ഷവോമി ‘പാവങ്ങളുടെ ഐഫോണ്‍ X’ ന്റെ പണിപ്പുരയിൽ, അത്യുഗ്രൻ ഡിസ്പ്ലെ!
ആപ്പിളിന്റെ ഐഫോണ്‍ X ഇത്രമാത്രം ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥിതിക്ക് അനുകരണങ്ങള്‍ ഉണ്ടായില്ലെങ്കിലല്ലെ അദ്ഭുതമുള്ളൂ? ഓണ്‍ലൈനിലെത്തിയ ഫോട്ടോയെ വിശ്വസിക്കാമെങ്കില്‍ ചൈനീസ് കമ്പനിയായ ഷവോമി ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുംവിധം വിളുമ്പില്ലാത്ത സ്ക്രീനുള്ള ഫോണിന്റെ പണിപ്പുരയിലാണെന്നാണ് അറിയുന്നത്.
Mi MIX ശ്രേണിയിലെ അടുത്ത ഫോണായിരിക്കും ഇതെന്നാണ് കരുതുന്നത്. ഇപ്പോള്‍ വിപണിയിലുള്ള വിളുമ്പില്ലാത്ത ഡിസ്പ്ലെയുള്ള Mi MIX 2 ന്റെ പിന്തുടര്ച്ചയായി Mi MIX 2s എന്നപേരില്‍ പുറത്തിറക്കിയേക്കാവുന്ന ഫോണായിരിക്കും ഇതെന്നു പറയുന്നു. ഐഫോണ്‍ Xലെ പോലെ, ഡിസ്പ്ലെയ്ക്കുള്ളിലേക്കു തള്ളിയിറങ്ങിയ ഭാഗത്താണ് ഇയര്‍പീസും സെന്‍സറുകളും മുന്‍ക്യാമറാ സിസ്റ്റവും ഉറപ്പിക്കുകയെന്നു പറയുന്നു. ഈ ഹാന്‍ഡ്സെറ്റിനെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.
ഡിസ്പ്ലെയ്ക്കുള്ളിലേക്കുള്ള തള്ളിയിറങ്ങല് ഇല്ലാതെ വിളുമ്പില്ലാത്ത സ്ക്രീന്‍ Mi MIX ല്‍ സൃഷ്ടിച്ചെന്ന് അഭിമാനംകൊണ്ടു നടന്നിരുന്ന ഷവോമി ഇപ്പോള്‍ ഇതെന്തിനു ചെയ്തുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാല്‍, ആപ്പിളിനെ അനുകരിച്ചിരുന്ന കമ്പനിയില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനാണെന്നാണ് മറുചോദ്യവും ഉയരുന്നുണ്ട്.
ഐഫോണ്‍ X, സാംസങ് ഗ്യാലക്സി S8, ഇസെന്‍ഷ്യല്‍ തുടങ്ങിയ മുന്തിയ ഹാന്‍ഡ്സെറ്റുകള്‍ വിളുമ്പില്ലാത്ത ഡിസ്പ്ലെയ്ക്ക് ഊന്നല്‍ നല്കുന്നതിനാല് മിക്ക കമ്പനികളും അതനുകരിക്കാനേ സാധ്യതയുള്ളൂ എന്നതിനാല്‍ ഇനിയും ഇത്തരം ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ പ്രതീക്ഷിക്കാം.
അഭ്യൂഹങ്ങള്‍ തെറ്റിപ്പോയ ചരിത്രമുള്ളതിനാല്‍ ഈ കേട്ടുകേള്‍വി പൂര്‍ണ്ണമായും വിശ്വസിക്കേണ്ടതില്ല. ഷവോമിയുടെ Mi MIX 2 സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ ലഭ്യമാണ്. 5.99 ഇഞ്ച് വലിപ്പവും ഫുള്‍ എച്ച്ഡിയ്ക്കു മുകളില്‍ (1080×2160) റെസലൂഷനുള്ള സ്ക്രീനുമായി ഇറങ്ങിയ ഈ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത് 35,999 രൂപയക്കാണ്.