കൊച്ചി: സംസ്ഥാനത്തു കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതു തിരുവനന്തപുരം ജില്ലയിൽ. സ്റ്റേറ്റ് ടിബി സെല്ലിന്റെ കണക്കുകൾ പ്രകാരം 2017-ൽ തിരുവനന്തപുരം ജില്ലയിൽനിന്ന് ഏകദേശം 2500 ക്ഷയരോഗ കേസുകളാണു റിപ്പോർട്ട് ചെയ്തത്. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലയ്ക്കാണ്. ഇവിടെനിന്നു രണ്ടായിരത്തോളം ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തൃശൂരിൽനിന്ന് 1900 കേസുകളും പാലക്കാട് നിന്ന് 1700 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിൽ നിന്ന് 1137 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗികൾ കൃത്യസമയത്ത് പരിശോധനയ്ക്ക് എത്താൻ വൈകുന്നതാണ് പലപ്പോഴും രോഗനിർണയം താമസിക്കാൻ കാരണം. 2009-ൽ സംസ്ഥാനത്ത് 26,500 ക്ഷയരോഗികളാണുണ്ടായിരുന്നു. പ്രതിവർഷം ഈ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനയ്ക്ക് എത്തുന്നവരിലെ കണക്കാണിത്. കഴിഞ്ഞ വർഷം 20,200 കേസുകളാണു റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം ഒരു ദശലക്ഷം വരും. ലോകത്ത് പ്രതിവർഷം 96 ലക്ഷം പുതിയ ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിവർഷം 22 ലക്ഷം പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നു. ഓരോ അഞ്ചു മിനിറ്റിലും ക്ഷയരോഗം മൂലം രണ്ടുപേർ മരിക്കുന്നുമുണ്ട്.
കേരളത്തിൽ ഓരോ വർഷവും 50,000 പേർ പുതുതായി ക്ഷയരോഗ ചികിത്സക്കെത്തുന്നതായാണ് കണക്ക്. 2011ൽ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാൽ രണ്ടുവർഷം പിന്നിട്ടപ്പോൾ ഇത് ഇരട്ടിയായി വർധിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ ഒരുലക്ഷം പേരിൽ 165 പേർക്ക് ക്ഷയരോഗമുണ്ട്.