Take a fresh look at your lifestyle.

ക്രിക്കറ്റ് താരങ്ങൾക്ക് ഉത്തേജക പരിശോധന വേണ്ട: ബിസിസിഐ

ന്യൂഡൽഹി ∙ താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ പരിശോധന നടത്താൻ സർക്കാർ ഏജൻസിക്ക് അധികാരമില്ലെന്നു ബിസിസിഐ വ്യക്തമാക്കി. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) മേധാവി നവീൻ അഗർവാളിനെഴുതിയ കത്തിലാണു ബിസിസിഐ സിഇഒ: രാഹുൽ ജോഹ്റി ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കിൽ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) ഈയിടെ അറിയിച്ചിരുന്നു. ഇതേത്തുടർന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാൻ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തുന്നതിനിടെയാണു ബിസിസിഐയുടെ വെല്ലുവിളി. കായിക മന്ത്രാലയ സെക്രട്ടറിയെയും ജോഹ്റി നിലപാടറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു സർക്കാരിനുള്ള മറുപടി ബോർഡ് തയാറാക്കിയത്.

രാജ്യത്തെ കായിക ഇനങ്ങളുടെ രാജ്യാന്തര അംഗീകാരം നഷ്ടപ്പെടുത്താൻവരെ വഴിവയ്ക്കുന്നതാണു ബിസിസിഐ നിലപാട്. നാഡ പരിശോധനയ്ക്കു ബിസിസിഐ വഴങ്ങിയില്ലെങ്കിൽ ആഗോള കായികമേഖലയിൽ ഇന്ത്യൻ താരങ്ങൾക്കു വിലക്കേർപ്പെടുത്തുമെന്നാണു വാഡയുടെ മുന്നറിയിപ്പ്. ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാൽ, സർക്കാർ ഏജൻസിയായ നാഡയ്ക്കു പരിശോധന നടത്താൻ അധികാരമില്ലെന്നു ജോഹ്‌റി വ്യക്തമാക്കി. ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മൽസരങ്ങളിൽ താരങ്ങളെ പരിശോധിക്കാൻ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തിൽ മൽസരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ല. താരങ്ങളെ പരിശോധിക്കാൻ തങ്ങൾക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങൾ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മൽസരമില്ലാത്ത വേളയിൽ, പരിശോധന നടത്തുന്നതിനു താരങ്ങൾ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്നവും ഉയർത്തുമെന്നു ബോർഡംഗങ്ങൾ വാദിക്കുന്നു.

Leave A Reply

Your email address will not be published.