നൈജീരിയയില്‍ വീണ്ടും ബൊക്കോ ഹറാം ആക്രമണം; 15 പേർ കൊല്ലപ്പെട്ടു
അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി നഗരത്തിൽ ബൊക്കോ ഹറാം ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ അടക്കം 15 പേർ കൊല്ലപ്പെട്ടു. 83 പേർക്കു പരിക്കേറ്റു. ഏറ്റുമുട്ടലിൽ 13 ഭീകരരെ വധിച്ചതായി സൈനിക വക്താവ് പറഞ്ഞു.
നൈജീരിയൻ സർക്കാർ ബൊക്കോ ഹറാമുമായി സമാധാന ചർച്ചകൾ ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഞായറാഴ്ച രാത്രിയോടെ നഗരത്തിലേക്കു പ്രവേശിക്കാൻ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. ഭീകരരും സൈന്യവും തമ്മിൽ വെടിവയ്പും നടന്നു.
2009നുശേഷം വടക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തുടര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ബൊക്കോ ഹറാമിന്റെ ആക്രമണത്തിൽ ഇതുവരെ 20,000 പേർ കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷൻ, സ്കൂള്‍, പള്ളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണങ്ങൾ.