സ്കൂൾ പൂട്ടൽ ഉത്തരവ് അടുത്ത അധ്യയനവർഷം നടപ്പാക്കില്ല
കൊച്ചി : അംഗീകാരവും എൻഒസിയുമില്ലാത്ത അണ് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് 2018- 2019 അധ്യായന വർഷം നടപ്പാക്കില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ മൈനോറിറ്റി സ്കൂൾസ് പ്രസിഡന്റ് ഫാ.വർഗീസ് മാണിക്കനാംപറന്പിൽ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.
അംഗീകാരമില്ലാത്ത സ്കൂളുകളെ ക്കുറിച്ചു വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നു സർക്കാർ വ്യക്തമാക്കി. തുടർന്ന് ഇക്കാര്യങ്ങൾ രേഖാമൂലം നൽകാൻ നിർദേശിച്ച കോടതി ഹർജികൾ മധ്യ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു. 2009 ലെ വിദ്യാഭ്യാസാവകാശ നിയമപ്രകാരം സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് 1500ലേറെ അണ് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. അടുത്ത അധ്യായന വർഷം ഈ സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശവും നൽകിയിരുന്നു. തുടർന്നാണ് സ്കൂൾ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്.