Take a fresh look at your lifestyle.

പ്രീയപ്പെട്ട അനുജൻ ജി.ഭുവനേശ്വരന്‍ പന്തളം എൻ എസ് എസ് കോളജിൽ വെച്ച് കൊല്ലപെട്ടത്‌ കെ. എസ്. യു ക്കാരും നായർപ്രമാണികളുടെ ഗൂഢസംഘവും ചേർന്ന് നടത്തിയ മർദ്ദനമേറ്റ്‌ : മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം:തന്റെ അനുജനെ കൊലപ്പെടുത്തിയ ദിവസത്തെ സംഭവങ്ങൾ എല്ലാം കൃത്യമായി വിവരിച്ചുകൊണ്ടുള്ള മന്ത്രി ജി സുധാകരന്റെഎഫ് ബി പോസ്റ്റ് നെഞ്ച് പൊട്ടും വേദനയോടെ,തന്റെ അനുജനോടുള്ള സ്നേഹം വിളിച്ചറിയിച്ചുകൊണ്ടു യാഥാർഥ്യത്തോടെ കുറിച്ചപ്പോൾ വായിക്കുന്നവരിലും വേദനയായി മാറുന്നു.കെ എസ് യു വിനോപ്പം നായർപ്രമാണിമാരുടെ ഗൂഢസംഘവും അനുജനെ കൊന്നതിന് കാരണക്കാർ എന്നും മന്ത്രി സുധാകരൻ പറയുന്നു ഇന്നാരുന്നു ഭുവനേശ്വരൻ രക്തസാക്ഷിത്വ ദിനാചരണത്തിൽ ജേഷ്ടൻ മന്ത്രി ജി സുധാകരൻ പുഷ്പാർച്ചന nadathi
എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം

ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്..

സ: ജി.ഭുവനേശ്വരന്‍ – പന്തളം എന്‍.എസ്.എസ് കോളേജില്‍ പഠിക്കുന്ന കാലം – എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. ആയിരത്തിലെറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തളം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായിട്ട് ചുമതല ഏൽക്കുമ്പോള്‍ വയസ്സ് 17.

18 മത്തെ വയസ്സില്‍ 2ആം വര്‍ഷ ബി.എ എക്കണോമിക്സിന് പഠിക്കുമ്പോള്‍ കെ.എസ്.യു വിന്‍റെയും പന്തളത്തെ നായര്‍ പ്രമാണിമാരുടെ ഗൂഢസംഘമായ ഡി.എസ്.യു വിന്‍റെയും മര്‍ദ്ദനമേറ്റാണ് രക്തസാക്ഷിയാകുന്നത്.
ഭുവനേശ്വരന്‍ എന്‍റെ ഏറ്റവും ഇളയ അനുജനാണ്. ഒപ്പം എനിക്ക് ഏറെ പ്രിയപ്പെട്ടവനും.. കുട്ടികാലം മുതല്‍ തന്നെ കലാ – കായിക – സാംസ്കാരിക രംഗത്ത് ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. വിശിഷ്യ കഥകളും, കവിതകളും അവന്റെ ഭാവനയ്ക്ക് ചിറക് മുളപ്പിച്ചു.. പഠനത്തിലും മിടുക്കനായിരുന്നു.

പന്തളം എന്‍.എസ്.എസ്. കോളേജില്‍ 2 ഡിസംബര്‍ 1977 തിയതി എസ്.എഫ്.ഐ കാരും കെ.എസ്.യു കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പന്തളത്തെ പ്രമാണിമാരായ കുറച്ചാളുകളുടെ മക്കളും അവരുടെ ഗുണ്ടകളുടെ മക്കളുമാണ് കെ.എസ്.യു വില്‍ ഉണ്ടായിരുന്നത്. അന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് ഭാഗത്തും പരിക്കേറ്റു.

ഇതൊന്നും അറിയാതെ ഭുവനേശ്വരന്‍ ക്ലാസിലായിരുന്നു. ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ക്ലാസ് മുറിയില്‍ എത്തി ‘നമ്മുടെ പ്രവര്‍ത്തകരെ പുറത്തിട്ട് മര്‍ദ്ദിക്കുന്നു’ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. ഇത് കേട്ട ഭുവനേശ്വരന്‍ ക്ലാസില്‍ നിന്നും ഇറങ്ങി സംഭവസ്ഥലത്തേക്ക് ചെല്ലുന്നിടയ്ക്ക് പ്രിന്‍സിപ്പലിന്‍റെ മുറിക്ക് മുന്നില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഭുവനേശ്വരനെ തടഞ്ഞ് സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു.

ആ അടിയില്‍ കണ്ണ് പൊട്ടുകയും പിന്നീട് തപ്പിതടഞ്ഞ് ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ മുറിയിലേക്ക് ഓടിക്കയറി വിശ്രമിക്കുമ്പോള്‍ അവിടേയും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തി വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് തലകീഴായി വെച്ച് സിമന്‍റ് തറയില്‍ പലതവണ തല അടിക്കുകയും ചെയ്തതോടെ അബോധാവസ്ഥയിലായപ്പോൾ അവര്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.

ഉച്ചയോടെയാണ് അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോൾ തന്നെ അവർ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ തന്നെ മാറ്റുകയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് ഡോ: നമ്പ്യാര്‍ പരിശോധിച്ചതിന് ശേഷം പറഞ്ഞത് ഓപ്പറേഷന്‍ ചെയ്തിട്ടും കാര്യമില്ല എന്നായിരുന്നു..

തലച്ചോറ് തകര്‍ന്ന് കലങ്ങി പോയിരുന്നു.. 5 ദിവസം അബോധാവസ്ഥയില്‍ കിടന്ന ഭുവനേശ്വരനെ ഡിസംബര്‍ 7 ന് രാവിലെ ഓപ്പറേഷന്‍ നടത്തുകയും 12 മണിയോടെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്ത് കൊണ്ട് വന്നെങ്കിലും 12.30 ഓടെ ഭുവനേശ്വരന്‍ രക്തസാക്ഷിയാവുകയുമായിരുന്നു.

സ: ജി.ഭുവനേശ്വരൻ എന്ന സഹോദരനെ എനിക്ക് നഷ്ടപ്പെട്ടുവെങ്കിലും താൻ വിശ്വാസിച്ച പ്രസ്ഥാനത്തിന്റെ പതാക വാനിൽ ഉയർത്തി കെട്ടാനും പ്രമാണി വർഗ്ഗത്തിന്റെ അക്രമണങ്ങൾക്ക് മുന്നിൽ പതറാതെ തന്റെ പ്രസ്ഥാനത്തെ ശക്തിയുക്തം മുന്നോട്ട് നയിക്കാനും അചഞ്ചലമായ ധൈര്യവും പോരാട്ട വീറും കാണിച്ച ഭുവനേശ്വരന്റെ സ്മരണ എന്നും നമുക്ക് അവേശമാണ്. കലാലയങ്ങളിൽ നക്ഷത്രാങ്കിത ശുഭ്ര പതാക വാനിൽ ഉയർന്ന് പറക്കുന്നതും ആയിരം കണ്oങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങൾ വാനിൽ ഉയർന്ന് കേൾക്കുന്നതും സഖാവിന്റെ രക്തസാക്ഷിത്വം വൃഥാവിലായില്ല എന്ന സത്യമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

സഖാവിന്റെ സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ…

Leave A Reply

Your email address will not be published.