Take a fresh look at your lifestyle.

രക്ഷകനായി ക്യാപ്റ്റൻ കെയ്ൻ

Fifa World Cup 2018

ടുണീഷ്യക്കെതിരെ രണ്ട് ഗോളുകൾ നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ഇഞ്ചുറി ടൈമിൽ ആയിരുന്നു ടുണീഷ്യയെ നിരാശയിലാഴ്ത്തിയ ഗോൾ പിറന്നത്. മത്സരം 2-1 ന്‌ ജയിച്ച ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ ആണ്‌ രണ്ടുഗോളുകളും നേടിയത്.

കളിയുടെ തുടക്കത്തിൽ തന്നെ ടുണീഷ്യക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് തുടങ്ങിയത്. ലിംഗാർഡും, സ്റ്റെർലിങ്ങും കെയ്നും നടത്തിയ ആക്രമണത്തിന്‌ വിങ്ങുകളിൽ നിന്നും ട്രിപ്പിയറും, മധ്യനിരയിൽ നിന്നും ഹെന്റേർസണും മികച്ച പിന്തുണ നല്കി. ടുണീഷ്യൻ പ്രതിരോധത്തിന്റെ പാകപ്പിഴകൾ കണ്ടെത്തി നല്കിയ അളന്നുമുറിച്ച ത്രൂപാസ്സുകളും, ലോങ്ങ് ബോളുകളും നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചു. മൂന്നം മിനുറ്റിൽ ലിങ്ങാർഡിന്റെ ഷോട്ട് ഗോൾവലയെ തൊട്ടുരുമ്മി പുറത്തേക്കുപോയി. പിന്നീട് ലിങ്കാർഡ് മറിച്ചു നല്കിയ പാസ്സ് സ്റ്റെർലിങ്ങ് പുറത്തേക്കടിച്ചു കളഞ്ഞു. ഫിനിഷിങ്ങിലെ പോരായ്മകൾ മാത്രമായിരുന്നു ഗോൾ നേടാൻ വിനയായത്. ആക്രമണങ്ങൾക്ക് ഫലം കണ്ടത് 11 മിനുട്ടുകൾക്ക് ശേഷം. ആഷ്‌ലി യങ്ങിന്റെ കോർണറിനു തലവെച്ച് സ്റ്റോൺസിന്റെ മികച്ച ഒരു ഹെഡ്ഡർ ടുണീഷ്യൻ ഗോളി തട്ടിയിട്ടു. റീബൗണ്ട് നേരെ കെയ്നിന്റെ അടുത്തേക്ക്. പിഴവുകളില്ലാതെ കെയ്ൻ അത് അടിച്ചുകേറ്റി. ഇംഗ്ലണ്ട് ഒരു ഗോളിന്‌ മുന്നിൽ. വീണ്ടും ടുണീഷ്യൻ ഗോൾവല കുലുക്കുമെന്ന് പ്രതീക്ഷിച്ചു. ലിങ്കാർഡിനു കിട്ടിയ ഒരു മികച്ച അവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കളിക്കളത്തിലെ ഒത്തൊരുമയും പന്തടക്കവും വേഗതയും കൊണ്ട് ഇംഗ്ലണ്ട് നിറഞ്ഞുനിന്നു. എന്നൽ പതിനാല്‌ മിനുറ്റുകൾക്ക് ശേഷം ഇംഗ്ലണ്ടിറ്റെ തേടി ദുരന്തമെത്തി. കൈൽ വാൾക്കർ ബോക്സിനകത്തുവച്ച് ബെൻ യൂസഫിനെ കൈ കൊണ്ട് മുഖത്തടിച്ച് വീഴ്ത്തി. വീഡിയോ പരിശോധനയിൽ ഫൗൾ ആണെന്ന് തീരുമാനം വരികയും റഫറി പെനാല്റ്റി വിധിക്കുകയും ചെയ്തു. ടുണീഷ്യക്ക് വേണ്ടി സാസി പിഴവുകളൊന്നും കൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. മത്സരം 1-1 ന്‌ സമനിലയിൽ. രണ്ടാം പകുതിയിലും അവസരങ്ങൾ ഏറെ കളഞ്ഞ് ഇംഗ്ലണ്ട് സമനില വഴങ്ങുമെന്ന് തോന്നിച്ചു. പകരക്കാരായി റാഷ്ഫോർഡും, ലോഫ്റ്റസ് ചീക്കും ഇറങ്ങി. മത്സരം അതിന്റെ പരിസമാപ്തിയിലേക്ക്. അവസാനപ്രതീക്ഷയെന്നോണം വീണുകിട്ടിയ കോർണർ കിക്ക് ട്രിപ്പിയർ അതിമനോഹരമായി ബോക്സിലേക്ക് ക്രോസ്സ് ചെയ്തിട്ടു. മഗ്വയർ അത്‌ ഹെഡ്ഡ് ചെയ്ത് കെയിനിലേക്ക്, കെയ്ന്റെ അളന്നുമുറിച്ച ഹെഡ്ഡർ ടുണീഷ്യൻ ഗോളീയെ മറികടന്ന് വലയിൽ പതിച്ചു. അവസാനനിമിഷവും പതറാതെ നിന്ന ക്യാപ്റ്റൻ കെയ്ൻ അവസരം മുതലാക്കിയപ്പോൾ ഇംഗ്ലണ്ടിനു അർഹമായ വിജയം നേടാനായി.ഒറ്റയാൾ പോരാട്ടത്തിനേക്കാളുപരി ഒരുമിച്ച് നിന്ന് പോരാടിയാണ്‌ സൗത്ത്ഗേറ്റിന്റെ ഈ യുവനിര 2-1 ന്‌ വിജയം കൈക്കലാക്കുന്നത്. ടീമിലെ ഓരോ താരത്തിനും അവകാശപെട്ടതാണ്‌ ഈ വിജയം.

ഇതേ ഊർജ്ജത്തോടെ ഇംഗ്ലണ്ട് ടീം ഇനിയും മുന്നോട്ട് പോകുമെന്ന് തീർച്ച. ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ടീമായ ബെൽജിയം ആയിട്ടുള്ള മത്സരം തീപാറും. പനാമയുമായുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്‌ ഈ ചുവന്ന ചെകുത്താന്മാർ വിജയിച്ചത്. ബെൽജിയത്തിനു വേണ്ടി റൊമേലു ലുക്കാക്കു രണ്ട് തവണ ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ ആദ്യറൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. വാശിയേറിയ രണ്ടാം റൗണ്ട് മത്സരങ്ങൾക്കായി കാത്തിരിക്കാം.

Leave A Reply

Your email address will not be published.