Take a fresh look at your lifestyle.

ലൈംഗികത, ആനന്ദവും സ്വാതന്ത്ര്യവും

വനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളില്‍ ചെറുപ്പക്കാര്‍ക്ക് രതിയുമുണ്ട്. മടിയേതുമില്ലാതെ രതി ആനന്ദവും സ്വാതന്ത്ര്യവുമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാവുന്നവര്‍ പണ്ട് കുറവായിരുന്നു. എന്റെ മനസ് പോലെ ശരീരവും എന്റേതാണ്. അതിന് അതിന്റേതായ ആഗ്രഹങ്ങളുണ്ട് എന്ന് വെളിപ്പെടുത്താന്‍ ഇന്ന് ചെറുപ്പക്കാര്‍ മുമ്പില്ലാത്തവണ്ണം തയ്യാറാണ്.

എന്തിനാണ് പാപബോധം? 

1വിലക്കപ്പെട്ട കനിയല്ല ഇന്ന് സെക്‌സ്, അത് ഭയങ്കര പാപമാണെന്നുള്ള കാഴ്ചപ്പാടുമില്ല. കാലത്തിന്റെ അതിവേഗമാറ്റങ്ങള്‍, അതില്‍ത്തന്നെ സാങ്കേതികവിദ്യയുടെ വളര്‍ച്ച…ഇവയൊക്കെ സൗഹൃദങ്ങളില്‍, പ്രണയത്തില്‍ ഒക്കെ മാറ്റമുണ്ടാക്കിയിരിക്കുന്നു. അത് ലൈംഗികതാല്‍പര്യങ്ങളിലുണ്ടാക്കിയ മാറ്റവും ചെറുതല്ല. ‘ഞങ്ങളൊക്കെ മാറി ബ്രോ’  എന്ന് ചെറുപ്പക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നു.

കോളേജിലെ ഓണപ്പരിപാടി കഴിഞ്ഞ് നാലരയ്ക്കുള്ള ട്രെയിനിന് തൃശൂരിലെ വീട്ടിലേക്ക് പോവുകയാണ് എറണാകുളത്തെ കോളേജിലെ പി.ജി വിദ്യാര്‍ഥിനി. സെക്‌സിനെ കുറിച്ച് തുറന്നു സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ മറുപടിയിങ്ങനെ. ‘വിശക്കുമ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കും. മനസിനാണ് വിശപ്പെങ്കില്‍ പാട്ടു കേള്‍ക്കുകയോ സുഹൃത്തുക്കളുടെ കൂടെ കറങ്ങുകയോ ചെയ്യും. ശരീരത്തിനാണ് വിശപ്പെങ്കില്‍ അത് മാറ്റാനുള്ളതാണ് സെക്‌സ്. അതിനായിപ്പോ കല്ല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടല്ലേ. ‘

‘ഞങ്ങളുടെ ഇടയില്‍ തന്നെ സെക്‌സിനെ കുറിച്ച്  ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതിലങ്ങനെ ആണ്‍, പെണ്‍ എന്നൊന്നുമില്ല. പക്ഷെ, ആരെങ്കിലുമായി സെക്‌സ് ഉണ്ടായാല്‍ അത് രഹസ്യമാക്കി വയ്ക്കാറാണ് പലരും. ചിലരൊക്കെ പറയും. പിന്നെ, ഫിസിക്കല്‍ റിലേഷനുണ്ടായ ശേഷം മാനസികമായ അടുപ്പവും സൗഹൃദവും കൂടാറുണ്ട്.’ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരത്തുള്ള പെണ്‍കുട്ടി പറയുന്നു.

ഹൈദരാബാദില്‍ ജോലി ചെയ്യുന്ന അമലിന്റെ അനുഭവം ഇങ്ങനെ. ‘അഡ്വര്‍ടൈസിങ് മേഖലയിലാണ് വര്‍ക്ക് ചെയ്യുന്നത്. പോയ സമയത്ത് ഒരു റിലേഷനുണ്ടായിരുന്നു. അത് ഫിസിക്കല്‍ റിലേഷനിലുമെത്തിയിട്ടുണ്ട്. അവള്‍ ആദ്യമേ പറഞ്ഞു, ഒരാളില്‍ തന്നെ ഫോക്കസ് ചെയ്തുള്ള ജീവിതം ബോറാണെന്ന്. കുറച്ചുകാലം അത് തുടര്‍ന്നു. പിന്നെ പൊളിഞ്ഞു.  ആദ്യം വേദന തോന്നി. പക്ഷേ ഇപ്പോള്‍ ഞാനും അവളും കട്ട ഫ്രണ്ട്‌സാണ്.’

രതിയുമായി ബന്ധപ്പെട്ട് മതവും മറ്റും അനുശാസിക്കുന്ന പാപപുണ്യ ചിന്തകളൊന്നും തന്നെ യുവാക്കളെ അലട്ടുന്നില്ല. ‘പരസ്പരസമ്മതത്തോടെയല്ലാത്ത സെക്‌സ് മാത്രമാണ് പാപം. ഇരുവരെയും വേദനിപ്പിക്കാത്ത, മുറിപ്പെടുത്താത്ത ബന്ധങ്ങളെങ്ങനെ തെറ്റാകും’ എന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഏറിയ പങ്കിന്റെയും ചോദ്യം. സാങ്കേതികവിദ്യയും നവമാധ്യമങ്ങളിലൂടെയും മറ്റുമുള്ള തുറന്ന ചര്‍ച്ചകളും ഇടപെടലുകളും യുവാക്കളുടെ കാഴ്ചപ്പാടുകളെ മാറ്റാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്.

ഇന്റര്‍നെറ്റ് തന്നെ സുഹൃത്ത് 

2‘ഞാന്‍ ആദ്യമായി ഒരു അഡല്‍റ്റ് ഓണ്‍ലി സിനിമ കണ്ടത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. അതും അറച്ചും മടിച്ചും നാട്ടിലെ തിയ്യേറ്ററില്‍ പോയി.’ പറയുന്നത് ഒരു നാല്‍പ്പതുകാരനാണ്. അങ്ങനെയൊരു കാലമുണ്ടായിരുന്നു. അറിയുന്നവര്‍ വല്ലതും കാണുമോയെന്ന പേടികൊണ്ട് തലയില്‍ മുണ്ടിട്ട് വരെ അഡല്‍റ്റ് ഓണ്‍ലി സിനിമ കാണാന്‍ പോകുന്ന കാലം. പിന്നീട് സി.ഡി പ്ലെയര്‍ വന്നു. അപ്പോഴും വീട്ടുകാരെ പേടിച്ചു വേണം ‘അത്തരം’ സിനിമകള്‍ കാണാന്‍. പക്ഷെ, ഇന്ന് പതിനഞ്ച് വയസാകുമ്പോഴേക്കും സെക്‌സിനെ കുറിച്ച് എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടും. അതില്‍ ഏതുതരം വീഡിയോ വേണം എന്നത് സൂചിപ്പിച്ചാല്‍ മതി.

സര്‍വേയില്‍ പങ്കെടുത്തതില്‍ത്തന്നെ എഴുപത് ശതമാനം പേര്‍ക്കും ആദ്യത്തെ ലൈംഗികാനുഭവം ഉണ്ടായത് പതിനഞ്ച് ഇരുപത് വയസിനിടയിലാണ്. പതിമൂന്ന്, പതിനാല് വയസിലാണ് ആദ്യമായി ലൈംഗികതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. പ്രണയത്തിലും രതിയിലുംവരെ അവര്‍ ടെക്‌നോളജിയുടെ സാധ്യത തേടുന്നുമുണ്ട്.

സെക്‌സിനെക്കുറിച്ചറിയാന്‍ അറുപത് ശതമാനം പേരും ആശ്രയിക്കുന്നത് ഇന്റര്‍നെറ്റ് തന്നെ. സെക്‌സിലെ മാറിവരുന്ന ട്രെന്‍ഡുകള്‍ നോക്കാറുണ്ടെന്ന് ഇരുപതുവയസുള്ള നിയമ വിദ്യാര്‍ഥി.  ‘കൂട്ടുകാരുമായി സംസാരിക്കുമ്പോള്‍ സെക്‌സ് കടന്നുവരും. പുതിയ സെക്‌സ് വീഡിയോസ് കിട്ടിയാല്‍ ഷെയര്‍ ചെയ്യും.  പക്ഷെ, കുറേ കാണുമ്പോള്‍ ബോറാണ് അതും. പിന്നെ, കൂട്ടത്തിലാര്‍ക്കെങ്കിലും സെക്‌സുമായി ബന്ധപ്പെട്ട സംശയം എന്തെങ്കിലും വന്നാല്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ ഗൂഗിള്‍ ചെയ്യും.’

പോണ്‍ അടിമകളാകുമ്പോള്‍

ഒരിക്കലെങ്കിലും പോണ്‍ കാണുന്നവരില്‍ മൂന്നിലൊന്നും സ്ത്രീകളാണ് എങ്കിലും പോണ്‍ ഒരഡിക്ഷനായി വളരുന്നതു മുഖ്യമായും പുരുഷന്മാര്‍ക്കാണ്. പുരുഷന്മാര്‍ പ്രകൃത്യാതന്നെ സെക്‌സില്‍ ഏറെ പുതുമയും വൈവിദ്ധ്യവും കാംക്ഷിക്കുന്നവരാണെന്നതും, ലൈംഗികദൃശ്യങ്ങളാല്‍ കൂടുതല്‍ ഉത്തേജിതരാവുമെന്നതും, സ്ത്രീകള്‍ പ്രധാനമായും കാണാറുള്ളത് അഡിക്ഷന്‍ സാധ്യത കുറഞ്ഞ ‘സോഫ്റ്റ് പോണ്‍’ ആണെന്നതുമൊക്കെ ഇതിന് കാരണമാവുന്നുണ്ട്.

ലൈംഗികതയെയും ബന്ധങ്ങളെയുമൊക്കെപ്പറ്റി പോണില്‍ നിന്നു മാത്രം പഠിച്ചെടുത്തവര്‍ക്ക് രക്തവും മാംസവുമുള്ള ഒരു പങ്കാളിയുമായി പ്രേമ, ലൈംഗിക ബന്ധങ്ങള്‍ ഉരുവപ്പെടുത്തിയെടുക്കാനും നിലനിര്‍ത്താനുമുള്ള പാടവമുണ്ടായേക്കില്ല.

പരസ്പരം ഉണര്‍ത്തിയെടുക്കലോ ചുംബനങ്ങളോ ഇല്ലാതെ നേരെ ‘കാര്യത്തിലേക്ക് കടക്കുന്ന’ പോണ്‍രതികള്‍ കാഴ്ചക്കാരുടെ ലൈംഗികസങ്കല്‍പങ്ങളെ മോശമായി സ്വാധീനിക്കാം. രതിമൂര്‍ച്ഛയുടെ ശാരീരികാനുഭൂതിക്കൊപ്പം പങ്കാളിയുമായുള്ളൊരു ഹൃദയബന്ധത്തിന്റെയും സാന്നിദ്ധ്യമുണ്ടെങ്കിലേ ലൈംഗികതയുടെ ആസ്വാദ്യത പൂര്‍ണമാവൂ.

 

സര്‍വേയില്‍ പങ്കെടുത്തവരില്‍ മുപ്പത് ശതമാനം പേര്‍ സെക്‌സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സുഹൃത്തുക്കളെ ആശ്രയിക്കാറുണ്ടെന്ന് പറയുന്നു. രസകരമായ വസ്തുത വെറും ഏഴ് ശതമാനം പേര്‍ മാത്രമേ ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ പങ്കാളിയെ ആശ്രയിക്കുന്നുള്ളൂ എന്നതാണ്. മൂന്ന് ശതമാനംപേര്‍ക്ക് ഇതില്‍ കൂടുതലൊന്നും അറിയാനില്ലെന്നായിരുന്നു പ്രതികരണം. മാതാപിതാക്കളോട് സെക്‌സുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുന്നതാകട്ടെ വെറും ഒരു ശതമാനവും. 48 ശതമാനം മിക്കപ്പോഴും പോണ്‍ വീഡിയോ കാണാറുണ്ടെന്ന് വെളിപ്പെടുത്തുന്നു. വല്ലപ്പോഴും കാണുന്നവര്‍ 22 ശതമാനമാണ്. മുപ്പത് ശതമാനം പേര്‍ കാണാറേയില്ലെന്ന് പറയുന്നു.

ഒന്നിലധികം​ പങ്കാളികളോ

3ഒരാള്‍ക്ക് എത്ര ലൈംഗികപങ്കാളികളാകാം? ഈ ചോദ്യം പത്തോ ഇരുപതോ വര്‍ഷം മുമ്പാണ് ചോദിക്കുന്നതെങ്കില്‍ ഒന്ന് എന്ന് മാത്രമായിരിക്കും യുവാക്കളുടെ മറുപടി. ഒന്നില്‍കൂടുതല്‍ ലൈംഗികപങ്കാളികളാകുന്നതില്‍ തെറ്റൊന്നുമില്ലെന്ന് വെളിപ്പെടുത്തുന്നു യൂത്ത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ നാല്പത്തിയൊമ്പത് ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. അമ്പത്തിയൊന്നു ശതമാനം പേരാണ് പറ്റില്ല എന്ന് പറഞ്ഞിരിക്കുന്നത്.

ഒരാളോട് പ്രണയത്തിലായിരിക്കെ തന്നെ മറ്റ് ചിലരോട് ശാരീരികാകര്‍ഷണം ഉണ്ടായിട്ടുണ്ടെന്നും ഫിസിക്കല്‍ റിലേഷന്‍ ഉണ്ടായിട്ടുണ്ടെന്നും മുപ്പത്തിരണ്ട് ശതമാനം പേര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ചിലതൊക്കെ പ്രണയിക്കുന്നവരുമായുള്ള ബന്ധങ്ങളെ വഷളാക്കിയിട്ടുണ്ടെന്നും അവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

ലൈംഗികപങ്കാളികളുടെ എണ്ണം കൂടുന്നതില്‍ തെറ്റൊന്നുമില്ല എന്ന് പറയുന്നതിന്റെ കാരണവും സര്‍വേയില്‍ ഇവര്‍ വെളിപ്പെടുത്തുന്നു. ‘ചിലപ്പോള്‍ ചിലരോട് ലൈംഗികാകര്‍ഷണം മാത്രം തോന്നാം. അത് ചില യാത്രയില്‍ കാണുന്നവരാകാം. ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്നയാളാണ്. ഗോവ, ഹരിദ്വാര്‍, രാജസ്ഥാന്‍ ഒക്കെ പോയി. ഹരിദ്വാറില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അവിടുത്തെ കറക്കം ഒരുമിച്ചാക്കാം എന്നു പറഞ്ഞു. അന്ന് രാത്രി  ഒരുമിച്ചാണ് കഴിഞ്ഞത്. പിന്നീട് കണ്ടിട്ടില്ല. ഇടയ്ക്ക് വല്ലപ്പോഴും വിളിക്കും. അങ്ങനെ ചില ബന്ധങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മറുപുറത്തുള്ളയാള്‍ വിശ്വസ്തരാണെന്നും അവര്‍ക്കും നമ്മളോട് താല്പര്യമുണ്ടെന്നും കണ്ടാല്‍ സെക്‌സിലേര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്. പ്രേമിച്ച്, ദ്രോഹിച്ചും വേദനിപ്പിച്ചും പിരിയുന്നതിലും നല്ലതല്ലേ ഇത്’ ഇരുപത്തിയാറുകാരനായ ഒരു യാത്രാസ്‌നേഹിയുടെ വെളിപ്പെടുത്തല്‍.

‘ഇടയ്ക്ക് ചിലരോടൊക്കെ ശാരീരികാകര്‍ഷണം തോന്നാറുണ്ട്. അത് തുറന്നു പറയാറുമുണ്ട്. എന്നാലും ലൈംഗികാഗ്രഹം തുറന്നുപറയുന്ന ആണ്‍കുട്ടികള്‍ പോലും തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാറില്ലെന്നതാണ് രസകരം…’പറയുന്നത് കോഴിക്കോടുള്ള എന്‍ജിനീയര്‍ പെണ്‍കുട്ടി.

പക്ഷെ, ഒന്നിലധികം പങ്കാളികളാകാം എന്ന് എല്ലാവര്‍ക്കും അഭിപ്രായമില്ല. ‘ചിലപ്പോഴൊക്കെ ചില ആകര്‍ഷണങ്ങളൊക്കെ തോന്നും. പക്ഷെ, അതൊക്കെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ നമ്മള്‍ മനുഷ്യരാണെന്ന് പറഞ്ഞിട്ടെന്താ കാര്യം.’ പറയുന്നത് കോഴിക്കോടുള്ള എം.കോം വിദ്യാര്‍ഥി വിഷ്ണു.

കൂടുന്ന പെണ്‍പങ്കാളിത്തം

4‘പെണ്‍കുട്ടികള്‍ സെക്‌സിനെ കുറിച്ച് മിണ്ടരുതെന്ന ധാരണ പൊതുവേയുണ്ട്. കല്ല്യാണം കഴിക്കാന്‍ കന്യകയായ പെണ്‍കുട്ടി വേണം. ആണ്‍കുട്ടികള്‍ കന്യകനാണോ എന്ന് എങ്ങനെയാ അറിയുക.’ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തകയായ നിമിഷ.

സര്‍വേഫലം പരിശോധിച്ചാല്‍ ബന്ധങ്ങളില്‍ സ്ത്രീകളും തങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നു പറയാറുണ്ടെന്ന് വ്യക്തമാണ്. അതിന് കാരണം പൊതുവിടങ്ങളിലുള്ള അവരുടെ ഇടപെടലുകള്‍ തന്നെ.

നവമാധ്യമങ്ങളിലും മറ്റും നടക്കുന്ന ചര്‍ച്ചകളും സെക്‌സ് എന്നാല്‍ എന്തോ അശ്ലീലമാണെന്നുള്ള ധാരണകളെ തിരുത്തിയിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ചിലര്‍ വെളിപ്പെടുത്തുന്നു. ‘ഇപ്പോള്‍ ഞങ്ങളും ഇഷ്ടങ്ങള്‍ തുറന്നു പറയാറുണ്ട്. സേഫ് ടൈമാണോയെന്നൊക്കെ ശ്രദ്ധിക്കും.’ പറയുന്നത് ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി. വയസ് ഇരുപത്തിമൂന്ന്.

സെക്‌സിനായി ആരാണ് മുന്‍കയ്യെടുക്കാറുള്ളത് എന്ന ചോദ്യത്തിന് വന്ന പ്രതികരണങ്ങളും ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു. ഇരുവരും മുന്‍കയ്യെടുക്കാറുണ്ട് എന്ന് പറഞ്ഞവര്‍ എണ്‍പത്തിയൊന്ന് ശതമാനമാണ്. മുപ്പത്തിയാറ് ശതമാനം പുരുഷന്മാര്‍ തങ്ങളാണ് മുന്‍കയ്യെടുക്കാറുള്ളതെന്ന് പറയുന്നു. പതിനേഴ് ശതമാനം സ്ത്രീകളാണ് തങ്ങള്‍ മുന്‍കയ്യെടുക്കുന്നുവെന്ന് പറയുന്നത്.

സ്വവര്‍ഗാനുരാഗം

5സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാന്‍ മലയാളി യുവത്വം തയ്യാറായിത്തുടങ്ങി എന്ന് സര്‍വേ ഫലം.1986 ല്‍ ഇറങ്ങിയ ‘ദേശാടനക്കിളി കരയാറില്ല’ , 1978 ല്‍ ഇറങ്ങിയ ‘രണ്ട് പെണ്‍കുട്ടികള്‍’ തുടങ്ങിയ സിനിമകളെല്ലാം മലയാളിക്ക് സ്വവര്‍ഗാനുരാഗത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമരങ്ങളുമെല്ലാം മലയാളിയെ സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്.
സ്വവര്‍ഗലൈംഗികബന്ധത്തെ സ്വവര്‍ഗാനുരാഗമായി തെറ്റിദ്ധരിക്കാറുണ്ടെന്നും സര്‍വേയില്‍ ചിലര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

അതില്‍ പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഇരുപത്തിയേഴുകാരന്‍ പറയുന്നു. ‘പതിനഞ്ചാമത്തെ വയസിലാണ് ആദ്യമായി പോണ്‍ മൂവി കാണുന്നത്. കൂടെപ്പഠിക്കുന്ന ആണ്‍കുട്ടിയുമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ഒരുമിച്ച് സെക്‌സ് ചെയ്തു. പക്ഷെ ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയല്ല.’ 62 ശതമാനം പേരും സ്വവര്‍ഗാനുരാഗം ഒരു കുറ്റമല്ലെന്നും അവരെ അവരായി അംഗീകരിക്കണമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇരുപത്തിനാല് ശതമാനം പേരാണ് അത് തെറ്റാണെന്ന് പറയുന്നത്. പതിനാല് ശതമാനം പേര്‍ അഭിപ്രായമേയില്ല എന്ന് പറയുന്നു.

മാംസനിബദ്ധമാണ് രാഗം

മാംസനിബദ്ധമല്ല രാഗമെന്നത് മാറി രാഗവും മാംസനിബദ്ധമാണ് എന്ന് പറയുന്നിടത്തേക്ക് യൂത്ത് മാറിയിട്ടുണ്ടെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്. ബസ്‌സ്റ്റോപ്പില്‍, കോളേജില്‍, ഉത്സവത്തിന്, പെരുന്നാളിന്… ഇങ്ങിനെ മാത്രം കാമുകനെയോ കാമുകിയേയോ കണ്ടിരുന്ന കാലമൊക്കെ മാറി ഭായ് എന്ന് ചെറുപ്പക്കാര്‍.

‘ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് പ്രണയത്തിലായി. 25 വയസായി. ഇരുപത്തിയൊമ്പത് വയസാകാതെ കല്ല്യാണം വേണ്ടാന്ന് വെച്ചു. പക്ഷെ, രണ്ടുപേര്‍ക്കും സെക്‌സിനോട് താല്പര്യം തോന്നി.  ഞങ്ങള്‍ ഒരു യാത്ര പ്ലാന്‍ ചെയ്തു. അതിന് ശേഷം അടുപ്പം കൂടിയിട്ടേയുള്ളൂ.’  ഒരു കോളേജ് അധ്യാപകന്‍ പറയുന്നു.

പക്ഷെ, ‘ശാരീരികമായ അടുപ്പം മാനസികമായ അടുപ്പം പോലെയല്ല. എല്ലാംകൊണ്ടും ഒന്നാകലാണ്. അതുകൊണ്ടുതന്നെ ലൈംഗികബന്ധം കൂടി ഉണ്ടായശേഷം പിരിയേണ്ടിവന്നത് മാനസികമായി അലട്ടിയിട്ടുണ്ട്’ ഒരു ഇരുപത്തിയൊമ്പതുകാരന്‍ പറയുന്നു. ഇതേ അഭിപ്രായമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിനും.

Leave A Reply

Your email address will not be published.