വാറിംഗ്ടൺ:- വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ – വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഏപ്രിൽ15 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ യുടെ
അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സെക്രട്ടറി ശ്രീ. സുരേഷ് നായരും, കണക്കുകൾ ശ്രീ. എബി തോമസും അവതരിപ്പിച്ചു. അതിനു ശേഷം നടന്ന പൊതുചർച്ചകൾക്കുശഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ശ്രീ.സുരേഷ് നായരെ തിരഞ്ഞെടുത്തു. ശ്രീ.ജോബി സൈമൺ ആണ് പുതിയ സെക്രട്ടറി. ട്രഷററായി ശ്രീ. ദീപക് ജേക്കബിനെയും തിരഞ്ഞെടുത്തു. ശ്രീമതി. ദീപാ എബി (വൈസ് പ്രസിഡന്റ്), ശ്രീ.ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), ശ്രീ.റിജോ വർഗീസ് (ഓഡിറ്റർ), ആദർശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വൈകിട്ട് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനം യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ശ്രീ. ഷീജോ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. മലയാളി കൂട്ടായ്മകളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെ കുറിച്ചും, കുട്ടികളിൽ കേരള സംസ്കാരം വളർത്തുവാൻ മലയാളി അസോസിയേഷനുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ച് ശ്രീ.ഷീജോ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. വിശിഷ്ടാതിഥിയായി എത്തി ചേർന്ന എത്തിനിക് അസോസിയേഷൻ ചെയർമാൻ ശ്രീ ഹസ്സൻ ഖാസി കഴിഞ്ഞ വർഷങ്ങളിൽ മലയാളി സമൂഹം വാറിംഗ്ടൺ കൗൺസിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമർശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച്, സ്ഥാനങ്ങൾ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി ശ്രീ തോമസ് ചാക്കോ നന്ദിയും പറഞ്ഞു.
തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷൻ ഡാൻസും ഗാനമേളയും പരിപാടിക്ക് കൂടുതൽ ചാരുത നൽകി. പങ്കെടുത്ത മുഴുവൻ കൂട്ടികൾക്കും വിഷുകൈനീട്ടം നൽകി രാത്രി പത്തു മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.