സംസാരത്തിലൂടെ മാനേജര്‍ തന്നെയും തന്റെ രാജ്യത്തെയും അപമാനിച്ചെന്നും ആരോപിച്ചു.
കണ്സല്ട്ടന്റ്റിന്റെ ഇന്ത്യന്‍ പേര് മാറ്റി പകരം ഒരു ഐറിഷ് പേര് കാത്തിടപാടുകളില്‍ ഉപയോഗിക്കാനും സ്ഥാപനത്തിന്റെ മാനേജര്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
2017 ആദ്യമാസം കണ്‍സല്‍ട്ടന്റായി ജോലിയ്ക്ക് കയറിയ ഇവര്‍ ആദ്യ ഒരു മാസത്തിനുള്ളില്‍ തന്നെ കമ്പനിയ്ക്ക് വേണ്ടി നൂറോളം ജീവനക്കാരുടെ ഡേറ്റബേസ് സംഘടിപ്പിച്ചു കൊടുക്കുകയും,അത് കമ്പനി എച്ച് എസ് ഇ യ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തുവത്രേ.
2017 മേയ് മാസം വരെ മാത്രമാണ് ഇവര്‍ക്ക് അയര്‍ലണ്ടില്‍ വിസ ഉണ്ടായിരുന്നത്.ആദ്യ മാസത്തെ മികച്ച പെര്‍ഫോമന്‍സിന് ശേഷവും കമ്പനി എംഡി തന്നോട് ജോലിയില്‍ കൂടുതല്‍ റിസള്‍ട്ട് ഉണ്ടാക്കണമെന്നും,ഇംഗ്ളീഷ് ഉച്ചാരണരീതി കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടെന്ന് പരാതിപ്പെട്ടു.ഇന്ത്യക്കാര്‍ എഴുതുന്നത് പോലെയല്ല,ഐറിഷ്കാര്‍ എഴുതുന്നതുപോലെ ഇമെയിലുകള്‍ അയക്കണമെന്നും എം ഡി ആവശ്യപ്പെട്ടു.ഇതൊക്കെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും,താന്‍ ഏറ്റവും നല്ല രീതിയില്‍ തന്നെയാണ് ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്നതെന്നും യുവതി വാദിച്ചു.
വിസ കാലാവധി തീരും മുമ്പേ യുവതിയ്ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്കിയ കമ്പനിയ്ക്കെതിരെ താന്‍ വംശീയമായ കാരണങ്ങളാലാണ് ഒഴിവാക്കപ്പെട്ടത് എന്ന പരാതിയാണ് ഇവര്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന് സമര്‍പ്പിച്ചത്.
എന്നാല്‍ കമ്പനി നല്കിയ വിശദീകരണത്തെ തുടര്‍ന്ന് ഇവരെ രാജ്യത്തിന്റെ പേരിലും വംശീയമായും അധിക്ഷേപിച്ചെന്ന ആരോപണങ്ങളെ വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന് തള്ളിക്കളഞ്ഞു.എന്നാല്‍ കണ്സല്ട്ടന്റിനോട് തൊഴിലുടമ അനീതി പ്രവര്‍ത്തിച്ചെന്നും,ക്രൂരമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയ കമ്മീഷന് ഇവരുടെ ആറ് മാസത്തെ ശമ്പളത്തിന് തുല്യമായ 11000 യൂറോ നഷ്ടപരിഹാരം നല്കാന് റിക്രൂട്ട് മെന്റ് കമ്പനിയോട് ആവശ്യപ്പെട്ടുകയായിരുന്നു.