Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

160 സിസി എൻജിൻ കരുത്തുമായി

150 സിസി സെഗ്‌മെന്റിലെ മികച്ച ബൈക്കേതാണ്? 150 സിസി എടുക്കണോ അതോ 160 സിസി മോഡലുകളാണോ നല്ലത്? കമ്യൂട്ടർ ബൈക്കിൽനിന്ന് അപ്ഗ്രേഡ് ചെയ്യാൻ മോഹിക്കുന്നവരെ തെല്ലു കുഴപ്പിക്കുന്ന കാര്യമാണിത്. കാരണം, പൾസർ150, സിബി യൂണിക്കോൺ, യമഹ എസ്‌സി ആർ എന്നിവർ ഒരുവശത്തും യമഹ എഫ്സി, ഹോണ്ട ഹോണിറ്റ്, സുസുക്കി ജിക്സർ, പൾസർ 160 എൻഎസ് എന്നിവർ മറുവശത്തും നിരന്നു കഴിഞ്ഞാൽ തലപ്പൊക്കം ആർക്കെന്നു നിർണയിക്കുക പ്രയാസമുള്ള കാര്യമാണ്. ഒന്നാം വിഭാഗക്കാർ അൽപം പ്രായമായവർക്കിഷ്ടപ്പെടുന്ന മോഡലുകളെന്നു മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഡിസൈനും ഇന്ധനക്ഷമതയുമൊക്കെയാണ് കാരണം. രാണ്ടാം വിഭാഗത്തിലുള്ളവർ ശരിക്കും യൂത്തൻമാരാണ്. സ്പോർട്ടി ലുക്കും പെർഫോമൻസുമൊക്കെയായി ചെറുപ്പക്കാരുടെ മനം കവർന്ന മോഡൽ. ഇവരിൽ ഹോണ്ട ഹോണിറ്റ്, സുസുക്കി ജിക്സർ, ബജാജ് പൾസർ 160 എൻഎസ് എന്നിവരിൽ ആരാണു മി്കച്ചതെന്നു നോക്കാം..

160cc-bike-comparison-1

ഡിസൈൻ

ജിക്സർ– കൂട്ടത്തിൽ ആദ്യമെത്തിയ മോഡൽ. സുസുക്കിയുടെ സൂപ്പർ ബൈക്കായ ജിഎസ്എക്സ് ആറിന്റെ ചെറുവകഭേദമെന്ന് ഒാമനിച്ചു വിളിക്കാം. ഈ സ്പോർട്ടി ലുക്കു തന്നെയാണ് ജിക്സറിലേക്കു യുവാക്കളെ കൂടുതൽ അടുപ്പിച്ചത്. മെലിഞ്ഞ ശരീരഘടന. എന്നാൽ വർക്കൗട്ട് ചെയ്തതുപോലെ അവിടവിടെയായി മസിൽ തുടിപ്പുകൾ. ടാങ്കിന്റെ ഡിസൈനും ടെയിൽ സെക്‌ഷനും നോക്കിയാൽ മാത്രം മതി ഇക്കാര്യം മസസ്സിലാക്കാൻ. കാഴ്ചയിൽ ചെറുപ്പമെന്നു തോന്നിപ്പിക്കും. നീളം കുറഞ്ഞ സീറ്റാണു കാരണം. തടിച്ച ഫോർക്കുകളും നീളം കുറഞ്ഞ ഇരട്ട സസ്പെൻഷനും വീതിയേറിയ പിൻടയറും കാഴ്ചയിൽ കരുത്തു തോന്നിപ്പിക്കുന്ന ഘടകങ്ങളാണ്. ഫുള്ളി ഡിജിറ്റൽ കൺസോളാണ്. വലുപ്പമുള്ളതിനാൽ ഈസിയായി മനസ്സിലാക്കാം ഇതിലെ വിവരങ്ങൾ. മൂന്നു പേരിലും മികച്ച കൺസോൾ ജിക്സറിന്റേതു തന്നെ.

160cc-bike-comparison-3

ഹോണിറ്റ്– യൂണിക്കോൺ നേടിയെടുത്ത പ്രശസ്തി നിലനിർത്താൻ ഹോണിറ്റിനു കഴിയുന്നു എന്നതു തന്നെ ഈ മോഡലിന്റെ നിർമാണ മികവു വെളിവാക്കുന്നു. മൂന്നു പേരിലും മസിൽമാൻ ഹോണിറ്റാണ്. വലിയ ടാങ്കും ടാങ്ക് സ്കൂപ്പും തടിച്ച ടയറുകളും മസ്കുലർ ഫീൽ നൽകുന്നു. ഫിറ്റ് ആൻഡ് ഫിനിഷിൽ മേൽക്കൈ ഹോണിറ്റിനാണ്. സ്വിച്ചുകളുടെയും ബാർ എൻഡ് വെയിറ്റിന്റെയും കാര്യത്തിൽ നിലവാരം മെച്ചപ്പെടേണ്ടിയിരിക്കുന്നു. പൂർണമായും ഡിജിറ്റൽ കൺസോളാണ്.

160cc-bike-comparison-2

പൾസർ 160 എൻഎസ് – കൂട്ടത്തിൽ പുതുമുഖം. പൾസർ 200 എൻ‌എസിന്റെ അതേ ഡിസൈൻ ഫിലോസഫിതന്നെയാണ് 160 എൻഎസിനും. മുന്നിൽ നിന്നുള്ള കാഴ്ചയിൽ നല്ല വലുപ്പമുണ്ട്. ഹോണിറ്റിനോടു ഇടിച്ചു നിൽക്കും. പക്ഷേ, പിന്നിലേക്കു ആ മസിൽ ഫീലില്ല. ചെറിയ ടയർ തന്നെയാണ് പ്രശ്നമായി ഭവിച്ചത്. ക്ലിപ് ഒാൺ ഹാൻഡിൽ ബാർ, അണ്ടർ ബെല്ലി എക്സോസ്റ്റ്, പെരിമീറ്റർ ഫ്രെയിം എന്നിവ എടുത്തു പറയേണ്ട സവിശേഷതകൾ

ജിക്സർ– ആദ്യമെത്തിയ ജിക്സറിൽ ആദ്യം കയറാം. കൂട്ടത്തിൽ ഭാരം കുറവ് ജിക്സറിനാണ്. നീളവും ഉയരവുമൊക്കെ ഹോണിറ്റിനേക്കളുമുണ്ടെങ്കിലും ബിഗ് ബൈക്ക് ഫീൽ ഇല്ല. ഉയരം കുറഞ്ഞവർക്കും ഈസിയായി കയറിയിരിക്കാം. സിംഗിൾ പീസ് സീറ്റാണ്. ശരീരവലുപ്പമുള്ളവർക്കു പിൻസീറ്റിലെ യാത്ര ബുദ്ധിമുട്ടാകും. സീറ്റിന് അൽപംകൂടി നീളമുണ്ടായിരുന്നെങ്കിൽ യാത്ര കൂടുതൽ സുഖകരമായേനെ. സ്പോർട്ടി ഫീൽ നൽകുന്ന ബാർ ഹാൻഡിലാണ്. സിറ്റി ഡ്രൈവിങ്ങിൽ വളരെ ഉപകാരപ്പെടും ഇത്. മൂന്നു പേരിലും സ്പോർട്ടി റൈഡിങ് പൊസിഷനാണ് ജിക്സറിന്റേത്. 14.6 ബിഎച്ച്പി കരുത്തുള്ള  എൻജിനാണ്. സ്മൂത്ത് പവർ ഡെലിവറി. ലോ എൻഡിൽ തന്നെ തരക്കേടില്ലാത്ത കരുത്തെടുക്കും ജിക്സർ. മറ്റു രണ്ടുപേരെക്കാളും പവർബാൻഡ് കുറവുണ്ടെങ്കിലും ടോപ്എൻഡിൽ മോശമല്ലാത്ത പ്രകടനം ജിക്സർ പുറത്തെടുക്കുന്നുണ്ട്. സ്ഥിരതയുള്ള റൈഡ് സമ്മാനിക്കുന്നു എന്നതാണ് ജിക്സറിന്റെ മേന്മ. കിടിലൻ ഫ്രെയ്മും തടിച്ച ഫോർക്കും പിന്നിലെ മോണോഷോക്കും സ്റ്റെബിലിറ്റിയിൽ ജിക്സറിനു പൂർണ പിന്തുണ നൽകുന്നു.

gixxer

ഹോണിറ്റ്– വീതിയും നീളവും മാർദവുമുള്ള സീറ്റ്. മൂന്നു പേരിലും ഇരപ്പു സുഖം കൂടുതൽ ഹോണിറ്റിനാണ്. അധികം മുന്നോട്ടാഞ്ഞിരിക്കണ്ടാത്ത റൈഡിങ് പൊസിഷൻ. അതുകൊണ്ടു തന്നെ ലോങ് റൈഡിനു ഉത്തമ സഹചാരിയാകും. കൂട്ടത്തിലെ വലിയ എൻജിനും കരുത്തു കൂടുതലും ഹോണിറ്റിനു തന്നെ. 8500 ആർപിഎമ്മിൽ 15.4 ബിഎച്ച്പി കരുത്ത് ഹോണിറ്റ് പുറത്തെടുക്കും. എൻഎസ് 160യുമായി പവറിൽ നേരിയ വ്യത്യാസമേയുള്ളൂ. റിഫൈൻഡ് എൻജിനാണ്. വിശാലമായ പവർബാൻഡ് ഹോർണറ്റിലെ റൈഡ് ആസ്വാദ്യകരമാക്കുന്നു. മികച്ച ലോ എൻഡ് ടോർക്കുണ്ടെങ്കിലും മിഡ് റേഞ്ചിലെ പെർഫോമൻസാണ് മികച്ചത്. വീതിയേറിയ പിൻടയർ വളവുകളിൽ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നേർരേഖാ സ്ഥിരതയിലും ഹോർണറ്റ് മറ്റു രണ്ടുപേർക്കൊപ്പം നിൽക്കുന്നു. ടെലിസ്കോപ്പിക് ഫോർക്കും മോണോ ഷോക്കുമാണ് സസ്പെൻഷൻ സെറ്റപ്പ്.  കാര്യക്ഷമമായ ബ്രേക്കിങ്ങിനു മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട്. ഹോണ്ടയുടെ കോമ്പി ബ്രേക്കിങ് സംവിധാനം ഹോർണറ്റിനും നൽകിയിട്ടുണ്ട്.

hornet

പൾസർ– കൂട്ടത്തിൽ ഒായിൽ കൂൾഡ് എൻജിനുള്ളത് പൾസറിനു മാത്രമാണ്. മറ്റു രണ്ടു പേർക്കും എയർകൂൾഡ് എൻജിനാണ്. സ്പോർട്ടി എന്നാൽ ദീർഘദുരയാത്രയ്ക്കും ഇണങ്ങുന്ന റൈഡിങ് പൊസിഷൻ. ക്ലിപ്ഒാൺ ഹാൻഡിൽബാർ നല്ല കംഫർട്ട് നൽകുന്നു. വിഭജിച്ച സീറ്റാണ്. നല്ല കുഷൻ. രണ്ടു പേർക്കു സുഖമായി ഇരിക്കാം. 8500 ആർപിഎമ്മിൽ 15.4 ബിഎച്ചിപിയാണ് കൂടിയ കരുത്ത്. അൾട്രാ സ്മൂത്ത് എൻജിനാണ്. സ്മൂത്തായ കിടിലൻ പവർ ഡെലിവറി. ചെറിയ ത്രോട്ടിൽ തിരിവിൽ പോലും കുതിച്ചു നിൽക്കും. മിഡ് റേഞ്ചിലെ പെർഫോമൻസാണ് കിടിലൻ. ഉയർന്ന വേഗത്തിലെ മികച്ച സ്ഥിരതയും വളവുകളിലെ മെയ്‌വഴക്കവും എടുത്തു പറയാം. സിറ്റിയിലൂടെയുള്ള റൈഡ് എൻഎസ് 160 ഒട്ടും മടുപ്പിക്കില്ല. കുറഞ്ഞ വേഗത്തിലും ഉയർന്ന ഗീയറിൽ എൻജിനിടിക്കാതെ സുഖമായി നീങ്ങുന്നുണ്ട്. മോണോഷോക്കാണ് എൻഎസിനും. എന്നാൽ പിന്നിൽ ഡിസ്ക് ബ്രേക്കില്ല. ഡ്രം ബ്രേക്കാണ്.

ns-160-1

മൂന്നു പേർക്കും അഞ്ച് സ്പീഡ് ഗീയർ ബോക്സാണ്. ഗീയർ ഷിഫ്റ്റിങ് മൂന്നു പേരുടേയും സ്മൂത്താണ്.

ടെസ്റ്റേഴ്സ് നോട്ട്

ലുക്ക്, കരുത്ത്, വില, മൈലേജ് ഈ നാലു കാര്യങ്ങൾ പരിഗണിച്ച് വിധിയെഴുതാം. ലുക്കിൽ മൂന്നു പേർക്കും അവരുടേതായ മേൽക്കൈ ഉണ്ട്. നേക്കഡ് രൂപവും മസിൽ ഫീലും നൽകുന്നതിൽ മൂന്നു പേരും ഒപ്പത്തിനൊപ്പമാണ്. കരുത്തിൽ പൾസർ മുന്നിട്ടു നിൽക്കുന്നു. മികച്ച പവർ ഡെലിവറിയും പൾസറിന് അവകാശപ്പെടാം. തൊട്ടു പിന്നിൽ ജിക്സർ. പിന്നാലെ ഹോണിറ്റ്. യാത്രാസുഖത്തിൽ ഹോണിറ്റാണു മുന്നിൽ നിൽക്കുന്നത്. വീതിയേറിയ സീറ്റും സിറ്റി–ലോങ് റൈഡിനുതകുന്ന സീറ്റിങ് പൊസിഷനും ഹോണിറ്റിനു മേൽക്കൈ നേടിക്കൊടുക്കുന്നു.

സ്പോർട്ടി റൈഡ് ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിൽ ജിക്സർ വിജയിക്കുന്നു. കോർണറിങ്ങിലും നേർരേഖാ സ്ഥിരതയിലും മറ്റു രണ്ടു പേരെക്കാളും ഒരു പൊടിക്കു മുന്നിൽ ജിക്സറാണ്.

വിലയിൽ എൻഎസ് 160 യും ജിക്സറും തമ്മിൽ വലിയ അന്തരമില്ല. മൂന്നു പേരിലു വിലക്കൂടുതൽ ഹോണിറ്റിനാണ്. മൈലേജിന്റെ കാര്യത്തിൽ എൻഎസ് 160 യും ഹോണിറ്റും ഒപ്പമാണ് – ലീറ്ററിന് 55 കിലോമീറ്റർ. ലീറ്ററിന് 63.50 കിലോമീറ്ററാണ് ജിക്സറിന് സുസൂക്കി നൽകുന്ന ഇന്ധനക്ഷമത. ഇനി ഒരു ചോദ്യം ബാക്കിയുണ്ട്. വാല്യുഫോർ മണി ആർക്കാണ് എന്നുള്ളത്. കുറഞ്ഞ വില, കരുത്തുറ്റ എൻജിൻ, റൈഡ് കംഫർട്ട് എന്നിവ എല്ലാം എടുത്തു നോക്കിയാൽ നേരിയ മുൻതൂക്കം പൾസറിനാണ്. ലോകോത്തര ബ്രാൻഡുകൾ എന്ന ലേബലാണ് ജിക്സറിനും ഹോർണറ്റിനും വിപണിയിൽ കുതിപ്പു നൽകുന്നത്.

Leave A Reply

Your email address will not be published.