ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരിധി വിട്ടു സഹികെട്ട് ബിജെപി നേതൃത്വം
മുഖ്യനെ ഡൽഹിയ്ക്ക് വിളിപ്പിച്ചു പ്രധാന മന്ത്രി
വിവാദ പ്രസ്താവനകൾ തുടർക്കഥ യാക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും കാണാനാണ് നിർദേശം . ബിപ്ലബ് ദേ ബിന്റെ പ്രസ്താവനകൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും കർണാടക തിരഞ്ഞെടുപ്പിൽപോലും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നുവെന്ന ബി പ്ലബ് ദേബിന്റെ പ്രസ്താവന ഏറെ പരിഹാസത്തിന് വഴിവെച്ചിരുന്നു. ഡയാന ഹെയ്ഡനെ ലോക സുന്ദരിയായി തിരഞ്ഞെടുത്തതിനെ ത്രിപുര മുഖ്യമന്ത്രി വിമർശിച്ചിരുന്നു. മെക്കാനിക്കൽ എൻജിനിയർമാരല്ല സിവിൽ എൻജിനിയർമാരാണ് സിവിൽ സർവീസിന് ശ്രമിക്കേണ്ടതെന്ന് പറഞ്ഞും കഴിഞ്ഞ ദിവസം പുലിവാല് പിടിച്ചു. സർക്കാർ ജോലിക്കായി കാത്തിരിക്കാതെ യുവാക്കൾ പാൻ കട തുടങ്ങുകയോ പശുവിനെ വളർത്തുകയോ ചെയ്യണമെന്നാണ് ഞായറാഴ്ച ബിപ്ലബ് ദേവ് പറഞ്ഞത്.
എല്ലാ വീട്ടിലും ഒരു പശുവെങ്കിലും ഉണ്ടാകുമ്പോൾ പിന്നെന്തിനാണ് ജോലിക്കായി നേതാക്കളുടെ പിറകെ ഓടുന്നത്. ഒരു ലിറ്റർ പാലിന് 50 രൂപ വരെ ലഭിക്കുന്നുണ്ട്. ബിരുദധാരികൾക്കു പശുവിൻപാൽ കച്ചവടത്തിലൂടെ മാത്രം പത്തു വർഷം കൊണ്ട് പത്തു ലക്ഷം രൂപവരെ സമ്പാദിക്കാനാകും– ബിപ്ലബ് തട്ടിവിട്ടു