Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഏകാന്തതയുടെ സഹയാത്രികര്‍

രജീഷ് സനാതനൻ
മാറുകയാണ്‌ നമ്മള്‍ കേരളീയര്‍. നമ്മുടെ ചിന്തകളും വാക്കുകളും ഒക്കെ മാറുകയാണ്. ഒന്നിനെ പറ്റിയും ആലോചിച്ചു വ്യാകുലപ്പെടാനോ പുനര്‍ചിന്തനം നടത്താനോ ഒന്നും നമുക്കു സമയമില്ലാതായിരിക്കുന്നു. എന്തിനൊക്കെയോ വേണ്ടി ഉള്ള പരക്കം പാച്ചിലില്‍ ആണ് നമ്മള്‍. ഈ വ്യഗ്രതയില്‍ ബന്ധങ്ങളുടെ വില പോലും നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു. നാട്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ആണല്ലോ ഞാന്‍ ഉള്‍പ്പെടുന്ന ഈ പുതു തലമുറ…

ഈ തലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകം എന്താണെന്നു ചോദിച്ചാല്‍ “പരിഷ്കാര ഭ്രമം” ആണെന്നാകും ഉത്തരം. മുന്‍പ് വസ്ത്രങ്ങളിലും ആഡംബരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പരിഷ്കാര ഭ്രാന്ത് ഇപ്പോള്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പോറ്റി വളര്‍ത്തിയ അച്ഛനെയും അമ്മയെയും അവരുടെ ജീവിതത്തിന്റെ സായന്തനങ്ങളില്‍ വൃദ്ധ സദനങ്ങളുടെ ഇടനാഴിയിലേക്ക് തള്ളുന്നതില്‍ വരെ എത്തി നില്‍ക്കുന്നു നമ്മുടെ നൂതന ചിന്ത. അഭിമാനിക്കാം….തീര്‍ച്ചയായും അഭിമാനിക്കാം..ഓരോ മലയാളിക്കും.

മുത്തശ്ശി കഥകള്‍ നറുനിലാവുതെളിച്ച ഒരുപാട് സന്ധ്യകളുണ്ടായിരുന്നു മുൻപ് മലയാളിക്ക്‌. വളര്‍ച്ചയുടെ ഓരോ പടവിലും അച്ഛനേക്കാളും അമ്മയെക്കാളും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന നിറ സാന്നിധ്യവും വീട്ടിലെ മുതിര്‍ന്നവരായിരുന്നു.കുട്ടികളുടെ ഏതുപ്രശ്നങ്ങളും ഒരു സുഹൃത്തിനോടെന്നപോലെ അവരുടെ മുത്തച്ഛനോടും മുത്തശ്ശിയൊടും തുറന്നു പറയുവാൻ കഴിഞ്ഞിരുന്നു. കാരണം ഏതു പ്രശ്നങ്ങളെയും സമചിത്തതയൊടെ നേരിടാനുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ടായിരുന്നു.വിശ്വാസപൂര്‍‌വ്വം ആശ്രയിക്കാവുന്ന വഴിവിളക്കുകളായിരുന്നു അവര്‍.

പക്ഷെ ഇന്നത്തെ തലമുറക്കു എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇപ്പൊള്‍ അവരുടെ നാവുകള്‍ക്ക‌്‌ മുത്തശ്ശി വിളമ്പിയ ഭക്ഷണത്തിന്റെ സ്വാദ് അറിയില്ല. മുടിയിഴകള്‍ക്കു ആ തലോടലിന്റെ ഊഷ്മളതയും അറിയില്ല.ആ വാത്സല്യം അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.നഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാള്‍ നിഷേധിച്ചു എന്നു പറയുന്നതല്ലേ ശരി?

എന്തൊക്കെയോ വെട്ടിപ്പിടിക്കാനൊ കീഴടക്കാനൊ ഉള്ള വ്യഗ്രത ഓരൊ മലയാളിയേയും വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.ബന്ധങ്ങളുടെ വില തന്നെ നാം മറന്നു തുടങ്ങിയിരിക്കുന്നു.എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് നാം . ഈ ഇല്ലാത്ത മേനി നടിക്കാന്‍ നമ്മെ ആരാണ്‌ പഠിപ്പിച്ച് തന്നത്‌? ഈ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളായി നമ്മുടെ ഈ കൊച്ചു കേരളത്തിലും വൃദ്ധമന്ദിരങ്ങള്‍ ഉയരുകയാണ്.

ഒരു ജന്മം മുഴുവനും സ്വന്തം മക്കള്‍ക്കുവേണ്ടി ഉരുകി തീര്‍ന്ന മാതാപിതാക്കള്‍ അവരുടെ ജീവിതസായാഹ്നത്തില്‍ മക്കള്‍ക്ക് ബാദ്ധ്യതയാകുന്നു.ഒരു ജീവിതകാലം മുഴുവന്‍ അവര്‍ നല്കിയ സ്നേഹത്തിന്റെ ഒരംശം പോലും തിരികെ നല്കാനൊ അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചുകൊടുക്കാനോ എന്താണ്‌ നമുക്കു കഴിയാത്തത് ? എന്തൊക്കെയോ കാല്ക്കീഴിലാക്കാന്‍ വെറികൊണ്ട് നടക്കുന്ന നമുക്ക് ഈ വൃദ്ധനൊമ്പരങ്ങള്‍ കാണാന്‍ എവിടെയാണ്‌ സമയം? മക്കള്‍ പണിതുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങളുടെ കാവല്‍നായ്‌ക്കളായൊ, അല്ലെങ്കില്‍ സ്നേഹിച്ചു വളര്‍ത്തിയ മക്കളാല്‍ അനാഥാലയങ്ങളുടെയും വൃദ്ധമന്ദിരങ്ങളുടെയും ഏകാന്ത ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു കേരളത്തിന്റെ നിര്‍ഭാഗ്യരായ മുതിര്‍ന്ന തലമുറ.

അവരുടെ സ്നേഹത്തിന്റെ ആഴവും അവരനുഭവിക്കുന്ന അവഗണനയുടെ വേദനയും മനസ്സിലാകണമെങ്കില്‍ നമുക്കും ആ അവസ്ഥ ഉണ്ടാകണം. ഉണ്ടാകും. കാരണം വിതയ്ക്കുന്നതേ നമ്മള്‍ കൊയ്യൂ. മാതാപിതാക്കളെ തുരുങ്കിലടച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്‌ ഇതൊക്കെ തന്നെയല്ലെ? നമ്മെ കണ്ടു പഠിക്കുന്ന തലമുറയില്‍ നിന്നും ഇതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള എന്തു ധാർമ്മിക അവകാശമാണ് നമുക്കുള്ളത്‌? ഇല്ല. ഒന്നുമില്ല.

വിജയങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള വ്യഗ്രതയില്‍ വൃദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടലിന്റെ വേദനയിലേക്കു തള്ളിവിടുന്നവര്‍ ഒന്നോർക്കുക… “വാര്‍ദ്ധക്യമാകുന്ന കരിമ്പടം “. കാലം അത്‌ നാളെ നിങ്ങളേയും പുതപ്പിക്കും.

രജീഷ് സനാതനൻ

Leave A Reply

Your email address will not be published.