ദുബായ് ∙ വേഗത്തിൽ യാത്ര ചെയ്യാൻ നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് വിമാനങ്ങൾ. സാധാരണ വിമാനങ്ങളെ വെല്ലുന്ന മറ്റൊരു തകർപ്പൻ വിമാനമാണ് ഇത്തവണത്തെ ദുബായ് എയർഷോയിൽ പരിചയപ്പെടുത്തിയത്. ബൂം സൂപ്പർ സോണിക് എന്നാണ് ഈ വിമാനത്തിന്റെ പേര്.
ദുബായിൽ നിന്ന് നാലര മണിക്കൂർ കൊണ്ട് യാത്രക്കാരെ വിമാനം ലണ്ടനിൽ എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വിമാനത്തിന്റെ പൈലറ്റ് ടെസ്റ്റ് അടുത്ത വർഷം നടത്തുമെന്നും 2020ഒാടെ വിമാനങ്ങൾ ജനങ്ങളുടെ യാത്രയ്ക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സ്ഥാപകൻ ബ്ലേക്ക് സ്കോള്‍ പറഞ്ഞു.

സാധാരണ വിമാനങ്ങളെക്കാൾ 2.6 മടങ്ങ് വേഗത കൂടുതലാണ് ബൂം സൂപ്പർ സോണിക് വിമാനത്തിന്. 55 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. നിലവിൽ ബിസിനസ് ക്ലാസ് യാത്രയ്ക്ക് നൽകുന്ന പണമായിരിക്കും ഈ വിമാനത്തിലെ ഒരു ടിക്കറ്റിന്റെ നിരക്കെന്നും അധികൃതർ അറിയിച്ചു. ദുബായ് എയർഷോയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ അറിയിച്ചത്.
സൈറ്റ് തിരഞ്ഞെടുക്കുന്ന പരിപാടിയിലാണ് കമ്പനി ഇപ്പോൾ. യുഎസിൽ ആണ് നിലവിൽ വിമാനം നിർമ്മിക്കുന്നത്. മറ്റു സൈറ്റുകൾ ലോകത്തിൽ എവിടെ വേണമെങ്കിലും ആകാം. സബ്സോണിക് വിമാനങ്ങളേക്കാൾ അൽപം വേഗത്തിൽ ലാൻഡിങ് നടത്താനും ടേക്ക് ഒാഫ് നടത്താനും ഇത്തരം വിമാനങ്ങൾക്ക് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.