തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭീഷണി നേരിട്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടില്‍ തൂങ്ങിമരിച്ചത്. തലേന്ന് അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാന്‍ വിരുന്നിനെത്തിയതായിരുന്നു. അവര്‍ പിറ്റേദിവസം വീട്ടിലേക്കു തിരിച്ചു പോയിട്ടും അനഘ അമ്മവീട്ടില്‍ തങ്ങുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര്‍ ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊെബെല്‍ ഫോണിന്റെ വോയ്‌സ് റെക്കോഡറില്‍ രേഖപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. തൃശൂര്‍ ചെമ്ബൂക്കാവില്‍ അക്കൗണ്ടന്‍സി കോഴ്‌സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അനഘ. ഒപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് എതിര്‍ത്തതും ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച്‌ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചതുമാണ് അനഘയോട് െവെരാഗ്യമുണ്ടാകാന്‍ കാരണം. ഇതിന്റെ പേരില്‍ ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

പ്രണയത്തിലായിരുന്ന സഹപാഠികള്‍ രജിസ്റ്റര്‍ വിവാഹംചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുമെന്നും അനഘ സൂചിപ്പിച്ചിരുന്നു. മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.