ജോലിയില്‍നിന്ന് വിരമിച്ചവരും വീട്ടമ്മമാരും മാസ വരുമാനത്തിനുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നവരാണ്. കൈയിലുള്ള തുക എവിടെയെങ്കിലും നിക്ഷേപിച്ച് അതില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിതച്ചെലവ് നടത്താനായി മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന ഇവരുടെ പ്രധാന ആഗ്രഹം മുതല്‍ സുരക്ഷിതമായിരിക്കണം എന്നാണ്. ഒപ്പം നിക്ഷേപത്തില്‍നിന്ന് പരമാവധി ലാഭം കിട്ടുകയും വേണം.
മുതല്‍ ഏറ്റവും സുരക്ഷിതമാക്കിക്കൊണ്ട് നിക്ഷേപം നടത്തിയാല്‍ കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ലാഭം ബാങ്ക് പലിശ നിരക്കാണ്. അതിനെക്കാള്‍ പലിശ നിരക്ക് കൂടുതല്‍ തരുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും മുതലിന്റെ സുരക്ഷിതത്വം കുറഞ്ഞുകൊണ്ടിരിക്കും. ലാഭം എത്ര കൂടുന്നുവോ മുതലിന്റെ സുരക്ഷിതത്വം അതിനനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കും എന്ന കാര്യം മറക്കരുത്. മാസ വരുമാനത്തിന് ആശ്രയിക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. ഇവയില്‍ നിന്നുള്ള പലിശ വരുമാനം ‘ഇന്‍കം ഫ്രം അദര്‍ സോഴ്സസ്’ എന്ന വിഭാഗത്തില്‍ പെടുത്തി നികുതി ഈടാക്കും.
ബാങ്ക് സ്ഥിരനിക്ഷേപം
എല്ലാവരും വ്യാപകമായി ആശ്രയിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. ബാങ്കില്‍ സ്ഥിരനിക്ഷേപം ഇടുക. അതിന്റെ പലിശ മാസാമാസം സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക. അത് പിന്‍വലിച്ച് ചെലവ് നടത്തുക. വളരെ ലളിതവും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗമാണിത്. പക്ഷേ പലിശ വളരെ കുറവായിരിക്കും എന്നുമാത്രം. രണ്ടു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.75-7 ശതമാനമാണ് പരമാവധി ബാങ്ക് പലിശ നിരക്ക്. അഞ്ച് ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടാല്‍ പ്രതിമാസം 2,797 രൂപയോളം പലിശയായി ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ പേരിലാണ് നിക്ഷേപമെങ്കില്‍ അര ശതമാനം കൂടുതല്‍ പലിശ ലഭിക്കുമെന്ന നേട്ടമുണ്ട്.
പോസ്റ്റോഫീസ് മന്ത്ലി ഇന്‍കം സ്കീം
ഈ നിക്ഷേപത്തിന് ജനുവരി ഒന്നുമുതല്‍ 7.3 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. നിലവില്‍ മുതല്‍ ഏറ്റവും സുരക്ഷിതവും അതേസമയം ഏറ്റവും ഉയര്‍ന്ന പലിശയും നല്കുന്ന രാജ്യത്തെ ഏക നിക്ഷേപ മാര്‍ഗമാണിത്. നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരാണ് ഗാരന്റി.
ചുരുങ്ങിയത് 1,500 രൂപയും പരമാവധി 4.5 ലക്ഷം രൂപയും ഇതില്‍ നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങുന്നത് ജോയിന്റായിട്ടാണ് എങ്കില്‍ ഒമ്പതു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങേണ്ടത് പോസ്റ്റോഫീസിലാണ്. പരമാവധി അഞ്ചുവര്‍ഷമാണ് ഒരു അക്കൗണ്ടിന്റെ കാലാവധി. പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കാണ് പലിശ മാസാമാസം ക്രെഡിറ്റ് ചെയ്യുന്നത്. ഇത് പിന്‍വലിച്ച് മാസ വരുമാനമായി ഉപയോഗിക്കാം. നാലു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 2,433 രൂപ ലഭിക്കും.
മ്യൂച്വല്‍ ഫണ്ടുകളിലെ മന്ത്ലി ഇന്‍കം പ്ലാന്‍
മുതല്‍ പരമാവധി സുരക്ഷിതമാക്കാന്‍ പരിശ്രമിച്ചുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ലാഭം നല്കാന് പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇത്. നിക്ഷേപകര്‍ നല്കുന്ന പണം ബോണ്ട്, കടപ്പത്രം, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് ലാഭം നല്‍കുകയാണ് ഇവ ചെയ്യുന്നത്. ചില ഫണ്ടുകള്‍ നിക്ഷേപ തുകയുടെ 95 ശതമാനവും ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ച് ബാക്കി അഞ്ചു ശതമാനം ഓഹരികളില്‍ നിക്ഷേപിക്കും. മറ്റു ചില ഫണ്ടുകള്‍ നിക്ഷേപ തുകയുടെ 75 ശതമാനം ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ച് ബാക്കി 25 ശതമാനം ഓഹരികളില്‍ നിക്ഷേപിക്കും. ഇവയ്ക്കു പുറമെ ചെറിയ തുക സ്വര്‍ണത്തിലും നിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്.
മാസ വരുമാനം ഉറപ്പായും വേണമെന്നുള്ളവര്‍ ഓഹരിയില്‍ ഏറ്റവും കുറവ് നിക്ഷേപം നടത്തുന്ന ഫണ്ട് തിരഞ്ഞെടുക്കുക. അതായത് അഞ്ചു മുതല്‍ 10 ശതമാനം വരെ മാത്രം ഓഹരി നിക്ഷേപമുള്ള ഫണ്ടുകള്‍. അല്‍പ്പം റിസ്ക് എടുക്കാന്‍ താത്പര്യമുള്ളവരാണെങ്കില്‍ പരമാവധി 15 ശതമാനം വരെ ഓഹരി നിക്ഷേപമുള്ള ഫണ്ടുകളില്‍ ചേരാം. ഉയര്‍ന്ന റിസ്ക് എടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മാത്രമേ അതില്‍ കൂടുതല്‍ ഓഹരി നിക്ഷേപമുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാവൂ. വാങ്ങുന്ന ഫണ്ടിന്റെ യൂണിറ്റ് വിലയുടെ നിശ്ചിത ശതമാനം ഡിവിഡന്റായാണ് ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ മാസ വരുമാനം നല്‍കുന്നത്. എല്ലാ മാസവും ഡിവിഡന്റ് നല്‍കിക്കൊള്ളണം എന്നില്ല. ഫണ്ട് ലാഭം ഉണ്ടാക്കുന്നുവെങ്കില്‍ മാത്രമേ ഡിവിഡന്റ് നല്‍കുകയുള്ളൂ. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം തുടര്‍ച്ചയായി 10 ശതമാനം വരെ ഡിവിഡന്റ് നല്കിയ ഫണ്ടുകളുണ്ട്.