ലീഡ്സ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ചരിത്രം കുറിച്ചു. ഒരു ലോകകപ്പ് എഡിഷനിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റിക്കാർഡ് ഇന്ത്യൻ ഉപനായകൻ ഇന്നലെ സ്വന്തമാക്കി. ഇംഗ്ലീഷ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന ലീഗ് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ 103 റൺസ് നേടിയതോടെയാണ് രോഹിത് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഒരു ലോകകപ്പ് എഡിഷനിൽ 600 ലധികം റൺസ് നേടുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് രോഹിത്. സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരവും.
ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്കെതിരേയാണ് ഈ ലോകകപ്പിൽ രോഹിത്തിന്റെ സെഞ്ചുറികൾ. ഇന്നലത്തെ സെഞ്ചുറി തുടർച്ചയായ മൂന്നാമത്തേതാണ്. ഏകദിന ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന റിക്കാർഡിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും രോഹിത് എത്തി. ഇരുവർക്കും ആറ് സെഞ്ചുറി വീതമാണുള്ളത്.