കുവൈത്തിൽ മൂന്ന് മാസത്തെ പൊതുമാപ്പ് അവസാനിച്ചു
കുവൈത്ത്: കുവൈത്തിൽ മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചു. ഏകദേശം എഴുപതിനായിരത്തോളം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഒന്നരലക്ഷത്തോളം പേരിൽ പകുതിയിൽ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പടുത്തിയത്. ഇന്ത്യക്കാരിൽ പതിനാലായിരത്തിൽ താഴെ പേർ മാത്രമാണ് പൊതുമാപ്പ് ഉപയോഗിച്ചത്. ഇതിൽ പതിനൊന്നായിരം പേരും എമർജൻസി സർട്ടിഫിക്കറ്റ് സ്വന്തമാക്കി രാജ്യം വിട്ടു. മൂവ്വായിരത്തോളം പേർ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ഇന്ത്യൻ എംബസിയും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ആദ്യനാളുകളിൽ അനുഭവപ്പെട്ട തിരക്ക് പരിഗണിച്ച് അവധി ദിനങ്ങളിൽ പോലും ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു.