അപൂര്‍വമായി വിരുന്നു വന്നൊരു മഴക്കാലത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ പോലെ മരുഭൂമിയില്‍ അങ്ങിങ്ങു ചിതറിക്കിടക്കുന്ന ചെറിയ കുറ്റിക്കാടുകള്‍… അംബരചുംബികൾ നിറഞ്ഞ വിസ്മയിപ്പിക്കുന്ന ദുബായ് കാഴ്ചകളില്നിന്നൊക്കെ ഒരുപാട് അകലത്തെത്തിക്കഴിഞ്ഞിരുന്നു. മണല്‍പ്പരപ്പിനെ കീറിമുറിച്ചൊഴുകുന്ന കറുത്ത നദി പോലെ ടാര്‍ റോഡ്. കുറച്ചകലെയായി റോഡരികില്‍ വാഹനങ്ങളുടെ നീണ്ട നിര. വെറും രണ്ടടി അടുത്ത് മരുസ്പര്ശം, മണല്‍ മഴകള്‍ ചിതറിച്ച് പായുന്ന വാഹനങ്ങളുടെ വിദൂര ദൃശ്യങ്ങള്‍… റോഡില്‍നിന്ന് ഇറക്കി നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളില്‍ ഏറെയും ഫോര്‍ ബൈ ഫോര്‍ ശ്രേണിയില്‍പ്പെട്ടവ. ഹമ്മര്‍, ലാന്‍ഡ് റോവര്‍, മോണ്ടെറോ, ലാന്‍ഡ് ക്രൂസര്‍… ചിലതിന്റെ ടയറുകളില്‍നിന്ന് ശ്രദ്ധയോടെ കാറ്റഴിച്ചു വിടുന്നുണ്ട് ഡ്രൈവര്‍മാര്‍. മണല്‍പ്പരപ്പിലൂടെയുള്ള സാഹസിക യാത്ര, ഡ്യൂണ്‍ ബാഷിങ്ങിനുള്ള പ്രധാന തയാറെടുപ്പാണത്. ഇനിയങ്ങോട്ട് കൃത്യമായി റോഡൊന്നുമില്ല. ഡ്രൈവറുടെ ഇച്ഛാശക്തിക്കനുസരിച്ച് മണല്‍ക്കുന്നുകള്‍ കയറിയിറങ്ങി, തറയില്‍ തൊട്ടും തൊടാതെയും, മുരളുന്ന ടയറുകളാല്‍ വലിയ ഡ്രൈവറുടെ മനോധര്മമാണിനി റൂട്ട് മാപ്പ്. കൽബല മരുഭൂമിക്കുള്ളിലെ ഡെസെര്‍ട്ട് ക്യാംപാണ് ലക്ഷ്യം….
മരുഭൂമിയിലെ സാഹസിക യാത്ര
മണല്‍ക്കുന്നുകളിലേക്ക് വണ്ടി പാഞ്ഞു കയറുമ്പോള്‍ പിന് ചക്രങ്ങളില്നിന്നുയരുന്ന മണലിന്റെ പടലങ്ങള്‍ പലപ്പോഴും പുറം കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. കൊച്ചു കൊച്ചു കുന്നുകള്‍ക്കു മുകളില്‍നിന്നു കുത്തനെ താഴേക്കാണ്, മുന്നില്‍ കരയോ കുഴിയോ എന്നു പോലും തിരിച്ചറിയാത്ത ശൂന്യത. അകലെ മറ്റു വാഹനങ്ങളുടെ അഭ്യാസങ്ങള്‍ കാണുമ്പോള്‍, അത്ര പെട്ടെന്നൊന്നും ഇതു മറിയുകയൊന്നുമില്ല എന്നൊരു ആശ്വാസം മാത്രം. നാലു ചക്രത്തിലെ ട്രപ്പീസ് കളിക്കിടെ വരുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുന്നുണ്ട് ഡ്രൈവര്‍. വിഡിയൊ ഗെയിം കളിക്കുന്നത്ര ആയാസരഹിതമായി ഒറ്റക്കൈയില്‍ വണ്ടി പറപ്പിക്കുകയാണ് പഹയന്. സാധാരണ റോഡുകളില്‍ 35 പിഎസ്ഐ എയര്‍ പ്രഷറാണ് ടയറില്‍ വേണ്ടതെങ്കില്‍ മരുഭൂമിയില്‍ 10-12 പിഎസ്ഐ മതി.
മുഖത്ത് ചിരി വരുത്താന്‍ ശ്രമിക്കുമ്പോഴും ശ്വാസം പിടിച്ചുള്ള ഇരിപ്പാണ് യാത്രക്കാര്‍ക്ക്. ഇടയ്ക്കിടെ അറിയാതെ ഉയരുന്ന വിഹ്വലമായ നിലവിളികളും അകമ്പടിയാകുന്ന ചിരിയുടെ ചിലമ്പലുകളും. ഒടുവില്‍ സാഹസികതയ്ക്ക് ആശ്വാസമായി അങ്ങകലെ കൂടാരങ്ങളുടെ വര്ണത്തലപ്പുകള് കാണാറായി. അടുത്തേക്കു ചെല്ലുമ്പോള്‍ വലിയ കമാനം, സിംഹങ്ങളുടെ വലിയ പ്രതിമകളൊക്കെ മുന്നില്‍ വച്ചിട്ടുണ്ട്. അടുത്തു തന്നെ ഒട്ടക സവാരിക്കുള്ള സന്നാഹങ്ങള്‍. മണല്ക്കാട്ടിലൂടെ ദീര്‍ഘദൂരം ഒട്ടകപ്പുറത്തു സവാരി നടത്തണമെങ്കില്‍ അങ്ങനെ, അത്രയ്ക്ക് ആഡംബരം വേണ്ടെന്നാണെങ്കില്‍ ക്യാംപിനു ചുറ്റും ഒന്നു കറങ്ങി വരുകയുമാവാം.
ജേക്കബിന്റെ സ്വര്ഗരാജ്യത്തിലൊക്കെ കണ്ടു മോഹിച്ച ഡെസേര്‍ട്ട് ബൈക്കായിരുന്നു ഈ നേരമത്രയും മനസില്‍. ക്വാഡ് ബൈക്ക് എന്നാണതിനു പേരെന്ന് അവിടെ വച്ചു മനസിലായി. ചക്രം നാലുണ്ട്. എന്നാലും, ടൂ വീലര്‍ ഓടിച്ചു ശീലിച്ചവര്‍ അതില്‍ കയറിയിരുന്ന് ഹാന്‍ഡില്‍ പിടിക്കുമ്പോള്‍ അറിയാതെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു പോകും, ഒരുതരം മസില് മെമ്മറി. പ്ലാറ്റ്ഫോമില്‍ നിന്നു കാലെടുത്ത് നിലത്തു കുത്താന്‍ തോന്നും. വേണമെന്നു വച്ചാല്‍ പോലും ഈ സാധനം മറിക്കാന്‍ പറ്റില്ലെന്ന ബോധം മനസിലുറയ്ക്കാന് സമയം കുറച്ചെടുക്കും.
ബാലന്‍സ് പിടിച്ച് പിടിച്ച് നിന്നിടത്തു വട്ടത്തില്‍ ചുറ്റുന്ന വണ്ടിയുടെ ചക്രപ്പാടുകള്‍ കൂടുതല്‍ കൂടുതല്‍ വലിയ വൃത്തങ്ങള്‍ വരച്ചു തുടങ്ങുമ്പോള്‍ ആശ്വാസവും ആവേശവും ഒപ്പത്തിനൊപ്പം. മണലില്‍ ഹാന്‍ഡില്‍ ബാലന്‍സൊക്കെ ശരിയായി വരുമ്പോള്‍ കുന്നു കയറാനും കുത്തനെ താഴേക്കു ചാടിക്കാനുമൊക്കെ തോന്നിയെന്നിരിക്കും. പക്ഷേ, മണലില്‍ പുതഞ്ഞാല്‍ പിന്നെ രക്ഷയില്ല. വേറേ വണ്ടിയില്‍ ആളെത്തിയിട്ടു വേണം റിവേഴ്സ് ഗിയറൊക്കെയിട്ട് പിന്നോട്ട് ചാടിച്ചെടുക്കാന്.
മഞ്ഞയെ ചുവപ്പിക്കുന്ന സൂര്യന്
ക്വാഡ് ബൈക്കിലെ കറക്കം കഴിയുമ്പോഴേക്കും ക്യാംപില്‍ ലഘു ഭക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ടാവും. നാട്ടില്‍ കിട്ടുന്ന ഷവര്‍മ അവിടെ എത്ര അറബിക് ആയൊന്നും തോന്നണമെന്നില്ല. ടെന്റുകളാല്‍ ചുറ്റപ്പെട്ട മണല്‍പ്പരപ്പിന്റെ ഒത്ത നടുവില്‍ വൃത്താകൃതിയിലുള്ള വേദി. അതിനു ലംബമായി ചുറ്റും നിരത്തിയ, പൊക്കം തീരെ കുറഞ്ഞ മേശകള്‍. തറയില്‍ ഇരിക്കാന്‍ കുഷ്യനുകള്‍. ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. ദിക്കറിയാതെ ചുവപ്പു രാശിയിലേക്ക് കണ്ണുകള്‍ ചലിക്കുമ്പോള്‍ മണല്ക്കുന്നുകള്ക്കപ്പുറത്തേക്കു മറയാന്‍ സൂര്യന് തയാറെടുക്കുന്നു.
ക്യാംപിന്റെ പടിഞ്ഞാറേ അതിരില്‍ കോട്ട കെട്ടിയ പോലൊരു മണല്ക്കുന്ന്. ഓടിക്കയറാമെന്ന മോഹം മൂന്നോ നാലോ ചുവടില്‍ അസ്തമിച്ചു. പൂണ്ടു പോകുന്ന പാദങ്ങള്‍ വലിച്ചെടുത്ത് വലിഞ്ഞു കയറിയപ്പോഴേക്കും ലഘുഭക്ഷണം നല്ലോണം ദഹിച്ചിട്ടുണ്ടാവും. പക്ഷേ, അവിടെനിന്നുള്ള കാഴ്ച അതെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. മണലിന്റെ മങ്ങിയ മഞ്ഞ നിറത്തിന് ആഴം കൂടിയിരിക്കുന്നു. അല്‍പ്പം മുന്‍പു കണ്ട പൊരിവെയിലിന്റെ പൊള്ളിക്കുന്ന ദൃശ്യം ഫോട്ടോ ഷോപ്പിലിട്ടൊന്ന് ലൈറ്റ് കുറച്ച് കോണ്ട്രാസ്റ്റ് കൂട്ടിയ എഫക്റ്റ്.
സായംസന്ധ്യയില്‍ പടിഞ്ഞാറേ ചക്രവാളം ചുവപ്പിച്ച് കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യന്…, നീലമലകളെ ചെമ്പട്ടുടുപ്പിച്ച് പിന്നിലേക്കു മറയുന്ന സൂര്യന്…, മരക്കൂട്ടങ്ങളുടെ പച്ചപ്പിനെ കറുപ്പിച്ച് കാട്ടില്‍ ഇരുട്ടു വീഴ്ത്തുന്ന സൂര്യന്… അങ്ങനെ എത്രയെത്ര അസ്തമയങ്ങള്‍. അവയൊക്കെ നിഷ്പ്രഭമാക്കുന്നതു പോലെ ഇതാ കണ്മുന്നില് സൂര്യന് മണല്‍ ചക്രവാളത്തിനപ്പുറത്തേക്ക് യാത്രയാകുന്നു. അസ്തമയത്തിന്റെ ഏറ്റവും വ്യത്യസ്തമായൊരു ദൃശ്യം. വര്‍ണ സമൃദ്ധിയുടെ കോംപ്ലിക്കേഷനുകളില്ല. മേഘത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത ആകാശവും മണലിന്റേതല്ലാതെ ഒരു നിറവും കാണാനില്ലാത്ത ഭൂമിയും, അതിനു നടുവില്‍ കത്തിത്തീരാറായ സൂര്യനും. ഏറ്റവും എളിമയുള്ളൊരു അസ്തമയ ദൃശ്യം.
കുന്നില്‍ നിന്നു തിരിച്ചിറങ്ങാന്‍ എളുപ്പം, സ്കേറ്റ് ബോര്‍ഡ് രണ്ടു മൂന്നെണ്ണം വെറുതേ കിടക്കുന്നു. ഇറങ്ങിച്ചെലുമ്പോഴേക്കും വേദിക്കു ചുറ്റും തിരക്കേറിത്തുടങ്ങി. കാഴ്ചയ്ക്കു തടസമുണ്ടാക്കും വിധം എഴുന്നേറ്റു നില്‍ക്കരുതെന്ന അനൗണ്‍സ്മെന്റുകള്‍ ഉയര്‍ന്നു തുടങ്ങി. വേദിയിലേക്കു മാറ്റം പ്രകാശം കേന്ദ്രീകരിച്ചിരിക്കുന്നു. കലാ പ്രകടനങ്ങള്‍ക്കു തുടക്കമാകുകയാണ്. ഫയര്‍ ഡാന്‍സ്, തന്യൂറ, ഏറ്റവുമൊടുവില്‍ ഷോ സ്റ്റോപ്പറായി ബെല്ലി ഡാന്‍സ്. ഗള്‍ഫ് പര്യടനങ്ങളിലെ സ്റ്റീരിയോടൈപ്പ് ദൃശ്യങ്ങളില്‍ ഇടം നേടിക്കഴിഞ്ഞ ഇതിനൊന്നും പക്ഷേ, എമിറേറ്റിന്റെ ചരിത്രവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ലെന്നത് മറ്റൊരു കാര്യം.
ബെല്ലി ഡാന്‍സിന്റെ അവസാനത്തെ താളവും പതിഞ്ഞില്ലാതാകുന്നു. അപ്പോഴേക്കും ചുറ്റുമുള്ള ടെന്റുകളിലൊന്നിലെ മദ്യശാലയില്‍ സ്റ്റോക്ക് തീരാറായിട്ടുണ്ടാവും; മൈലാഞ്ചിയിടാന്‍ വെളിച്ചം ശേഷിക്കാതായിരുന്നു; ജ്യൂസ് കടകളിലെ പഴക്കൂടകള്‍ കാലിയായിക്കഴിഞ്ഞിരുന്നു; വിഭവസമൃദ്ധമായ അറബിക് ബുഫെ ഡിന്നറും കഴിഞ്ഞിട്ടുണ്ടായിരുന്നു…
മടക്കയാത്രയില്‍ ഡ്യൂണ്‍ ബാഷിങ്ങൊന്നുമില്ല. നക്ഷത്രാങ്കിതമായ ആകാശത്തിനു കീഴെ അനന്ത വിശാലമായ മരുഭൂമിക്കു നടുവിലൂടെ അവസാനമില്ലാത നീണ്ടു കിടക്കുന്ന വിശാലമായ റോഡില്‍ ശാന്തമായ യാത്ര. ഉറക്കത്തിലേക്കു വഴുതുമ്പോള്‍ മനസിലെ മരുപ്പച്ചകള്‍ മണല്‍ക്കുന്നുകള്‍ തീവ്രവേഗത്തില്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു…. ദുബായ് ഹൊറൈസണ്‍ എന്നു വിളിക്കുന്ന, പടുകൂറ്റന്‍ കെട്ടിടങ്ങളില്‍നിന്നുള്ള വെളിച്ചം തീര്‍ക്കുന്ന പുതിയ നഗര ചക്രവാളത്തിലേക്കു മടക്കം. ദുബായിയുടെ ജീവന് ഈ പിന്നിടുന്ന മണല്‍ക്കാട്ടിലായിരുന്നു എന്ന്; മുന്നില്‍ കാണുന്ന കോണ്‍ക്രീറ്റ് യാന്ത്രികതകളിലല്ലെന്ന് ഒക്കെ തോന്നിക്കുന്ന അനുഭൂതികളിലൂടെയാണാ മടക്കം. ബുര്‍ജ് ഖലീഫയും ദുബായ് മാളും മ്യൂസിക്കല്‍ ഫൗണ്ടനുമൊക്കെ ഏതോ പുലര്‍കാല സ്വപ്നം പോലെ മറവിയിലേക്കു മറയുമ്പോള്‍, മനസിലെ മരുഭൂമിയാകെ കണ്ണുകളെ കടലോളം ത്രസിപ്പിക്കുന്നൊരു മരുപ്പച്ചയായി ശേഷിച്ചിരുന്നു.