ഗോപ്രോയുടെ ഏറ്റവും പുതിയ ആക്ഷന്‍ ക്യാമറ മോഡലായ ഹീറോ 6 ബ്ലാക്കും 360 ഡിഗ്രീ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 5.2 കെ സ്ഫെരിക്കല്‍ ക്യാമറയായ ഫ്യൂഷനും പുറത്തിറക്കി.
വാട്ടര്‍പ്രൂഫ്, 4കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യങ്ങളുള്ള ഹീറോ 6 ക്യാമറയില്‍ ഗോപ്രോയുടെ തന്നെ ജിപി1 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഹീറോ പരമ്പരയിലുള്ള മറ്റ് ക്യാമറകളെ അപേക്ഷിച്ച് ഉയര്‍ന്ന ഫ്രെയിം റേറ്റും, മികച്ച വ്യക്തതയും ഭംഗിയും, ഇമേജ് സ്റ്റെബിലൈസേഷനും നല്കുന്ന പ്രൊസസറാണ് ജിപി 1.
60 ഫ്രെയിം റേറ്റില്‍ 4കെ വീഡിയോ പകര്‍ത്താന്‍ ഹീറോ 6 ബ്ലാക്കില്‍ സാധിക്കും. ഗോപ്രോ ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഈ ക്യാമറയുപയോഗിച്ച് ആപ്പിലെ ക്യുക്ക് സ്റ്റോറീസ് ഫീച്ചര്‍ വഴി ചെറു വീഡിയോകള്‍ പങ്കുവെക്കാനാവും.
പുതിയ ടച്ച് സൂം ആണ് ഹീറോ 6 ബ്ലാക്കിലെ മറ്റൊരു ശ്രദ്ധേയമായ ഫീച്ചര്‍. വൈഫൈ വഴി മൂന്നിരട്ടി വേഗത്തിലുള്ള ഓഫ്ലോഡ് സ്പീഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. 33 അടി വരെുള്ള വാട്ടര്‍പ്രൂഫ് സൗകര്യമാണ് ഹീറോ 6 നുള്ളത്. നിലവില്‍ ലഭ്യമായ ഗോപ്രോ മൗണ്ടിലും ഗോപ്രോ കര്‍മ ഗ്രിപ്പിലും ഇത് പാകമാവുകയും ചെയ്യും. കുറഞ്ഞ പ്രകാശത്തിലും ഹീറോ 6 മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഗോപ്രോ അധികൃതര്‍ അവകാശപ്പെടുന്നു.
റോ, എച്ച്ഡിആര്‍ ഫോട്ടോ മോഡുകളും, 10 ഭാഷകളിലുള്ള വോയ്സ് കണ്ട്രോളും ഒപ്പം ജിപിഎസ്, അക്സിലെറോമീറ്റര്, ഗൈറോസ്കോപ്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയും ഹീറോ 6 ബ്ലാക്കിലുണ്ട്. ഗോപ്രോ ഡോട്ട് കോം വെബ്സൈറ്റില്‍ നിന്നും ക്യാമറ വാങ്ങാം. 45000 രൂപയാണ് വില.
360 ഡിഗ്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഫ്യൂഷന്‍ ക്യാമറയില്‍ 5.2 കെ ദൃശ്യങ്ങളും , 60 ഫ്രെയിം റേറ്റില്‍ 3കെ ദൃശ്യങ്ങളും പകര്‍ത്താനാവും. നിലവില്‍ അമേരിക്ക, കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ മാത്രമെ ഫ്യൂഷന്‍ ക്യാമറയ്ക്കായുള്ള പ്രീ ബുക്കിങ് സാധിക്കുകയുള്ളൂ.