എന്താണ് ഹോംപോഡ് 

Apple HomePad

അടിസ്ഥാനപരമായി ഒരു മ്യൂസിക് പ്ലെയറാണ് ഹോംപോഡ്. വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ നല്‍കിയ ആമുഖത്തില്‍ ‘ഹോം മ്യൂസിക്കിനെ ഞങ്ങള്‍ പുനരവതരിപ്പിക്കുന്നു’ എന്നാണ് ഹോം പോഡിനെ കുറിച്ച് ആപ്പിള്‍ സിഇഓ ടിം കുക്ക് പറഞ്ഞത്. വെറുമൊരു മ്യൂസിക് പ്ലെയറായല്ല, വിവിധോദ്ദേശ സ്പീക്കറായാണ് ഇത് പ്രവര്‍ത്തിക്കുക.

ആപ്പിളിന്റെ മറ്റ് ഉപകരണങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള സിരി ഡിജിറ്റല്‍ അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് ആപ്പിള്‍ ഹോംപോഡിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച് വലിപ്പം മാത്രമാണ് ഹോപോഡിനുള്ളത്. ഇതിന്റെ ത്രീഡി പ്രിന്റഡ് കവചം ഉപകരണത്തിന് കാഴ്ച്ചയില്‍ പുതുമ നല്‍കുന്നുണ്ട്. കാണാന്‍ ചെറുതെങ്കിലും പ്രവൃത്തിയില്‍ ശക്തന്‍.

എവിടെയാണോ വെച്ചിരിക്കുന്നത് ആ മുറിയുടെ ആകൃതി തിരിച്ചറിഞ്ഞ് സ്വയം ശബ്ദം ക്രമീകരിക്കാന്‍ ഹോംപോഡിനാവും. മറ്റൊരു ഹോംപോഡുമായി പെയര്‍ ചെയ്താല്‍ ശബ്ദാനുഭവം കൂടുതല്‍ മനോഹരമാവും.

ഇതിലെ ‘മ്യൂസിക്കോളജിസ്റ്റ്’ സംവിധാനം നിങ്ങളുടെ ശബ്ദത്തോട് പ്രതികരിക്കും. സിരി ഡിജിറ്റല്‍ അസിസ്റ്റന്റുമായി ആശയ വിനിമയം നടത്തുന്നപോലെ മ്യൂസിക്കോളജിസ്റ്റിനോടും നിങ്ങള്‍ക്ക് സംസാരിക്കാം. നിങ്ങളുടെ ആപ്പിള്‍ മ്യൂസിക്ക് അക്കൗണ്ടില്‍ നിന്നും പാട്ട് കേള്‍ക്കിപ്പിക്കാന്‍ ആവശ്യപ്പെടാം. ആ പാട്ടിനെ കുറിച്ചുള്ള എന്ത് വിവരവും ഹോം പോഡിനോട് ചോദിച്ചറിയാം.

അതോടൊപ്പം തന്നെ കാലാവസ്ഥ, വാര്‍ത്ത, മെസേജ്, പോഡ്കാസ്റ്റ്, സ്‌റ്റോക്ക്‌സ് ഉള്‍പ്പെടെ എന്തും ഹോം പോഡിനോട് ചോദിക്കാം. എന്തിനും കൃത്യമായ ഉത്തരം ഹോ പോഡ് തരും. ആപ്പിള്‍ ഹോം കിറ്റുമായി ബന്ധിപ്പിച്ച എല്ലാ സ്മാര്‍ട്ട് ഹോം ഡിവൈസുകളും ഹോ പോഡിന് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം.

ഡിസംബറോടുകൂടി അമോരിക്ക, ബ്രിട്ടണ്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ ഹോം പോഡിന്റെ വിതരണം ആരംഭിക്കും. 349 ഡോളര്‍ (22437 രൂപ) ആണ് ഹോംപോഡിന്റെ വില.