Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

റൊണാൾഡോ തിളങ്ങി, സ്പെയിനിനെ സമനിലയിൽ തളച്ച് പോർച്ചുഗൽ

Russia World Cup 2018

ആവേശകരമായ ഗ്രൂപ്പ് ബി മത്സരത്തിൽ സ്പെയിനിന്‌ സമനിലക്കുരുക്ക്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ഹാട്രിക്ക് മികവോടെ സ്പാനിഷ് പടയെ നിരാശരാക്കിക്കൊണ്ട് യൂറോ ചാമ്പ്യന്മാർ വരവറിയിച്ചു. ലോകം ഉറ്റുനോക്കിയ മത്സരത്തിന്റെ നാലം മിനുറ്റിൽ വീണുകിട്ടിയ പെനാൽറ്റി വലയിലാക്കി റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. തുടർച്ചയായി നാലം ലോകകപ്പിലും ഗോൾ നേടുന്ന നാലാമത്തെ താരമായി ഇതോടെ റൊണാൾഡോ. സ്പാനിഷ് പട കളിയിലേക്ക് പതിയെ മടങ്ങി വന്നു. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ഗോൾ തിരിച്ചടിക്കും എന്നു തന്നെ തോന്നിച്ചു. മികച്ച കൗണ്ടർ അറ്റാക്കുകളുമായി പോർച്ചുഗലും !!! ആവേശം ഒട്ടും ചോരാതെ തന്നെ കളി മുന്നോട്ട്. സ്പെയിനിന്റെ ആക്രമണങ്ങൾക്ക് ലക്ഷ്യം കണ്ടത് ഇരുപത്തിനാലാം മിനുറ്റിൽ. സെർജിയോ ബുസ്കറ്റ്സ് നല്കിയ ഒരു ലോങ്ങ് പാസ്സ്, പോർച്ചുഗൽ ഡിഫന്റർ പെപെയെ മറികടന്ന് ഡിയഗോ കോസ്റ്റ പന്ത് കയ്യിലാക്കി. പിന്നീട് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് ഉതിർത്ത മികച്ച ഒരു ഷോട്ട്. പോർച്ചുഗൽ കീപ്പർ പാട്രീഷ്യോയെ മറികടന്ന് വലയിൽ കയറി. പിന്നീടങ്ങോട്ട് നിറഞ്ഞ് നിന്നത് സ്പെയിൻ ആയിരുന്നു. ഇസ്കോയും ഇനിയസ്റ്റയും ഡേവിഡ് സിൽവയും ചേർന്ന മധ്യനിര മികച്ച പാസ്സുകളോടെ തിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഇസ്കോയുടെ ഒരു ലോങ്ങ് റേഞ്ചർ, പോസ്റ്റിലും, താഴെ ഗോൾവരയിലും തട്ടി പുറത്തേക്ക് പോയി. ആദ്യപകുതി തീരുന്നതിന്‌ മുൻപ് സ്പെയിൻ കളി പതിയെ ആക്കി. എന്നാൽ റൊണാൾഡോ രണ്ടും കല്പിച്ച് തന്നെ ആയിരുന്നു. സ്പാനിഷ് ഗോൾമുഖത്ത് വീണുകിട്ടിയ, ഗോളാകാൻ നേരിയ സാധ്യത മാത്രമുള്ള ഒരു ബോൾ കൈക്കലാക്കി ബോക്സിന്‌ പുറത്ത് നിന്നും ഇടംകാലുകൊണ്ട് ഷൂട്ട് ചെയ്തു. സ്പാനിഷ് ഗോളി ഡേവിഡ് ഡെ ഹെയയുടെ കയ്യിൽ നിന്നും തെറിച്ച് പന്ത് വലക്കുള്ളിൽ. ആദ്യപകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ ഒരു ഗോളിന്‌ മുന്നിൽ. രണ്ടാം പകുതിയിലും ഇരു ടീമുകളും നന്നായി തുടങ്ങി. പത്തുമിനുറ്റുകൾക്ക് ശേഷം ബുസ്കറ്റ്സ് ഹെഡ്ഡ് ചെയ്ത് നല്കിയ പാസ് അനായസമായി വലയിലെത്തിച്ച് സ്പെയിനിന്‌ വേണ്ടി ഡിയഗോ കോസ്റ്റ വീണ്ടും ലക്ഷ്യം കണ്ടു. മത്സരം ആവേശകൊടുമുടിയിൽ !! ലക്ഷ്യത്തിലേക്കുതിർത്ത രണ്ട് ഷോട്ടും ഗോൾ നേടികൊണ്ടായിരുന്നു കോസ്റ്റയുടെ ഈ ഇരട്ടഗോൾ നേട്ടം. മൂന്ന് മിനുറ്റുകൾക്ക് ശേഷം സ്പാനിഷ് ഡിഫന്റർ നാച്ചോയുടെ ഒരു ലോങ്ങ് റേഞ്ചർ പോർച്ചുഗീസ് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. സ്പെയിനിന്‌ ലീഡ്, സ്കോർ 3-2. സ്പാനിഷ് ക്യാമ്പിൽ വിജയത്തിന്റെ ആഘോഷങ്ങൾ തുടങ്ങി. പോർച്ചുഗൽ തളർന്നെന്ന് തോന്നി. എൺപതാം മിനുറ്റിനുള്ളിൽ ഇനിയസ്റ്റയേയും കോസ്റ്റയയേയും സ്പെയിൻ പിൻവലിച്ചു. തിയാഗോയും ആസ്പാസും ഇറങ്ങി. പോർച്ചുഗലിനു വേണ്ടി സിൽവക്ക് പകരം ഗ്യുഡസ് കളത്തിലിറങ്ങി. കളി ഏകദേശം അതിന്റെ പരിസമാപ്തിയിലേക്ക്. എന്നാൽ കളി വിട്ടുകൊടുക്കാൻ റോണാൾഡോ തയ്യാറല്ലായിരുന്നു. സ്പാനിഷ് ഗോൾമുഖത്തേക്ക് അതേ ആവേശത്തോടെ പന്തുമായിട്ട് മുന്നേറി. പരിശ്രമത്തിന്‌ ഒടുവിൽ ഫലം കണ്ടു. 87 മിനുട്ടുകൾ പിന്നിട്ടപ്പോൾ, പോർച്ചുഗലിന്‌ ഫ്രീ കിക്ക് ലഭിച്ചു. റൊണാൾഡോ ഏകാഗ്രതയോടെ ഫ്രീ കിക്ക് എടുക്കാൻ തയ്യാറായി. തോല്ക്കാതെ തലയുയർത്തി കളം വിട്ട് പോവാൻ കിട്ടുന്ന അവസാന അവസരം. മുന്നിൽ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ. ആരാധകർ ശ്വാസം പിടിച്ച് നിന്ന ആ ഒരു നിമിഷം. ഒരു ദീർഘശ്വാസം എടുത്ത് റൊണാൾഡോ പന്തിനുനേരേ ഓടിയടുത്തു. പ്രതിരോധം തീത്ത മതിൽകെട്ടിനു മുകളിലൂടെ കറങ്ങിത്തിരിഞ്ഞ് പന്ത് വലക്കുള്ളിലേക്ക്. ഡെ ഹെയക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മനോഹരമായ ഒരു ഫ്രീകിക്ക്. ഗോൾമുഖത്ത് തളരാത്ത പോരാളി, ഗോൾമെഷീൻ അങ്ങനെ എന്ത് വേണമെങ്കിലും വിശേഷിപ്പിച്ചോളു, ഒന്നുറപ്പാണ്‌, റൊണാൾഡോ ഈ ലോകകപ്പിനു വന്നത് വെറുതെ വന്നു പോവാനല്ല. കളി തീരുമ്പോൾ മത്സരം സമനിലയിൽ. നിരാശരായി സ്പാനിഷ് താരങ്ങൾ മടങ്ങുമ്പോൾ, ടീമിനും ആരാധകർക്കും വേണ്ടി എല്ലാം നല്കി, റൊണാൾഡോ കളിയിലെ കേമനായി. ഹാട്രിക്ക് നേട്ടത്തോടെ നിരവധി റെക്കോർഡുകൾ റൊണാൾഡോ തന്റെ പേരിലാക്കി. പുസ്കാസിനെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി റൊണാൾഡോ. ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന രസകരമായ നേട്ടം കൂടി ഉണ്ട് റൊണാൾഡോക്ക്. തന്റെ 51-ഒന്നാം ഹാട്രിക്ക് ലോകകപ്പിന്റെ ഹാട്രിക്ക് ആക്കി മാട്ടുകയും ചെയ്തു.
ഇഞ്ചുറി ടൈമിൽ 1-0 ന്‌ മൊറോക്കോയെ മറികടന്ന് ഇറാൻ ആണ്‌ ബി ഗ്രൂപ്പിൽ മൂന്ന് പോയന്റോടെ മുന്നിൽ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വേ ഒരു ഗോളിന്‌ ഈജിപ്റ്റിനെ തോലിപിച്ചു. ഇന്ന് നാലു കളികളാണ്‌. ആർജന്റീനക്ക് വേണ്ടി മെസ്സി തന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പ് ആയിരുന്നു അർജന്റീന. റൊണാൾഡോയുടെ ഹാട്രിക്ക് മെസ്സി ആരാധകർക്ക് കടുത്ത സമ്മർദ്ദം നല്കിയിരിക്കുകയാണ്‌. മെസ്സിയും തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇതിൽ കൂടുതൽ ഒന്നും തന്നെ ഒരു ആരാധകനും ലഭിക്കാനില്ല. ഇതുവരെയുള്ള ലോകകപ്പ് എഡിഷനുകളിൽ ഏറ്റവും മനോഹരമായിതീരട്ടെ ഇത്തവണ.

Leave A Reply

Your email address will not be published.