Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സിന്ധു സുഭാഷിന്റ പ്രണയകഥ ‘മോഹഭംഗം’ സോഷ്യൽ മീഡിയിൽ ഹിറ്റ്‌

അന്നും ഗേറ്റുകടന്ന് വാകമര പടർപ്പിനിടയിലൂടെ ലക്ഷ്മിയോടൊപ്പം ഓഫിസിലേക്ക് നടക്കുമ്പോഴും അവൾ ഇടംകണ്ണിട്ട് നോക്കി. ഇന്നും അയാൾ അവിടെ തന്നെയുണ്ട്,തന്നെയും നോക്കി ചുണ്ടില്‍ ഒരു ചെറുപുഞ്ചിരിയുമായി കാണാന്‍ സുമുഖനായ ആ ചെറുപ്പക്കാരന്‍റെ ആ ഒരു നോട്ടം അവളെ ഒട്ടുംതന്നെ അലസോരപെടുത്തിയില്ല. പകരം അവളുടെ ചിന്തകള്‍ പോയത് വേറെ ഒരു തലത്തിലേക്കാണ്.

അയാൾക്ക് തന്നെ ഇഷ്ട മായിരിക്കുമോ? അതോ തന്‍റെ വെറും തോന്നലോ? തന്‍റെ അടുത്ത സുഹൃത്തും ടെക്നോപാര്‍ക്കിൽ തന്നെ ജോലിയുള്ള ലക്ഷ്മിയോടു അന്നേരം തന്നെ അവള്‍ ചോദിച്ചു ലക്ഷ്മീ ഇപ്പോള്‍ അവിടെ നിന്ന് നമ്മളെ നോക്കി ചിരിക്കുന്ന ആ ചെറുപ്പക്കാരനെ നീ അറിയുമോ”?
ലക്ഷ്മി അവളുടെ മുഖത്തേക്ക് പെട്ടെന്ന് നോട്ടം അയച്ചു ചോദിച്ചു.

എന്താടീ നിനക്കയാളെ അങ്ങിഷ്ടമായി എന്ന് തോന്നുന്നല്ലോ,എന്നാല്‍ കേട്ടോ ഇവിടെ തന്നെയുള്ള കനേഡിയന്‍ ടെക് ലാണ് അയാള്‍ ജോലിചെയ്യുന്നത്, പേര് വിനയന്‍. എന്താടീ ഞാന്‍ ഹെല്‍പ് ചെയ്യണോ ഒന്നു പ്രോപോസ് ചെയ്യാന്‍. അയാള്‍ ഒരു പാവമാണ് എന്നാണ് കേട്ടിട്ടുള്ളത്,
ഏതായാലും നീ ലക്കിയാണ്. ഇത്രനല്ല ഒരു പയ്യന്‍ തന്നെ വന്നു മുന്നില്‍ ചാടിയല്ലോ”.
ലക്ഷമീ വേണ്ടാട്ടോ…. ഉള്ളില്‍ നുരഞ്ഞുയര്‍ന്ന സന്തോഷം പുറമേ പ്രകടിപ്പിക്കാതെ അവള്‍ പറഞ്ഞു.
വീക്കെൻഡിൽ നാട്ടിലേക്കുളളയാത്രയിലും അവളുടെ മനസു നിറയെ വിനയനായിരുന്നു. കവലയിൽ ബസിറങ്ങി പാടവരമ്പത്തുകൂടി നടന്ന് വീട്ടിലേക്കുളള ഒതുക്കുകൾ കേറുമ്പോഴേ കണ്ടു മുറ്റത്ത്‌ നില്‍ക്കുന്ന ബ്രോക്കർ നാണപ്പനെ. തന്നെ കണ്ടതും മുഖത്തൊരു ചിരിയോടുകൂടി അയാള്‍ സംസാരം തുടങ്ങി.

കുട്ടിയേ കുട്ടിക്കൊരു നല്ല ആലോചനക്കായി ഒരുപാടലഞ്ഞെങ്കിലും അതിനിപ്പോള്‍ ഫലം ഉണ്ടായിട്ടോ. ഒരു നല്ല ആലോചന ഒത്തുവന്നിട്ടുണ്ട്. പയ്യനങ്ങു ദുബായിലാ
വേണ്ടാട്ടോ നാണപ്പന്‍ ചേട്ടാ ഇനി ഇതും പറഞ്ഞ് ചായകുടിക്കാനായി വരണ്ട”. നാണപ്പനോടുള്ള അവളുടെ പ്രതികരണം വളരെ പെട്ടെന്നായിരിന്നു, അതിനു ശേഷം പകച്ചു നിന്ന അമ്മയോടു പതു ക്കെ കാര്യം അവതരിപ്പിച്ചു.

“എനിക്കീ കല്യാണം വേണ്ടമ്മേ. എന്നെകണ്ടിഷ്ടപ്പെട്ടു വരണ ചെക്കനല്ലേ നല്ലത്. അതും ലക്ഷ്മി യെ പോലൊരു ബ്യൂട്ടിയുടെ കൂടെ നടന്നിട്ടും എന്നെ ഇഷ്ടപ്പെട്ട ചെക്കൻ”. തിങ്കളാഴ്ച രാവിലെ തിരിച്ചു വണ്ടിയിലിരിക്കുമ്പോളൂം വിനയനോട് എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നു മനസ് റിഹേഴ്സൽ എടുക്കുവാരുന്നു. ഇനി അധികം നീട്ടികൂടാ അടുത്ത വീക്കെൻഡിൽ വീട്ടിൽ പോകുമ്പോഴേയ്ക്കു കാര്യങ്ങൾ തീരുമാനിക്കണം. ലക്ഷ്മി വഴി വേണ്ട, നേരിട്ടു തന്നെ സംസാരിക്കണം. അന്ന് അൽപ്പം വൈകിയതിനാല്‍ വിനയനെ കാണാന്‍ പറ്റുമോ എന്നുള്ള സംശയത്തോടെ വേഗം ഓഫിസിലേയ്ക്കു നടക്കുമ്പോൾ അതിശയത്തോടെ കണ്ടു. വിനയൻ തന്‍റെ അടുത്തേക്ക് നടന്ന് വരന്നു. കയ്യിൽ നീട്ടിപിടിച്ച ഒരു കവർ. ഈശ്യരാ ഈ 25 വയസിനകം തനിക്ക് കിട്ടുന്ന ആദ്യപ്രണയലേഖനം. വിറയാർന്ന കരങ്ങളാൽ കത്ത് വാങ്ങി നടക്കാനോങ്ങവേ “കുട്ടീ ഇത് കുട്ടിയുടെ കൂടെ വരുന്ന ലക്ഷ്മിക്ക് ഒന്ന് കൊടുക്കണേ” എന്നുള്ള വിനയന്‍റെ വാക്കുകൾ കേട്ട് തൻറ ഉളളിലൊരു കുപ്പിവള വീണുടയുന്നതു അവൾ വേദനയോടു തിരിച്ചറിഞ്ഞു…

2 Comments
  1. R P says

    Hi SS,
    The short story is well written and it is very much heart touching too. Keep going with your efforts. You are a Jem for our Group Changanacherry Junction.

  2. Sajayan says

    Beautifully scripted. Very touching one. keep writing!!

Leave A Reply

Your email address will not be published.