ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹിയിലും യുപി അതിർത്തി പ്രദേശമായ ഗുരുഗ്രാമിലും തിങ്കളാഴ്ച അർധരാത്രിയോടെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് വീശിയിരുന്നു.
കേരളവും തമിഴ്നാടും ഉൾപ്പടെ 20 സംസ്ഥാനങ്ങൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നാണു മുന്നറിയിപ്പ്. ഡൽഹിയിലും ഹരിയാനയിലും മിക്ക സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു.