Take a fresh look at your lifestyle.

ചാമ്പ്യന്മാരെ വീഴ്ത്തി മെക്സിക്കോ

Fifa Wolrd Cup 2018

ലോകചാമ്പ്യന്മാരെ ഒരു ഗോളിന്‌ തോല്പ്പിച്ച് മോസ്കോയിൽ മെക്സിക്കൻ തിരമാല ആഞ്ഞടിച്ചു. യുവതാരം ലൊസാനോ നേടിയ ഗോളിന്‌ പകരം വീട്ടാൻ കഴിയാതെ ജർമ്മനി നാണം കെട്ടു.കഴിഞ്ഞ ലോകകപ്പിലെ സ്പെയിനിന്റെ ചരിത്രം ആവർത്തിക്കുകയായിരുന്നു ഇന്നലെ. ഏറെ കാലത്തിനു ശേഷമാണ്‌ ജർമ്മനി തങ്ങളുടെ ആദ്യമത്സത്തിൽ തോല്ക്കുന്നത്.

കളിയുടെ തുടക്കത്തിൽ തന്നെ, ജർമ്മനി മെക്സിക്കൻ ഗോൾപോസ്റ്റിലേക്ക് ഇരച്ചുകയറി. വലത് വിങ്ങ്ബാക്ക് കിമ്മിച്ച്, പ്രതിരോധം മറന്ന് ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്നു. വെർണറിന്‌ നല്കിയ ഒരു മികച്ച ത്രൂ ബോൾ അദ്ദേഹം ഷൂട്ട് ചെയ്തെങ്കിലും പുറത്തേക്ക് പോയി. ജർമ്മൻ പ്രതിരോധത്തിന്‌ കാവലായി, ബൊവാട്ടങ്ങും ന്യൂയറും മാത്രം. ഇതു മുതലെടുത്ത് മെക്സിക്കോ നടത്തിയ നിരവധി പ്രത്യാക്രമണങ്ങൾ ജർമ്മനിയെ വിറപ്പിചെങ്കിലും, തന്ത്രങ്ങൾ ഒട്ടും മാറ്റാതെ ജർമ്മനി മെക്സിക്കൻ ഗോൾപോസ്റ്റിൽ അപകടം നിറച്ചു. ഫലം കാണാതെ പോയ നിരവധി ആക്രമണങ്ങൾക്ക് ഒടുവിൽ, ജർമ്മൻ ബോക്സിലേക്ക് പന്തുമായി മുന്നേറിയ ജാവിയർ ഹെർണാണ്ടസ് ഇടത് വിങ്ങിൽ കിമ്മിച്ചിന്റെ അസാന്നിദ്ധ്യത്തിൽ സ്വതന്ത്രനായി നിന്ന ലൊസാനോക്ക് പന്ത് മറിച്ചു. തടയാൻ ഓസിൽ ഓടിയടുത്തപ്പോഴേക്കും, മികച്ച പന്തടുക്കത്തോടെ ഈ യുവതാരം മറികടന്നു. ഒട്ടും വൈകിക്കാതെ തന്നെ ജർമ്മൻ ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചു. മാന്വൽ നോയറിനെ മറികടന്ന് വല കുലുക്കി.കളി തുടങ്ങി മുപ്പത്തിയഞ്ചാം മിനുട്ടിൽ മെക്സിക്കോയ്ക്ക് 1-0 ന്റെ വ്യക്തമായ ലീഡ്.ഈ ലോകകപ്പിന്റെ മിന്നും താരമാവും എന്ന് വിശേഷിപ്പിച്ചിരുന്ന ഹിർവിങ്ങ് ‘ചുക്കി’ ലൊസാനോ എന്ന ഈ 22കാരൻ നേടിയ ഈ ഗോൾ മെക്സിക്കൻ പ്രാന്ത പ്രദേശങ്ങളിൽ നേരിയ ഭൂകമ്പം സൃഷ്ടിച്ചു എന്നാണ്‌ റിപ്പോർട്ടുകൾ. രണ്ടാം പകുതിയിൽ ജയത്തിനായി പ്രതിരോധത്തിലൂന്നി മെക്സിക്കോ പതിയെ ആണ്‌ തുടങ്ങിയത്. എന്നാൽ ജർമ്മൻ പട ഗോൾ നേടാനായി ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ജൂലിയൻ ഡ്രാക്സ്ളറുടെ മികച്ച ഒരു ഷോട്ട്, ലക്ഷ്യം കാണാതെ പോയി. മെക്സിക്കൻ ഗോൾകീപ്പർ ഗുളിർമോ ഒചോവ ആണ്‌ രണ്ടാം പകുതിയിലെ താരം. ജർമ്മനി ഉതിർത്ത ഒമ്പത് തകർപ്പൻ ഷോട്ടുകളാണ്‌ ഒചോവ തടുത്തിട്ടത്. ഒരു ലോകകപ്പിൽ ഇത്രയും സേവുകൾ ചെയ്യുന്ന ആദ്യതാരമായി ഒചോവ. പതിനാലു തവണയാണ്‌ ജർമ്മനി മെക്സിക്കൻ ഗോൾവല ലക്ഷ്യമാക്കി ഷോട്ടുകൾ ഉതിർത്തത്. ഇതിൽ രണ്ട് തവണ പോസ്റ്റിൽ തട്ടി തെറിച്ചു. നിർഭാഗ്യം കൂടെയായിരുന്നു ജർമ്മനിയുടെ എതിരാളി. ഒടുവിൽ ഒരു ഗോളിന്‌ മെക്സിക്കൻ പടയുടെ മുന്നിൽ മുട്ടിമടക്കി ജോക്കിം ലോയുടെ ചുണക്കുട്ടികൾ മടങ്ങി. ഈ ലോകകപ്പിലെ ആദ്യത്തെ അട്ടിമറി. ഇനി ഈ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം കടുത്തതായിരിക്കും. സ്വീഡനും സൗത്ത് കൊറിയയും കൂടെ പോരാട്ടവീര്യം കാണിച്ചാൽ ജർമ്മനി ചാമ്പ്യന്മാരായി വന്ന് ആദ്യറൗണ്ടിൽ പുറത്താവുകയെന്ന കഴിഞ്ഞ രണ്ട് ലോകകപ്പിന്റെ ചരിത്രം ആവർത്തിക്കും.

മെക്സിക്കോയുടെ ഈ ജയത്തോടെ ലോകകപ്പ് ആവേശകരമാവുകയാണ്‌. വലിയ ടീമുകൾ ഇനിയും വീഴാം. ആവേശത്തോടെ ഇനിയുള്ള ഓരോ മത്സങ്ങളും വീക്ഷിക്കാം.  

Leave A Reply

Your email address will not be published.