അപ്രതീക്ഷിതമായ മത്സരഫലങ്ങളാണ് ഈ ലോകകപ്പിനെ മനോഹരമാക്കുന്നത്. സമനിലകളും തോൽവികളുമായി ലോകത്തിലെ മികച്ച ടീമുകൾ മോശം പ്രകടനം കാഴ്ച്ചവയ്ക്കുമ്പോൾ, മെക്സിക്കോയും, ഐസ്ലാന്റുമെല്ലാം തങ്ങളുടെ പോരാട്ടവീര്യം കാണിച്ച് താരങ്ങളാവുകയാണ്. ഇന്നലെ നടന്ന മത്സരങ്ങളും മറിച്ചായിരുന്നില്ല. വിജയപ്രതീക്ഷയുമായി വന്ന കൊളംബിയയെ ജപ്പാനും, കരുത്തരായ പോളണ്ടിനെ സെനഗലും അട്ടിമറിച്ചു.
കഴിഞ്ഞ ലോകകപ്പിന്റെ താരം ഹമേഷ് റോഡ്രിഗസ് ഇല്ലാതെ ഇറങ്ങിയ കൊളംബിയക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. മൂന്നാം മിനുട്ടിൽ കാർലോസ് സാഞ്ചസ് പന്ത് കൈ കൊണ്ട് തടുത്തിട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക്. ജപ്പാന് അനുകൂലമായ പെനാൽട്ടി. ആറാം മിനുറ്റിൽ ഷിൻജി കഗാവയെടുത്ത കിക്ക് ലക്ഷ്യത്തിലേക്ക്. ജപ്പാന് 1-0 ന്റെ ലീഡ്. പത്തുപേരുമായി കളിച്ച കൊളംബിയ പക്ഷെ പൊരുതി കളിച്ചു. 39 മിനുട്ടുകൾ പിന്നിട്ടപ്പോൾ ക്വിന്റേറോ അടിച്ച ഫ്രീ കിക്ക് ജപ്പാൻ ഗോളി തടുത്തെങ്കിലും, ഗോൾലൈൻ ടെക്നോളജി പ്രകാരം ഗോൾ അനുവദിച്ചു. മത്സരം 1-1 നു തുല്യ നിലയിൽ. 59 മിനുട്ടുകൾക്ക് ശേഷം റോഡ്രിഗസ് ഇറങ്ങിയെങ്കിലും മുൻതൂക്കം നേടാൻ കൊളംബിയക്ക് ആയില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ച ജപ്പാൻ പക്ഷെ 73 മിനുറ്റ് വരെ കാത്തുനില്ക്കേണ്ടി വന്നു വിജയഗോളിനായി. കോർണർ കിക്കിൽ തലവെച്ച് യുയ ഒസാക്കോ ഗോൾ നേടി. ഈ ഗോളോടെ വിജയം കരസ്ഥമാക്കിയ ജപ്പാൻ സൗത്ത് അമേരിക്കൻ രാജ്യങ്ങളോട് ഒരു ഏഷ്യൻ രാജ്യം നേടുന്ന ലോകകപ്പിലെ ആദ്യവിജയം കരസ്ഥമാക്കി.
പോളണ്ട് സെനഗൽ മത്സരഫലവും മറിച്ചായിരുന്നില്ല. 2-1 ന് പോളണ്ടിനെ മറികടന്ന് ഈ ലോകകപ്പിൽ ആഫ്രിക്കൻ ടീം നേടുന്ന ആദ്യ ജയവും സെനഗൽ സ്വന്തമാക്കി.തിയാഗോ സിയോനെക്കിന്റെ സെല്ഫ് ഗോളിന് ആദ്യപകുതിയിൽ മുന്നിൽ നിന്ന സെനഗൽ അറുപതാം മിനുറ്റിൽ നിയാങ്ങിന്റെ ഗോളോടെ 2-0 ന് മുന്നിലെത്തി. കളി അവസാനിക്കാൻ നാലു മിനുറ്റ് ശേഷിക്കേ ക്രിച്ചോവിയാക്ക് പോളണ്ടിനു വേണ്ടി ആശ്വാസഗോൾ നേടി. ഗ്രൂപ്പ് ചാമ്പ്യന്മാരാവുമെന്ന് പ്രതീക്ഷിച്ച കൊളംബിയയും പോളണ്ടും ആദ്യമത്സരത്തിൽ തോറ്റത് ഈ ഗ്രൂപ്പിനെ മരണഗ്രൂപ്പാക്കി മാറ്റിയിരിക്കുകയാണ്. ഗ്രൂപ്പ് എച്ച് മത്സരങ്ങൾ ഇനിയും വാശിയേറും.
ഗ്രുപ്പ് എ യിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്നലെ തുടങ്ങി. ആതിഥേയരായ റഷ്യ ഈജിപ്തിനെ തോല്പിച്ച് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. 3-1 നാണ് റഷ്യ ഈജിപ്തിനെ തകർത്തത്. ആദ്യമത്സരത്തിൽ പരിക്കുമൂലം പുറത്തിരുന്ന സാലാഹ് ഇന്നലെ ഈജിപ്തിനുവേണ്ടി കളത്തിലിറങ്ങി. ഈജിപ്റ്റിന്റെ ആശ്വാസഗോൾ സലയുടെ വകയായിരുന്നു. റഷ്യക്ക് വേണ്ടി ചെരിഷേവ് തന്റെ ലോകകപ്പിലെ മൂന്നാം ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ സ്യൂബയുടെ വകയായിരുന്നു മറ്റൊരു ഗോൾ.
ഇന്ന് പോർച്ചുഗലും സ്പെയിനും കളത്തിലിറങ്ങുന്നുണ്ട്. ആദ്യ മത്സരം പരസ്പരം സമനിലയിലായ ഇരു ടീമുകളും തങ്ങളുടെ ആദ്യജയത്തിനായാണ് ഇന്നിറങ്ങുന്നത്. ഭാഗ്യം ആർക്കൊപ്പമാണെന്ന് കാത്തിരുന്ന് കാണാം.