വമ്പൻ ടീമുകൾ പുറത്തായ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം, ശേഷിച്ച എട്ട് ടീമുകൾ നാളെ മുതൽ പോരാട്ടത്തിനൊരുങ്ങുന്നു. ആദ്യ ക്വാർട്ടറിൽ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ അർജന്റീനയെ തോൽപിച്ച ഫ്രാൻസ്, പോർച്ചുഗീസ് പടയെ മുട്ടുകുത്തിച്ച ഉറുഗ്വായെ നേരിടും. ഇനിയും മികച്ച ഫോമിലേക്ക് എത്തിച്ചേരാത്ത ഫ്രാൻസ്, എമ്പാപ്പെയുടെ ഉശിരൻ പ്രകടനത്തിലൂടെയാണ് അർജന്റീനയെ നിലംപരിശാക്കിയത്. 4-3 ന് പര്യവസാനിച്ച ത്രില്ലറിൽ, 2-1 ന് മുന്നിലായിരുന്നു അർജന്റീന. റൊണാൾഡോയുടെ പോർചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഉറുഗ്വായ് തോല്‍പ്പിച്ചത്. ഇവർക്ക് വേണ്ടി കവാനി രണ്ട് ഗോളുകളും നേടി.
രണ്ടാം ക്വാർട്ടറിൽ കരുത്തന്മാരായ ബ്രസീലും ബെൽജിയവും ഏറ്റുമുട്ടും. നിലവിൽ എല്ലാ കളിയും ജയിച്ച് നില്‍ക്കുകയാണ് ബെൽജിയം. ജപ്പാനെതിരെ 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷം 70 മിനുട്ടുകൾ കഴിഞ്ഞ് തിരിച്ച് വരികയും, 2-2 സമനിലയാക്കുകയും ചെയ്ത ഇവർ, ഇഞ്ചുറിസമയത്തിന്റെ അവസാനം നടത്തിയ പ്രത്യാക്രമണത്തിലൂടെ വിജയം നേടുകയായിരുന്നു. എന്നാൽ മെക്സിക്കോയ്ക്കെതിരെ ആധികാരിക ജയം കരസ്ഥമാക്കിയാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്. നെയ്മറും ഫെർമീനോയും നേടിയ ഗോളുകൾക്ക് 2-0 നാണ് മെക്സിക്കോയെ തോല്‍പ്പിച്ചത്. ജർമ്മനിയെ ഗ്രൂപ്പ് മത്സരത്തിൽ തോൽപ്പിച്ച മെക്സിക്കോ പക്ഷേ ആ പോരാട്ടവീര്യം ഒന്നും ഇവിടെ പുറത്തെടുത്തില്ല.
സ്വിറ്റ്സർലാന്റിനെ അട്ടിമറിച്ച സ്വീഡനെതിരെ കൊളംബിയയോട് കഷ്ടിച്ച് രക്ഷപ്പെട്ട ഇംഗ്ലണ്ട് മൂന്നാം ക്വാർട്ടറിൽ ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ മോശം പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് മികച്ച ഫോമിൽ എത്തിയാലെ സ്വീഡനെ മറികടക്കാനാവു. സ്വിറ്റ്സർലാന്റിനെ 1-0 ന് തോല്‍പ്പിച്ച സ്വീഡൻ വൻ ആത്മവിശ്വാസത്തിലാണ്. കൊളംബിയയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 ന് സമനിലയിലായിരുന്നു മത്സരം. കളി തീരാനിരിക്കെ, കെയ്ൻ നേടിയ പെനാൽറ്റി ഗോളിന് മറുപടിയായി യെരി മിന നേടിയ ഹെഡ്ഡർ മത്സരം സമനിലയിൽ ആക്കുകയായിരുന്നു. ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ട് ഗോളി പിക്ക്ഫോർഡിന്റെ മികച്ച പ്രകടനമാണ് രക്ഷക്കെത്തിയത്.
ആധിഥേയരായ റഷ്യ ക്രൊയേഷ്യയുമായി അവസാന ക്വാർട്ടർ ഫൈനലിൽ മാറ്റുരയ്ക്കും. സ്പെയിനിനെ അട്ടിമറിച്ചാണ് റഷ്യ ക്വാർട്ടർ ഫൈനലിൽ സീറ്റ് നേടിയത്. 1-1 ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിലാണ് റഷ്വ വിജയിച്ചത്. ഗോളി അകിൻഫീവ് ആണ് ഹീറോ. ഈ മത്സരത്തിന്റെ പകർപ്പെന്ന് തോന്നിച്ച മത്സരത്തിൽ, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ് ഡെന്മാർക്കിനെ മറികടന്നാണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തുന്നത്.
സെമി ഫൈനലിസ്റ്റുകളെ രണ്ട് ദിവസം കൊണ്ടറിയാം. അട്ടിമറികളുടേയും, അപ്രതീക്ഷിത മത്സരഫലങ്ങലുടെയും ലോകകപ്പിൽ ഇനി ആകെ എട്ട് മത്സരങ്ങൾ മാത്രം ബാക്കി. ആരാവും കപ്പ് ഉയർത്താൻ പോവുന്നത്? ജൂലൈ 15ന് അറിയാം.