എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി യുകെയിലേക്ക് എത്തിയത് ഒരിക്കല്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയുടെ കൂടെ സഹായത്തോടെ. ഇതുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ ഫെയ്്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ലണ്ടനിലേക്കുള്ള ദൂരം എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സിന്ധു അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാന്‍ തനിക്ക് മുന്നില്‍ ഏറെ തടസങ്ങളുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും സിന്ധു ജോയ് പറയുന്നു. വിവാഹിതയായ ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിന്ധു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടിലെ ബിസിനസുകാരനുമായ ശാന്തിമോന് ജേക്കബ് ആണു സിന്ധുവിന്റെ ഭര്‍ത്താവ്.
സിന്ധുവിന്റെ കുറിപ്പ് വായിക്കാം;
ലണ്ടനിലേക്കുള്ള ദൂരം
ശാന്തിമോന് ജേക്കബ് എന്ന മനുഷ്യന് അവിചാരിതമായി എന്റെ ജീവിതത്തില്‍ കടന്നുവന്നപ്പോഴാണ് ഞാന്‍ പാസ്പോര്‍ട്ട് എന്ന പുസ്തകത്തെപ്പറ്റി വീണ്ടും ആലോചിക്കുന്നതു തന്നെ.
ഇനിയുള്ള കാലം നാട്ടില്‍ മതിയെന്നു തീര്‍ച്ചയാക്കി കാക്കനാട്ട് സ്വന്തം ഭാവനയില്‍ ഡിസൈന്‍ ചെയ്ത ഫ്ലാറ്റില്‍ ജീവിതം മെല്ലെ പറിച്ചുനടാന്‍ ഒരുന്പെടുകയായിരുന്നു അദ്ദേഹം. ഞാനാണെങ്കില്‍ തിരുവനന്തപുരം വഞ്ചിയൂരിലെ മറ്റൊരു ഫഌറ്റിന്റെ ഇത്തിരിവട്ടത്തില്‍ ജീവിതം തന്നെ ഇരുണ്ടുപോയ അവസ്ഥയിലും. ലോകത്ത് മറ്റെവിടെയും പോകാന്‍ പാകപ്പെട്ടിരുന്നു എന്റെ മനസ്സ്.
വിവാഹം കഴിഞ്ഞപ്പോള്‍ അതായി ചോദ്യം; നാട്ടിലോ ഇംഗ്ലണ്ടിലോ? എന്റെ ആഗ്രഹം ഞാന്‍ പറഞ്ഞു: കുറേക്കാലംകൂടി ഇംഗ്ലണ്ടില്‍; പിന്നെ ജന്മനാട്ടില്. അദ്ദേഹം തലകുലുക്കി.
അപ്പോഴാണ് എന്റെ പഴയ പാസ്പോര്‍ട്ട് വീണ്ടും ഞാന്‍ തുറന്നത്. നാലുകൊല്ലം മുന്‍പ് അതിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു! ഇനി പുതിയതൊന്ന് സംഘടിപ്പിക്കണം. അങ്ങനെ, കഴിഞ്ഞ ഏപ്രില്‍ ഇരുപത്തെട്ടിന് പുതിയൊരു പാസ്സ്പോര്‍ട്ടിനായി ഞാന്‍ അപേക്ഷ കൊടുത്തു. വേണമെങ്കില്‍ ഒരാഴ്ചകൊണ്ട് കിട്ടാവുന്നതേയുള്ളു. പക്ഷേ, അവിടെ പണി പാളി. എസ്എഫ്ഐ ജീവിത കാലഘട്ടത്തിന്റെ ബാക്കിപത്രം. സ്പെഷല്‍ ബ്രാഞ്ചിലെ ഒരു എഎസ്ഐ ഫോണ്‍ ചെയ്തു. സമരകാലഘട്ടത്തിലെ എന്തെങ്കിലും കേസുകള്‍ തീരുമാനമാകാതെ കോടതിയില്‍ കാണില്ലേ എന്നായിരുന്നു ‘ആദ്യ’ത്തിന് അറിയേണ്ടത്. ‘ഇന്റിമിഡേറ്റിങ്’ ആയിരുന്നു ആ സംസാരശൈലി! എന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യഗ്രതയുള്ളതുപോലെ!
‘അതൊക്കെ പണ്ടേ എഴുതിത്തള്ളിയതല്ലേ?’ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഒടുക്കം പോലീസ് വെരിഫിക്കേഷന് ഒരു കോണ്‍സ്റ്റബിള്‍ എന്റെ ഫ്ലാറ്റിലെത്തി. കേസുകള്‍ നിലവിലുണ്ടോ എന്ന് ഡിസ്ട്രിക്റ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കും എന്നു പറഞ്ഞു പോലീസുകാരനും പോയി. ഒരു ചെറിയ ഇടവേള. ശേഷം, പാസ്സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. നാലു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നതിനാല്‍ പാസ്സ്പോര്‍ട്ട് നല്കാന് നിര്‍വാഹമില്ല എന്നായിരുന്നു കത്തിന്റെ സാരം. നാലുകേസുകളുടെ നന്പറും കത്തിലുണ്ടായിരുന്നു!
ഇനിയും നാലുകേസുകളോ? എന്റെ കണ്ണുതള്ളി; തലകറങ്ങി. ഇനിയെങ്ങനെ ഞാന്‍ ഇംഗ്ലണ്ടിലെത്തും? വിവാഹത്തിന്റെ നാളുകള്‍ ഞാനാകെ ടെന്‍ഷന്‍ കൊണ്ട് തകര്‍ന്നു നില്‍ക്കുകയായിരുന്നു. ഈ കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് എഴുതിത്തള്ളാം. പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു പുറത്തുപോയ എനിക്ക് അവര്‍ സഹായം ചെയ്യുമോ? എന്തായാലും പാര്‍ട്ടിക്കുവേണ്ടി ചോരചിന്തിയതിന്റെ പേരിലുണ്ടായ കേസുകളല്ലേ? മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്തുനോക്കാം. ഞാനും ഭര്‍ത്താവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു; അദ്ദേഹത്തിന്റെ സെക്രട്ടറി എം വി ജയരാജനോടും സംസാരിച്ചു. അദ്ദേഹം തിരുവനന്തപുരം സിറ്റി കമ്മീഷണറെ നേരിട്ടുവിളിച്ച് കാര്യം തിരക്കി. സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ കേസിന്റെ ഇപ്പോഴത്തെ നില അറിയണം. സിറ്റി കമ്മീഷണര്‍ ഒടുക്കം റിപ്പോര്‍ട്ട് നല്കി.
നാലുകേസുകളില്‍ രണ്ടെണ്ണം കഴക്കൂട്ടത്തു നടന്ന ഏതോ പിടിച്ചുപറി കേസുകള്‍ ആണത്രേ. അതില്‍ സിന്ധു ജോയി പ്രതിയല്ല! വിദ്യാര്‍ത്ഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് മൂന്നും നാലും കേസുകള്‍. പക്ഷേ, അതിലൊരു കേസ് കോടതി നേരത്തെ തന്നെ എഴുതിത്തള്ളിയിരുന്നു. ഇനി അവസാനത്തെ കേസ്. അതിലും കോടതിവിധി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരുന്നു. കോടതിയുടെ ഉത്തരവ് പുറത്തിറക്കും മുന്‍പ് വിധി പറഞ്ഞ ജഡ്ജി സ്ഥലംമാറിപ്പോയിരുന്നു. ‘കോര്‍ട്ട് ഓര്‍ഡര്‍’ മാത്രം അവശേഷിക്കുന്നു. ആ ഉത്തരവ് ഇപ്പോഴത്തെ പ്രിസൈഡിങ് ജഡ്ജിക്ക് ഒപ്പു വെക്കാവുന്നതേയുള്ളു. പക്ഷെ, നടപടിക്രമങ്ങള്‍ നീണ്ടുപോയേക്കാം. അവിടെയും ദൈവം ഇടപെട്ടു.
ഞാന്‍ ആ ഉത്തരവ് പോലീസ് മേധാവികള്‍ക്ക് കൈമാറി. പോലീസ് പാസ്സ്പോര്‍ട്ട് ഓഫീസര്‍ക്ക് എഴുതി. ഒടുക്കം, ഓഗസ്റ്റ് ആദ്യവാരത്തില്‍ എനിക്ക് പുതിയ പാസ്സ്പോര്‍ട്ട് ലഭിച്ചു! ഞാന്‍ ഇംഗ്ലണ്ടിലുമെത്തി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടിരുന്നില്ലെങ്കില്‍ ഈ ‘വ്യാജ’ കേസുകളുടെ പേരില്‍ എനിക്ക് പാസ്സ്പോര്‍ട്ട് നിഷേധിക്കപ്പെടുമായിരുന്നു. സഖാവ് പിണറായി വിജയനും സഖാവ് എം വി ജയരാജനും നേരിട്ട് ഇടപെട്ടതു കൊണ്ടാണ് എനിക്ക് നീതി ലഭിച്ചത്.
എന്നിട്ടും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
ഒരു കേസുപോലും എന്റെ പേരില്‍ ഇല്ലാതിരുന്നിട്ടും പോലീസ് വെരിഫിക്കേഷന് എന്ന നടപടിക്രമത്തിനുശേഷം വ്യാജ കേസ് നന്പരുകള്‍ പാസ്പോര്‍ട്ട് ഓഫീസിനു നല്‍കിയത് ആര്?
അതിനു പിന്നിലെ ചേതോവികാരം എന്തായിരുന്നു? താഴെക്കിടയിലുള്ള ഒരു സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ എന്നെപ്പോലൊരു രാഷ്ട്രീയ പ്രവര്‍ത്തകക്ക് എതിരെ ഇത്തരമൊരു വ്യാജറിപ്പോര്‍ട്ട് നല്കാന് ധൈര്യപ്പെടുമോ? ഉത്തരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. എനിക്കൊന്നേ പറയാനുള്ളു: ‘പരാക്രമം സ്തീകളോടല്ല വേണ്ടൂ…’