അവേശകരമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്തള്ളി അർജന്റീന ആരാധകരുടെ പ്രതീക്ഷ കാത്തു. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ലോകകപ്പ് കാത്തിരുന്ന മെസ്സിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും, പെനാല്‍റ്റി നേടി തിരിച്ചടിച്ച് നൈജീരിയ ഞെട്ടിച്ചു. എന്നാൽ കളി തീരാൻ മിനുറ്റുകൾ ശേഷിക്കെ മാർക്കസ് റോഹോ മനോഹരമായ ഒരു വോളിയിലൂടെ അർജന്റീനയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ക്രൊയേഷ്യയോട് 3-0 ന് തോറ്റതിന്റെ നാണക്കേടുമായാണ് അർജന്റീന കളത്തിലിറങ്ങിയത്. നൈജീരിയ ഐസ്ലാന്റിനെ തോപ്പിച്ചത് ആശ്വാസമായെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനയ്ക്ക് പ്രീ ക്വാർട്ടർ പ്രവേശനത്തിന് സഹായിക്കില്ലായിരുന്നു. ടീം സെലക്ഷന് ഏറെ പഴി കേട്ട സാമ്പോളി പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണനിരയിലും ഒരുപ്പോലെ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ ടീം ഇറക്കിയത്. 4-4-2 ഫോർമേഷനിൽ കോർത്തിണക്കിയ ടീമിൽ റോഹോയും, ബനേഗയും, ഡി മറിയയും, ഹിഗ്വയ്നും സ്ഥാനം പിടിച്ചു. തുടക്കം മുതൽ തന്നെ ആത്മവിശ്വാസത്തോടെ പന്തു തട്ടി ആദ്യ രണ്ട് കളിയിൽ നിന്നും വ്യത്യസ്ഥമായി തീർത്തും പുതിയ ഒരു ടീമിനെ പോലെ തോന്നിച്ചു. മെസ്സി ചുക്കാൻ പിടിച്ച മികച്ച പല നീക്കങ്ങളും നടന്നു. 14 മിനുട്ട് കഴിഞ്ഞപ്പോളാണ് ലോകം കാത്തിരുന്ന ആ നിമിഷം വന്നെത്തിയത്.എവർ ബനേഗ നല്കിയ ഒരു ലോങ്ങ് പാസ്സ്, നൈജീരിയൻ പ്രതിരോധതാരത്തെ പിന്തള്ളി ബോക്സിലേക്ക് ഓടിയ ലയണൽ മെസ്സി ഇടം കാലുകൊണ്ട് മൃദുലമായി തൊട്ട് താഴെ ഇറക്കി. ഗോളിക്കും ഡിഫന്ററിനും എത്തിപ്പെടാൻ പഴുത് നല്‍കാതെ വലതുകാലിനാൽ മനോഹരമായ ഒരു ഷോട്ട്. തീർത്തും ലോകോത്തരം എന്നു പറയാൻ പറ്റുന്ന തരത്തിൽ തന്റെ ലോകകപ്പിലെ ആദ്യ ഗോൾ നേടി മെസ്സി അർജന്റീനിയൻ ആരാധകരുടെ മുഴുവൻ പ്രതീക്ഷകളും, കാത്തിരിപ്പും അന്വർത്ഥമാക്കി. ലോകകപ്പിലേ നൂറാം ഗോളായിരുന്നു ഇത്. എല്ലായിടത്തും അവേശക്കടലിരമ്പി. ഗോളുകൾ ആഘോഷിച്ചു. പിന്നീടും അർജന്റീന ആവേശത്തോടെ തന്നെ കളിച്ചു. ഡി മരിയ മികച്ച നീക്കങ്ങളുമായി ഇടതുവിങ്ങിൽ നിറഞ്ഞുനിന്നു. മഷറാനോയും, ബനേഗയും മധ്യനിര പിടിച്ചടക്കി. നിമിഷങ്ങൾക്കുള്ളിൽ മെസ്സി നല്കിയ ഒരു ത്രൂ പാസ്സ് ഹിഗ്വയ്ന് എത്തിപിടിക്കാൻ പറ്റിയില്ല. മികച്ച ഒരവസരമായിരുന്നു അത്. 1-0 ന് ആദ്യപകുതി അവസാനിച്ചു. പഴുതുകളില്ലാതെ അർജന്റീനിയൻ പ്രതിരോധം നിലകൊണ്ടു. രണ്ടാം പകുതിയിൽ പക്ഷേ അർജന്റീനിയെ തേടി ആ ദുരന്തം വന്നു. നൈജീരിയക്ക് ലഭിച്ച കോർണർ കിക്ക് പ്രതിരോധിക്കവേ മഷറാനോ ഒരു കളിക്കാരനെ താഴെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. അത്രയും നേരത്തെ ആഘോഷങ്ങൾ നിലച്ചു. നൈജീരിയക്ക് വേണ്ടി വിക്റ്റർ മോസസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. മത്സരം 1-1 ന് സമനിലയിൽ. എന്തായാലും വിജയിച്ചെ പറ്റു എന്നായിരുന്നു അർജന്റീനയ്ക്ക്. അതിനായി അവർ നൈജീരിയൻ പെനാല്‍റ്റി മേഖലയിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചു. പാവനിനെ നേരത്തെ തന്നെ കളത്തിലിറക്കി. പല ക്രോസ്സുകളൂം, ഗോളാക്കി മാറ്റാൻ ആളില്ലാതെ പെനാൽട്ടി ബോക്സിലൂടെ കടന്നു പോയി. ഹിഗ്വയ്ൻ ഒരു മികച്ച അവസരം പാഴാക്കിയതോടെ ഭാഗ്യക്കേടിന്റെ സൂചനകൾ ലഭിച്ചു തുടങ്ങി. എന്നാൽ, തളരാൻ അവർ ഒരുക്കമായിരുന്നില്ല. കളി കഴിയാൻ 4 മിനുറ്റുകൾ മാത്രം ശേഷിക്കെ, വലതുവിങ്ങിൽ നിന്നും മെർക്കാഡൊ നല്കിയ ക്രോസ്സ്, ആരും മാർക്ക് ചെയ്യാതെ നിന്ന മാർക്കസ് റോഹോ മികച്ച ഒരു വോളിയിലൂടെ പോസ്റ്റിന്റെ വലതുമൂലയിൽ പതിപ്പിച്ചു. അർജന്റീനയുടെ രക്ഷകനായി അവതരിച്ച നിമിഷം. ഗാലറിയിൽ മറഡോണ ആവേശതിമിർപ്പിലായി.മത്സരം 2-1 ന് ജയിച്ച് അർജന്റീന പ്രീ ക്വാർട്ടറിലേക്ക്.
ഇതാണ് ഞാൻ കാണാൻ ആഗ്രഹിച്ച അർജന്റീനയെന്ന് ഓരോ ആരാധകനും പറഞ്ഞ പ്രകടനം. ഇതേ ആവേശം ഇനിയും പുറത്തെടുക്കാൻ സാധിച്ചാൽ ഈ ടൂർണമെന്റിൽ ഇനിയും ഏറെ മുന്നേറാം ഈ ടീമിന്. ശനിയാഴ്ച്ച ഫ്രാൻസിനോടാണ് അർജന്റീനയുടെ പ്രീ ക്വാർട്ടർ മത്സരം. കളിയിലുടനീളം തന്റെ പ്രതിഭ പുറത്തെടുത്ത മെസ്സിയാണ് കളിയിലെ കേമൻ. ഈ മെസ്സിയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കണം. ഇനിയും കാത്തിരിക്കാം കൂടുതൽ മെസ്സി മാജിക്കുകൾക്കായി.