ഇറാനുമായുള്ള ആണവകരാറിൽനിന്ന് യുഎസ് പിന്മാറി
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറുന്നു. ഇതു സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ പ്രഖ്യാപനം നടത്തി. ട്രംപിന്റെ തീരുമാനത്തെ ഇറാനും കരാറിൽ പങ്കാളികളായ മറ്റു രാജ്യങ്ങളും വിമർശിച്ചു. തങ്ങൾ കരാറിൽ ഉറച്ചുനിൽക്കുമെന്നാണു മറ്റു രാജ്യങ്ങൾ പറഞ്ഞത്.
മൂന്നുമാസത്തിനുശേഷം ഇറാനു യുഎസ് സാന്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. 2015 -ലാണു വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇറാനുമായി കരാർ ഉണ്ടായത്. ഇറാനുമായുള്ള സാന്പത്തിക-വാണിജ്യ ഇടപാടുകൾ യുഎസ് വിലക്കും. ആ വിലക്കു മറികടക്കാൻ മറ്റു രാജ്യങ്ങളും കന്പനികളും ധൈര്യപ്പെടില്ലെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ തീരുമാനം ഇറാനു താത്കാലിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഇറാൻ വക്താക്കൾ അറിയിച്ചു. എങ്കിലും ഉപരോധത്തെ മറികടന്നു രാജ്യം മുന്നേറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു.
നേരത്തേ ഇറാന്റെ എണ്ണ കയറ്റുമതി പ്രയോഗത്തിൽ അസാധ്യമാക്കിയ ഉപരോധത്തിലൂടെയാണ് ഇറാനെ ചർച്ചാമേശയിലേക്കു നയിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവയും കരാറിൽ പങ്കാളികളാണ്. മൂന്നിടത്തെയും ഭരണകർത്താക്കൾ വാഷിംഗ്ടണിലെത്തി ട്രംപുമായി ചർച്ച ചെയ്തിരുന്നു. റഷ്യയും ചൈനയുമാണു കരാറിലെ മറ്റു കക്ഷികൾ.