ന്യൂഡൽഹി: പട്ടികജാതി/ വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ ഉത്തരേന്ത്യയിൽ പരക്കെ അക്രമം. മധ്യപ്രദേശിലെ മറേനയിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഥലത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
രാജസ്ഥാനിൽ കാറുകൾക്കും വീടിനും തീയിട്ടു. ട്രെയിനുകൾ തടയുകയും കല്ലേറുണ്ടാകുകയും ചെയ്തു. പലയിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ പോലീസിനെയും സൈന്യത്തിനെയും വിന്യസിച്ചിട്ടുണ്ട്.
ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സിബിഎസ്ഇ 10,12 ക്ലാസ് പുനഃപരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു.