Take a fresh look at your lifestyle.

ഹൃദയത്തിനുള്ള പോഷണം തിരഞ്ഞെടുക്കാം

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടിയെങ്കിലും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വരവോടെ പോഷകക്ഷാമം രൂക്ഷമായി. ഫാസ്റ്റ് ഫുഡ് സംസ്കാരം പോഷകങ്ങളുടെ അഭാവം മാത്രമല്ല വരുത്തിവച്ചത്, അത് അമിതവണ്ണവും ഹൃദ്രോഗത്തിനു കാരണമാകുന്ന ഘടകങ്ങളും വർധിപ്പിക്കുകയും ചെയ്തു. ആഹാരചിട്ടയിൽ നിന്നു മാംസം ഒഴിവാക്കി, സസ്യഭുക്കായതു കൊണ്ടു മാത്രം പോഷകങ്ങൾ ലഭിക്കണമെന്നില്ല. കഴിക്കുന്ന പദാർഥങ്ങളിൽ ഹൃദയാരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കാർഡിയോളജിസ്റ്റിന് ഈ വിഷയത്തിൽ സഹായിക്കാൻ കഴിയും. ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റീഷ്യന്റെ സേവനവും തേടാം. ഹൃദ്രോഗസാധ്യതയുള്ളവർക്കും ഹൃദ്രോഗികൾക്കും ഒരുപോലെ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ അറിയാം.

സമീകൃതാഹാരം ശീലമാക്കുക
വീട്ടിലെ എല്ലാ അംഗങ്ങളും സമീകൃതാഹാരം ശീലമാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അമിതവണ്ണമുള്ളവർ തടി കുറയ്ക്കാൻ ശ്രമിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകവും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഒപ്പം വ്യായാമവും വേണം.

ബാല്യത്തിലെ കരുതൽ
കുട്ടിക്കാലത്തെ പാൽ, മുട്ട, മാംസം, പൊരിച്ച മത്സ്യം, വെണ്ണ, നെയ്യ്, വനസ്പതി, പഞ്ചസാര, ബേക്കറി സാധനങ്ങൾ എന്നിവ കൂടുതൽ ഉപയോഗിക്കുന്നത് പിന്നീട് പൊണ്ണത്തടിക്കും ഉയർന്ന കൊളസ്ട്രോൾ നിരക്കിനും ഇടയാക്കുന്നു.

ഏതാണ്ടു 150—ലേറെ കാരണങ്ങൾ കൊണ്ടു ഹൃദ്രോഗം ഉണ്ടാകുമെന്നാണു കണക്ക്. ഇവയൊക്കെ നിയന്ത്രിച്ചു ജീവിക്കുക അസാധ്യമാണ്. എന്നാൽ സാധ്യമായവ ഒഴിവാക്കാമല്ലോ. പ്രായമായവരും അമിതമായ ഊർജം, പ്രോട്ടീൻ, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണം നിയന്ത്രിക്കണം. ജീവകം എ, ബി1, ബി2, ബി3, ബി6, ബി12, ജീവകം സി, ധാതുലവണങ്ങളായ കാത്സ്യം, പൊട്ടാസിയം, മഗ്നീഷ്യം, കോബാൾട്ട്, സിങ്ക്, ഇരുമ്പംശം എന്നിവ ധാരാളം ഉള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം.

ഫ്ളേവനോയിഡുകൾ ഫൈറ്റോകെമിക്കൽസ്, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടങ്ങളായ വിവിധ നിറങ്ങളിലുള്ള—പച്ച, മഞ്ഞ, ഓറഞ്ച്, വെള്ള, റോസ്—പഴങ്ങളും പച്ചക്കറികളും ഏതാണ്ട് 750 ഗ്രാം ദൈനംദിനാഹാരത്തിൽ ഉൾപ്പെടുത്തണം. കുട്ടിക്കാലം മുതൽ ഇങ്ങനെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്കു ഹൃദയസംരക്ഷകപോഷകങ്ങൾ ഉറപ്പായും ലഭിക്കുകയും രോഗനിയന്ത്രണം സാധ്യമാവുകയും ചെയ്യും.

കുടുംബത്തിന്റെ ശ്രദ്ധ
പോഷകാഹാരചികിത്സ ഹൃദയാഘാതത്തെ നിയന്ത്രിക്കുന്നു. ഹൃദയാഘാതം ഉണ്ടായ ഒരാൾക്കു വീണ്ടും ഹൃദയാഘാതമുണ്ടാകാതിരിക്കുവാൻ കുടുംബത്തിലുള്ള എല്ലാവർക്കും പങ്കുണ്ട്. രോഗിയോടെന്നപോലെ പെരുമാറാതെ സാധാരണപോലെ, എന്നാൽ വളരെ കരുതലോടെ വേണം രോഗം വന്ന ആളോടുള്ള സമീപനം. മാനസികസംഘർഷവും ഒന്നിനും കൊള്ളാത്തവനായി എന്ന മനോഭാവവും വീട്ടുകാർ ഒഴിവാക്കിയെടുക്കണം. കുടുംബിനികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേക ശ്രദ്ധയോടെ വേണം ഭക്ഷണം തയാറാക്കാൻ.

കുടുംബാംഗങ്ങൾ രോഗിക്കും കൂടി കഴിക്കുവാൻ കഴിയുന്ന ആഹാരക്രമത്തിലേക്കു മാറണം. ആവിയിൽ വേവിച്ച ഭക്ഷണം, കൊഴുപ്പു കുറഞ്ഞ ഊർജം കുറഞ്ഞ വിഭവങ്ങൾ, മാട്ടിറച്ചി, പോത്തിറച്ചി, പൊരിച്ച മത്സ്യം, കൊഞ്ച്, ഞണ്ട് ഇവയൊക്കെ എല്ലാവരും ഭക്ഷണത്തിൽ കുറയ്ക്കണം. കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങളാണിവ. നെയ്യ്, പാൽപാട എന്നിവയും ഒഴിവാക്കണം. ചുവന്ന മാംസത്തിന്റെ അളവു കുറയ്ക്കുക.

പഴങ്ങൾ ഉത്തമം
ആപ്പിൾ, പപ്പായ, പൈനാപ്പിൾ, മാങ്ങ, മുന്തിരി എന്നീ പഴവർഗങ്ങൾ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പച്ചക്കറികളിൽ വെള്ളരിക്ക, ബ്രോക്കോളി, തക്കാളി, ഇലക്കറികൾ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇരുണ്ട നിറമുള്ളതും അധികം വേവിക്കാത്തതും പഴക്കമില്ലാത്തതുമായ പച്ചക്കറികൾ ഉപയോഗിക്കാം. ഉദാഹരണത്തിനു ഡ്രൈ ഫ്രൂട്ട്സ് ശരീരത്തിനു ഗുണകരമാണ്. പച്ചക്കറികളിലുള്ള കരോട്ടിനോയിഡുകളും ഫ്ളേവനോയിഡുകളും ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നു. എന്നാൽ കാബേജ്, കോളിഫ്ളവർ, റാഡിഷ് തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവു കൂട്ടുമെന്നതിനാൽ അവ തീർച്ചയായും ഒഴിവാക്കുക.

ധാന്യങ്ങളിലെ നാരുകൾ
ധാന്യങ്ങളിൽ റാഗി, ഗോതമ്പ്, ഓട്സ്, അരി എന്നിവ ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയ്ക്കു നüല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു. പയർ വർഗങ്ങളിൽ മുളപ്പിച്ചവയും പരിപ്പുകളും ചെറുപയർ, കടല, ഉഴുന്ന്, നിലക്കടല എന്നിവയും ഉത്തമമാണ്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന നിയാസിൻ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. കൂണും ഗുണകരമാണ്.

കൊഴുപ്പു കുറഞ്ഞ പാൽ ഹൃദ്രോഗികൾക്കു കുടിക്കാം. മോരും നല്ലതാണ്. ഇവ കാത്സ്യത്തിനാൽ സമൃദ്ധമാണ്. അതേസമയം കൊഴുപ്പു കൂടിയ പാൽ, തൈര്, നെയ്യ്, വെണ്ണ എന്നിവയുടെ നിരന്തര ഉപയോഗവും കുറയ്ക്കുക. കാരണം ഇവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

പാനീയങ്ങൾ അറിയാം
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴച്ചാറുകൾ. കരിക്കിൻ വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവ മികച്ച പാനീയങ്ങളാണ്. അതേസമയം മദ്യം, കോള, ടിന്നിലടച്ച പാനീയങ്ങൾ ഒഴിവാക്കണം. ചുവന്ന വൈൻ പോലുള്ള പാനീയങ്ങൾ മിതമായി കഴിക്കാവുന്നതാണ്.

മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ—3 ഫാറ്റി അമ്ലങ്ങൾ അപകടകാരികളായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നു. ഒപ്പം എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നു. അതുകൊണ്ടു പതിവായി മീൻ കഴിക്കുക. ഒരാഴ്ചയിൽ കുറഞ്ഞത് 200 ഗ്രാം മത്സ്യമെങ്കിലും കഴിക്കാൻ ശ്രമിക്കുക. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ഏറ്റവും നന്ന്. പക്ഷേ, പൊരിച്ചത് ഒഴിവാക്കുക.

മീനെണ്ണയും ഗുണകരമാണ്. മീനെണ്ണ കഴിക്കുന്നവരിൽ ഹൃദയാഘാതത്തിനു ശേഷമുള്ള മരണസാധ്യത, ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 29 ശതമാനം കുറയ്ക്കാൻ കഴിയുമെന്നു ബ്രിട്ടനിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. പക്ഷേ, ചെമ്മീൻ, കൊഞ്ച്, ഞണ്ട്, കണവ എന്നിവ ഹൃദയത്തിനു ദോഷകരമാണ്.

ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം വളരെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, സൾഫർ, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു വച്ചു സിറപ്പാക്കി ദിവസവും കഴിച്ചാൽ ഹൃദയാഘാത സാധ്യത 40 ശതമാനം കുറയുമെന്നു പഠനങ്ങൾ പറയുന്നു.

ഇവ ഒഴിവാക്കുക
കേക്ക്, പേസ്ട്രി, നാൻ, റൂമാലി, റൊട്ടി, ന്യൂഡിൽസ് എന്നിവ കൊളസ്
ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാൽ ഇവ സ്നാക്കുകളായി കഴിക്കുന്നത് ഒഴിവാക്കുക. ഹൽവ, ചോക്ലേറ്റ്, എസ്ക്രെീം, ജിലേബി, ലഡു എന്നിവയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. ഉപ്പിലിട്ടവയും അച്ചാറുകളും രക്തസമ്മർദം വർധിപ്പിക്കുന്നു. അവ ഒഴിവാക്കുക തന്നെ വേണം.

Leave A Reply

Your email address will not be published.