കേരളത്തനിമയുടെ ഭംഗി നിറയുന്ന തറവാട്!
അപ്പനുമമ്മയും വിദേശത്ത്. മക്കൾ പഠനാവശ്യങ്ങൾക്ക് വീടുവിട്ടു നിൽക്കുന്നു. നാട്ടിൽ വീടുപണിയാൻ തീരുമാനിച്ചപ്പോൾ തോമസ് മാത്യു ആദ്യം ചെയ്തത് ‘നമ്മുടെ വീട്’ എന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. അതിലൂടെയാണ് വീടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പണിയുടെ അനുദിന പുരോഗതിയുമെല്ലാം പങ്കുവച്ചിരുന്നത്. എന്നാൽ വീടിന്റെ ഡിസൈനിന്റെ കാര്യത്തിൽ ആധുനികതയെ പടിക്കു പുറത്തു നിർത്തി തോമസിന്റെ ഗൃഹാതുരത വിജയിച്ചു. 56 സെന്റിൽ, തന്റെ പഴയ തറവാടിന്റെ രൂപവും ഭാവവും പേറുന്ന നാല് കിടപ്പുമുറികളുള്ള വീടാണ് തോമസ് പണിതത്. അകത്തളത്തിൽ ആധുനികതയ്ക്ക് ഇടം നൽകി. ട്രഡീഷനൽ ശൈലിയിലുള്ള വീടുകൾ പുതിയ കാലത്തിനിണങ്ങുന്ന രീതിയിൽ എങ്ങനെ പണിയാം എന്നതിന് ഉദാഹരണമാണ് ഈ വീട്.
വരാന്ത

പരമ്പരാഗത വീടുകളുടെ അവിഭാജ്യ ഘടകമാണ് വരാന്ത. വരാന്തയോടു ചേർന്ന് ചാരുപടിയുള്ള പൂമുഖമുണ്ട്. തൂവാനവും വീടിന് പഴമയുടെ പ്രൗഢിയേകുന്നുണ്ട്. വരാന്തയുടെ മുന്നിലും വീടിന്റെ വലതു വശത്തുമായി രണ്ട് കാർപോർച്ചുകളുണ്ട്. കേരളീയ വാസ്തുകലയുടെ ചിഹ്നങ്ങളായ ഉരുളൻ തൂണുകളാണ് പോർച്ചിലും വരാന്തയിലും. പൂമുഖത്ത് റാന്തൽ വിളക്കുകൾ കാണാം. ആന്റിക് ഫിനിഷുള്ള ലാംപ്ഷേഡുകളാണ് നൽകിയിട്ടുള്ളത്.
അറയും നിരയും
വരാന്തയിൽ അറയുടെയും നിരയുടെയും മാതൃകയിൽ പാനലിങ് ചെയ്തു. പാരമ്പര്യത്തനിമയ്ക്ക് ഇണങ്ങുംവിധം ആന്റിക് കൈപ്പിടിയുള്ള ഇരട്ടപ്പാളി വാതിലാണ് നൽകിയത്. മച്ചും നൽകിയിട്ടുണ്ട്. ജനലുകളും വാതിലുകളും പാനലിങ്ങും മച്ചുമെല്ലാം തേക്കിൻതടികൊണ്ടാണ്. കൂപ്പിൽനിന്ന് വാങ്ങിയതും പറമ്പിലുണ്ടായിരുന്നതുമായ തേക്ക് ഇതിനുപയോഗിച്ചു. തറയിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്വീകരണമുറി

ഇന്റീരിയറിൽ ആധുനികതയും പാരമ്പര്യവും സമാസമം സമ്മേളിക്കുന്നു. മഹാഗണിയുടെ തടി കൊണ്ടു പണിത ഫർണിച്ചറിന് ഈട്ടിയുടെ ഫിനിഷ് നൽകി. ആട്ടുകട്ടിലിനും സ്ഥാനം നൽകിയിട്ടുണ്ട്.
ഫാമിലി റൂം

തടികൊണ്ടുള്ള തറ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുമോ എന്ന സംശയമുള്ളതിനാൽ വുഡൻ പ്ലാങ്ക് ടൈല് ആണ് ഫാമിലി ലിവിങ്ങിന്റെ തറയിൽ പാകിയിട്ടുള്ളത്. സ്വീകരണമുറിയെയും ഫാമിലി റൂമിനെയും വേർതിരിക്കുന്ന ഓപനിങ്ങിൽ തടികൊണ്ട് പാനലിങ് ചെയ്തു. പക്ഷേ, ആധുനിക ഛായയേകാൻ ഓപനിങ്ങിന് ചതുരാകൃതി നൽകി.
ചാരുപടി

പരമ്പരാഗത വാസ്തുകലയുടെ അടയാളമായാണ് ചാരുപടിയെ കണക്കാക്കുന്നത്. പൂമുഖത്തും മുകളിലെ ബാൽക്കണിയിലും തേക്കിൻതടികൊണ്ടുള്ള ചാരുപടിയുടെ ചാരുതയ്ക്ക് ഇടം നൽകിയിട്ടുണ്ട്.
മുഖപ്പ്

ട്രഡീഷനൽ വീടുകളുടെ മുഖമുദ്രയായ മുഖപ്പുകൾ ഇവിടെ കാണാം. ഒട്ടേറെ കൂരകളും അതിലുള്ള മുഖപ്പുകളും വീടിന് മലയാളത്തനിമ വേണമെന്ന ആഗ്രഹത്തോടെ തന്നെ നല്കിയതാണ്. മേൽക്കൂര നിരപ്പാക്കി വാർത്ത് സ്റ്റീല് ട്രസ് ഇട്ട് ഓട് പാകിയിരിക്കുന്നു. വാട്ടർ ടാങ്കും മുകളിൽ ട്രസ് ഇട്ട് എലിവേഷന്റെ ഭാഗമാക്കി മാറ്റി.
ആന്റിക് ഫർണിച്ചർ
തറവാട്ടിലുണ്ടായിരുന്ന പഴയ അരിപ്പെട്ടി പുതിയ വീട്ടിൽ ടീപോയ് ആയി. ആന്റിക് ഫർണിച്ചറിന്റെ ഭംഗി കൂട്ടാൻ കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കിണ്ടിയും പറയും സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്റ്റെയിൻഡ് ഗ്ലാസ്

മേൽക്കൂരയിൽ സ്റ്റെയിൻഡ് ഗ്ലാസ് നൽകിയിട്ടുണ്ട്. വീട്ടിനുള്ളിൽ വെളിച്ചം നിറയ്ക്കാനുള്ള വഴിയാണിത്. പഴയ വീടുകളിലെ ജനാലകളിൽ നിറമുള്ള കണ്ണാടികൾ നൽകുമായിരുന്നതിന്റെ ഓർമയുണർത്തുന്നു ഇത്.