ആലപ്പുഴ: ജറുസലേമിന്റെ തെരുവിലൂടെ, ഒലിവിൻ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവർക്കിടയിലൂടെ കഴുതപ്പുറത്ത് യേശുക്രിസ്തു നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓർമയിൽ വിശ്വാസിസാഗരം ഓശാനത്തിരുനാൾ ആഘോഷിച്ചു. നിസാരമായതിനെ പോലും ദൈവിക സാന്നിധ്യം അമൂല്യമായി ഉയർത്തുന്നുവെന്ന് ഓർമിപ്പിച്ച് ദേവാലയങ്ങളിൽ ഓശാനആഘോഷം നടന്നു. ഇതോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ഉയിർപ്പു തിരുനാൾ ഒരുക്ക കണ്‍വെൻഷനുകളും ആരംഭിച്ചു.
ചന്പക്കുളം കല്ലൂർക്കാട് ബസിലിക്കയിൽ രാവിലെ ആറിനു നടന്ന കുരുത്തോല വെഞ്ചരിപ്പിനു ശേഷം വിശുദ്ധ കുർബാനയും അരങ്ങേറി. ദേശീയ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ പുലർച്ചെ തന്നെ പ്രാർഥാനാ ജപങ്ങളുമായി വിശ്വാസികൾ പള്ളിയങ്കണത്തിലേക്കെത്തി. രാവിലെ ആറിന് സെന്റ് ആന്റണീസ് ചാപ്പലിൽ കുരുത്തോല വെഞ്ചരിപ്പ് നടന്നു. തുടർന്ന് കൈകളിൽ കുരുത്തോലകളുമേന്തി ദാവീദിൻ പുത്രന് ഓശാന പാടി വികാരി റവ. ഡോ. ഫ്രാൻസീസ് കുരിശിങ്കലിന്റെ നേതൃത്വത്തിൽ ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണമായി നീങ്ങി. തുടർന്ന് ദിവ്യബലിയും അരങ്ങേറി. തുന്പോളി സെന്റ് തോമസ് മരിയൻ തീർഥാടന കേന്ദ്രത്തിലും വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ ആറിന് പടിഞ്ഞാറെ കുരിശടിയിൽ കുരുത്തോല വെഞ്ചരിപ്പ് നടന്നു. തുടർന്ന് പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയും അരങ്ങേറി. വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് തുന്പോളി പള്ളിയിൽ ഇന്നു പാപപരിഹാര യാത്രയും നടന്നു. കർത്താവിന്റെ പീഡാസഹന യാത്രയുടെ ഓർമയ്ക്കായി 14 പാപപരിഹാര വഴികളിലൂടെ പാട്ടും പ്രാർഥനകളുമായാണ് പീഡാസഹന യാത്ര നടന്നത്.
തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ ഓശാന ഞായർ ആഘോഷത്തിനൊപ്പം ഉയിർപ്പു തിരുനാൾ ഒരുക്ക കണ്‍വെൻഷനും ആരംഭിച്ചു. രാവിലെ ആറിനു സപ്രയ്ക്കു ശേഷം ഓശാന തിരുക്കർമങ്ങൾ ആരംഭിച്ചു. പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ രാവിലെ ആറരയ്ക്കായിരുന്നു കുരുത്തോല വെഞ്ചരിപ്പ്. തുടർന്ന് പ്രദക്ഷിണവും. വൈകുന്നേരം കുരിശിന്റെ വഴിയും അരങ്ങേറി. ആലപ്പുഴ ഒൗവർ ലേഡി മൗണ്ട് കാർമൽ കത്തീഡ്രലിൽ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് രാവിലെ ആറരയ്ക്ക് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെയും സഹായമത്രൊൻ ഡോ. ജയിംസ് റാഫേൽ ആനാപറന്പിലിന്റെയും കാർമികത്വത്തിൽ കുരുത്തോല വെഞ്ചരിപ്പ് ചടങ്ങുകളും ഏഴിന് ആഘോഷമായ ദിവ്യബലിയും നടന്നു.