സ്നേഹത്തിലുമുപരി വേറൊന്നുമില്ല
മഹാഋഷി ബ്രഹ്മാനന്ദ യോഗി
ഈ കാലഘട്ടത്തിൽ മനുഷ്യർ തങ്ങളുടെ ഉള്ളിലുളള സ്നേഹത്തെ ഉണർത്താനോ അതിനെ പ്രകാശിപ്പിക്കാനോ അല്ല ശ്രമിക്കുന്നത്, പകരം മറ്റാരെയൊക്കെയോ, എന്തിനെയൊക്കെയോ സ്നേഹിക്കാനാണ്. യഥാർഥത്തിൽ നമ്മൾ സ്നേഹിക്കുന്നത് നമ്മെത്തന്നെയാണ്. മറ്റുള്ളതൊക്കെ ഒരു ഒഴികഴിവു മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള സ്നേഹം നമുക്കു തന്നെ അനുഭവിക്കാനാവുന്നതിന് മറ്റുള്ളവർ കാരണമാകുന്നെന്നു മാത്രം.
നമ്മുടെ ഉള്ളിലുള്ള സ്നേഹം തിരിച്ചറിയാനും അത് ആസ്വദിക്കാനും സ്പഷ്ടമാക്കാനും കഴിയാതിരിക്കുമ്പോഴാണ് നമ്മൾ മറ്റു വസ്തുക്കളെയോ വ്യക്തികളെയോ സാഹചര്യങ്ങളെയോ സ്നേഹിക്കുന്നത്. അതിൽനിന്നു മാറി നമ്മിലേക്കു ശ്രദ്ധ തിരിക്കുക. അപ്പോൾ സ്വതന്ത്രമായ സ്നേഹത്തിന്റെ അനുഭൂതി നമ്മുടെയുള്ളിൽത്തന്നെ അനുഭവിക്കാം.
സ്നേഹത്തിന്റെ പവിത്രതയെപ്പറ്റിക്കൂടി പറയണം. ആ പവിത്രതയാണ് സ്നേഹത്തിന് ആത്മഗൗരവം നൽകുന്നത്. ആത്മഗൗരവമുണ്ടാകുമ്പോൾ സ്നേഹത്തിൽ സത്യസന്ധതയും ആത്മാർഥതയും അനുഭവിക്കാനാകും. അതിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മൾ സ്വയം സ്നേഹിച്ചുതുടങ്ങുമ്പോൾ ആത്മഗൗരവമുണ്ടാകും. ഭയമില്ലാതെയാകും. നമ്മൾ മറ്റുളളവരെ സ്നേഹിക്കുമ്പോൾ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ നമുക്ക് ആ സ്നേഹത്തിന്റെ ചാഞ്ചല്യത്തെ സ്വീകരിക്കാനാവില്ല. നമ്മെ സ്നേഹിക്കുമ്പോൾ അത്തരം ചാഞ്ചാട്ടങ്ങൾ നമ്മെ ബാധിക്കില്ല. അത് നമ്മെ സ്ഥിരതയുള്ളവരാക്കും. അപ്പോൾ മുൻപു പറഞ്ഞ ആത്മഗൗരവം കൂടും. എളിമയും മറ്റുള്ളവരോട് സഹാനുഭൂതിയും ഉണ്ടാകും. അതിനുള്ള ചില വഴികളാണു താഴെ.
ഒന്ന്: എല്ലാത്തിനോടും കൃതജ്ഞതയുള്ളവരായിരിക്കുക. ദൈവത്തോടും പ്രകൃതിയോടും നമുക്കുള്ളതിനെല്ലാം നന്ദി പറയുക. നമുക്കുള്ളതിനെ വിലമതിക്കാനായില്ലെങ്കിൽ ഇനി ലഭിക്കുന്നതിലൊന്നും സന്തുഷ്ടരാകാനാവില്ല.
രണ്ട്: എത്ര ചെറിയ ഉപകാരം ചെയ്യുന്നവർക്കും പുഞ്ചിരിയോടെ നന്ദി പറയാൻ മറക്കാതിരിക്കുക.
മൂന്ന്: മറ്റുള്ളവരുടെ ഗുണങ്ങളെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. അപ്പോൾ ആ ഗുണങ്ങൾ നമ്മിലും പ്രത്യക്ഷമാകാൻ തുടങ്ങും.
നാല്: എപ്പോഴും ആത്മാർഥതയുള്ളവരായിരിക്കുക. അതിനു കോട്ടം തട്ടുമ്പോഴാണ് നമുക്ക് അസ്വസ്ഥതയും ഭയവും അനിശ്ചിതത്വവുമൊക്കെ തോന്നുന്നത്.
അഞ്ച്: മറ്റുള്ളവരെ ബഹുമാനിക്കണം. നമുക്കേ എല്ലാമറിയൂ, മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന മനോഭാവം പാടില്ല. മറ്റുള്ളവരെ അംഗീകരിക്കുമ്പോൾ അവരുമായുള്ള ബന്ധത്തിൽ ആത്മാർഥതയും പവിത്രതയുമുണ്ടാവും. അത്തരം അടുപ്പങ്ങൾ ഏറെ ഗുണംചെയ്യും.
ആറ്: നല്ല കേൾവിക്കാരാകുക. ഒരാൾക്കു പറയാനുള്ളത് സഹാനുഭൂതിയോടെ, ആത്മാർഥമായി ഹൃദയം കൊണ്ടു കേൾക്കുക. അങ്ങനെ അവരുടെ കണ്ണുകളിലേക്കു നോക്കി അവരെ കേൾക്കുമ്പോൾ നമുക്ക് അവരെയും അവർക്ക് നമ്മളെയും മനസ്സിലാക്കാൻ സാധിക്കും.
ഏഴ്: ഇന്ന് മനുഷ്യർ തമ്മിൽ സംഭാഷണം നടക്കുന്നുണ്ടെങ്കിലും കേൾക്കുന്നവർ ചുരുക്കമാണ്. കാരണം എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒഴിവാക്കാനായാൽ വ്യക്തികൾ തമ്മിലുള്ള ബന്ധം മികച്ചതാവും. അങ്ങനെയല്ലെങ്കിൽ ആ സംഭാഷണത്തിൽനിന്ന് സംതൃപ്തി കിട്ടില്ല. അത് ബന്ധങ്ങളിലെ ആത്മാർഥതയെ ബാധിക്കും.
എട്ട്: ശ്രദ്ധയോടെ, ബഹുമാനത്തോടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക. നമുക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പേടിക്കാതെ, സാവധാനം, മാന്യമായി പറയുക.
ഒൻപത്: ഒരാളിൽ തിരുത്തേണ്ടതായി എന്തെങ്കിലും കണ്ടാൽ അത് അയാളോടുതന്നെ പറയുക, മൂന്നാമത് ഒരാളോടു പറയാതിരിക്കുക.
പത്ത്: എല്ലാവരും സ്പെഷലാണ്. നമ്മൾ മാത്രമാണ് പ്രധാനപ്പെട്ടതെന്നു കരുതരുത്. എല്ലാവരും പ്രധാനപ്പെട്ടവരാണ്. അതേസമയം, നമുക്ക് ഒരു പ്രാധാന്യവുമില്ലെന്നും കരുതരുത്. നമ്മെ കാണുന്നതുപോലെതന്നെ മറ്റുള്ളവരേയും കാണുക.
ദൈവം സ്നേഹമാണ്. എപ്പോൾ നമ്മുടെ സ്നേഹം പവിത്രമാകുന്നോ അപ്പോൾ അത് ദൈവികമാകുന്നു. സ്നേഹത്തിന്റെ പവിത്രതയാണ് യഥാര്ഥ ദൈവികത.
സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിതത്തിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു. അപ്പോൾ നമ്മുടെ ഉള്ളിലുള്ള സ്നേഹം പ്രകടമാക്കാൻ അത് സഹായകമാകും. ഒരാളോട് സംസാരിക്കുമ്പോഴോ സഹായിക്കുമ്പോഴോ അയാളുടെ കയ്യിൽനിന്ന് എന്തുകിട്ടുമെന്നു ചിന്തിക്കരുത്. ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുക. പിന്നെ അതു മറന്നുകളയുക. ഒരു അമ്മ കുഞ്ഞിനു കൊടുക്കുന്ന സ്നേഹം പോലെ, എല്ലാവരെയും ആ ഭാവത്തിൽ കാണാൻ കഴിഞ്ഞാൽ നമ്മുടെ സ്നേഹത്തിന്റെ പവിത്രത പൂർണമാകും.
ഇപ്പോൾ, എന്നോടാരെങ്കിലും മൂന്നാംലോക മഹായുദ്ധമുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം ഉണ്ട് എന്നാണ്. അതു നടന്നുകൊണ്ടിരിക്കുകയാണ്. അത് രണ്ടു രാജ്യങ്ങൾ തമ്മിലോ സമൂഹങ്ങൾ തമ്മിലോ അല്ല, നമ്മുടെ മനസ്സിലാണ്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരിക, ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കാതിരിക്കുക, എന്നിട്ട് അതിനെ ന്യായീകരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മനസ്സിലുണ്ടാകുന്ന അസ്വസ്ഥതയാണത്. ധാർമികതയിലും ആദർശങ്ങളിലും ഒത്തുതീർപ്പു നടത്തുന്ന രീതിയാണ് ആധുനിക സമൂഹത്തിന്റേത്. എന്നിട്ട് സാഹചര്യങ്ങളെ പഴി ചാരുകയോ നാടോടുമ്പോൾ നടുവേ ഓടണം തുടങ്ങിയ ന്യായങ്ങൾ പറയുകയോ ചെയ്യും. അങ്ങനെയൊക്കെ ചെയ്താലും സമാധാനമോ സംതൃപ്തിയോ നമുക്കുണ്ടാവാറില്ല. അപ്പോൾ, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാവുന്നത്. സത്യസന്ധനായൊരു വ്യക്തി നേർവഴിക്കു മാത്രം പോകുന്നയാളും അക്കാര്യത്തിൽ കർക്കശക്കാരനുമായിരിക്കും. അത്തരക്കാർക്കു ശത്രുക്കൾ കൂടിയേക്കാം, പക്ഷേ ആത്മാഭിമാനത്തോടെ അവർക്കു ജീവിക്കാം. അതുകൊണ്ട് മോശം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കട്ടെ. അഥവാ അങ്ങനെ വന്നാലും അവ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.
മഹാഋഷി ബ്രഹ്മാനന്ദ യോഗി