മൊറോക്കോയ്ക്കെതിരെ റൊണാൾഡോ നേടിയ ഏക ഹെഡ്ഡർ ഗോളിലൂടെ കഷ്ടിച്ച് രക്ഷപെട്ട് പോർച്ചുഗൽ. മനോഹരമായ ഫുട്ബോൾ കാഴ്ച്ചവച്ച മൊറോക്കൊയുടെ പ്രകടനത്തിന് പകരം വയ്ക്കാൻ ഈ ഗോൾ അല്ലാതെ മറ്റൊന്നും പോർച്ചുഗലിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
നാലാം മിനുട്ടിൽ ആയിരുന്നു റോണോയുടെ ഗോൾ. കോർണർ കിക്കിൽ നിന്നും ഉയർന്നുവന്ന പന്ത് ഒരു കിടിലൻ ഹെഡ്ഡറിലൂടെ ഗോൾവലക്കുള്ളിലാക്കി റൊണാൾഡോ പോർച്ചുഗലിന് ലീഡ് നേടികൊടുത്തു. ലോകകപ്പിലെ തന്റെ നാലാം ഗോളാണിത്. എന്നാൽ പിന്നീട് മൊറൊക്കോയുടെ കയ്യിലായിരുന്നു മത്സരം. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും പക്വത കാണിച്ച മൊറോക്കോ പക്ഷേ ഭാഗ്യക്കേട് ഒന്നുകൊണ്ട് മാത്രമാണ് ഗോൾ നേടാതെ പോയത്. മൊറോക്കോയ്ക്ക് വേണ്ടി ഹാക്കിം സിയച്ച് മികച്ച പ്രകടനം കാഴ്ച വച്ചു. നിരവധി അവസരങ്ങൾ പോർച്ചുഗീസ് ഗോളി പാട്രിഷ്യോ തടുത്തിട്ടു. ഒരു നിമിഷമെങ്കിലും മൊറോക്കോ ഗോൾ നേടണം എന്ന് ഓരോ ഫുട്ബോൾ ആരാധകരും ആശിച്ച് കാണും. എന്നാൽ കളിയവസാനിക്കുമ്പോൾ കാണികളുടെ മുഴുവൻ കയ്യടിയും വാങ്ങി മൊറോക്കോ പുറത്തേക്ക്. അതോടെ ലോകകപ്പിൽ നിന്നും പുറത്തുപോവുന്ന ആദ്യടീമായി ഈ ആഫ്രിക്കൻ രാജ്യം. വീണ്ടും മികച്ച പ്രകടനത്തോടെ ടീമിനെ വിജയതീരത്തെത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് കളിയിലെ കേമൻ.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ തീർത്തും നിറം മങ്ങിയ പ്രകടനത്തോടെ ഉറുഗ്വേ ഒരു ഗോളിന് സൗദി അറേബ്യയെ മറികടന്നു. സുവാരസ് നേടിയ ഗോളിനായിരുന്നു ഉറുഗ്വേയുടെ രണ്ടാം വിജയം. ഇതോടെ ഗ്രൂപ്പ് എ യിൽ നിന്നും റഷ്യക്കൊപ്പം ഉറുഗ്വേയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇവർ തമ്മിലുള്ള അടുത്ത മത്സരഫലം ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കും.